'ലാലേട്ടൻ അന്നുണ്ടായിരുന്നത് സന്യാസത്തിന്റെ ലെവലിൽ, ആ മമ്മൂക്ക സിനിമ ഞാനൊരിക്കലും കാണില്ല'; ഹരീഷ് പേരടി
മലയാളികളുടെ പ്രിയ താരമാണ് ഹരീഷ് പേരടി. ഒരു നടൻ എന്നതിലുപരി സാമൂഹ്യ വിഷയങ്ങളിൽ ഉൾപ്പെടെ തന്റെ കൃത്യമായ നിലപാട് പ്രകടമാക്കുന്ന വ്യക്തി കൂടിയാണ് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ നിലപാടുകൾക്കും ആരാധകർ ഏറെയാണ്. സെൻസിറ്റീവ് വിഷയങ്ങളിൽ പോലും യാതൊരു മടിയും കൂടാതെ പ്രതികരിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. ഇപ്പോൾ മലയാളത്തിന് പുറമേ അന്യഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം സജീവമാണ്.
വെട്രി നായകനായ ബംപർ എന്ന ചിത്രത്തിന്റെ അഭിമുഖത്തിനിടെ ഹരീഷ് പേരടി മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിനൊപ്പം മരക്കാർ, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളും മമ്മൂട്ടിക്കൊപ്പം വർഷം പോലെയുള്ള സിനിമകളും ചെയ്‌ത താരമാണ് ഹരീഷ് പേരടി.

മോഹൻലാൽ എന്ന വ്യക്തി ശരിക്കും സന്യാസത്തിന്റെ ലെവലിൽ പോലും എത്തിയതായി തോന്നിയിട്ടുണ്ടെന്ന് ഹരീഷ് പേരടി പറയുന്നു. പുറത്ത് അത്രയും വിഷയങ്ങൾ നടക്കുമ്പോഴും അദ്ദേഹം വളരെ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അത് താൻ മാറി നിന്ന് നിരീക്ഷിച്ചിട്ടുണ്ടെന്നും ഹരീഷ് പേരടി പറയുന്നു.
'ലാലേട്ടൻ അങ്ങനെ അധികം നേരം റിഹേഴ്‌സൽ ചെയ്യുന്നൊരു കൂട്ടത്തിൽ അല്ല. ഒറ്റയടിക്ക് വായിക്കും അതിൽ തന്നെ വളരെ സൂക്ഷ്‌മമായ കാര്യങ്ങൾ ചെറിയ സമയത്തിനുള്ളിൽ ഉൾക്കൊള്ളുകയും അതിനെ ചില ശരീര ഭാഷകളിലൂടെയും ചലനങ്ങളിലൂടെയും ഒക്കെ ചെയ്യുന്നത് കിട്ടുന്ന അവസരങ്ങളിൽ ഒക്കെ ഞാൻ നോക്കി നിൽക്കാറുണ്ട്' ഹരീഷ് പേരടി പറഞ്ഞു.
'വാലിബൻ ഷൂട്ട് സമയത്ത് ഞങ്ങൾ ഒന്നിച്ച് ഒരുപാട് കാലമുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചൊരു കാര്യം, ചില സമയത്ത് ലാലേട്ടൻ മറുപടി പറയേണ്ടതായ ചില വിഷയങ്ങൾ ഉണ്ടാവും പുറത്ത് നടക്കുന്നു. വാർത്താ മാധ്യമങ്ങളിൽ ഒക്കെ വലിയ ചർച്ച നടക്കുന്നുണ്ടാവും. ഞാൻ ഇങ്ങനെ നോക്കും ഇന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം എങ്ങനെ ആയിരിക്കും എന്ന്' ഹരീഷ് പേരടി പറഞ്ഞു.
'അദ്ദേഹത്തോട് പറയാതെ ഞാൻ ഇങ്ങനെ നോക്കി നിൽക്കാറുണ്ട്. വല്ലാത്തൊരു സന്യാസത്തിന്റെ ലൈൻ പോലെയാണ് എനിക്ക് തോന്നുന്നത്. വളരെ പക്വതയോടെ അദ്ദേഹം ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. രണ്ടും രണ്ടായിട്ട് കാണാൻ അദ്ദേഹത്തിന് അറിയാം. ഓരോന്നിനോടും ഓരോ രീതിയിൽ നിൽക്കാനും അദ്ദേഹത്തിന് അറിയാം' ഹരീഷ് പേരാടി ചൂണ്ടിക്കാട്ടി.
'റിവ്യൂ ഒരിക്കലും മോശമെന്ന് പറയാൻ കഴിയില്ല. സാങ്കേതിക വിദ്യ കൂടുതൽ വികസിച്ചതോടെ എല്ലാവർക്കും എല്ലാം കിട്ടി തുടങ്ങി. പഴയ കാലത്തേത് പോലെയല്ല ഇപ്പോൾ എന്ന് പറഞ്ഞ് ഒന്നിനെയും തള്ളിക്കളയാൻ കഴിയില്ല. റിവ്യൂ ഒരു തരത്തിൽ നല്ലതാണ്. ഇല്ലെങ്കിൽ നമ്മൾ തന്നെ നമ്മുടെ സിനിമ നല്ലതാണെന്ന് പറഞ്ഞ് ഇരിക്കേണ്ടി വരും' അദ്ദേഹം നിലപാട് വ്യക്തമാക്കി.
'ചെറിയ വയസിൽ തന്നെ സിനിമ കാണാൻ തുടങ്ങിയിരുന്നു. എഴുന്നേറ്റ് പോവണം എന്ന് തോന്നിയ സിനിമകളുണ്ട്, അതൊരിക്കലും സിനിമ ഇഷ്‌ടമാവാതിരുന്നിട്ടല്ല. ഇനി ആ സീൻ കാണാൻ പറ്റില്ലെന്ന് തോന്നിയ സിനിമയാണ് കാഴ്‌ച. എന്ന വല്ലാതെ സ്വാധീനിച്ചോരു സിനിമയാണ് അത്. പഴയ പദ്‌മരാജൻ സിനിമകൾ, കെജി ജോർജ് സിനിമകൾ ഒക്കെ സ്വാധീനിച്ചിട്ടുണ്ട്.' ഹരീഷ് പേരടി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications