'അതൊരു വലിയ സിനിമയാണ്, മലയാളത്തിലെ ഏറ്റവും ചെലവേറിയത്'; പൃഥ്വിയുടെ എംപുരാനെ കുറിച്ച് ഇന്ദ്രജിത്
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സിനിമയാണ് സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ.കളക്ഷൻ റെക്കോർഡുകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കുക മാത്രമല്ല, പാൻ ഇന്ത്യൻ റിലീസ് അല്ലാതിരുന്നിട്ട് കൂടി ഇന്ത്യയൊട്ടാകെ ആ സിനിമയുടെ ഖ്യാതി വളർന്നിരുന്നു. പിന്നീട് ചിരഞ്ജീവി നായകനായി തെലുഗിൽ ഗോഡ്‌ഫാദർ എന്ന പേരിൽ ചിത്രം റീമേക്ക് ചെയ്യുകയുമുണ്ടായി.
എന്നാൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എംപുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ഇപ്പോൾ. വാലിബന് ശേഷം എംപുരാന്റെ ഷൂട്ടിങ്ങിനായി താൻ അമേരിക്കയിലേക്ക് പോകുകയാണ് എന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സഹോദരന്റെ സിനിമയായ എംപുരാനിൽ അഭിനയിക്കുന്നതിനെ കുറിച്ചും, ഈ സിനിമയുടെ മറ്റ് വിശേഷങ്ങളെ കുറിച്ചും പറയുകയാണ് നടൻ ഇന്ദ്രജിത്.

'എംപുരാൻ വലിയ ഒരു സിനിമയാണ്. ലൂസിഫറിനെക്കാളും സ്കെയിൽ ഉള്ള സിനിമയാണ് ഇത്. ഒരുപാട് ലൊക്കേഷനുകൾ ഉള്ള സിനിമയാണ്. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ട് ചെയ്യുന്നുണ്ട്. പ്രൊഡക്ഷൻ വൈസ് നോക്കുമ്പോൾ ഏറ്റവും അധികം കോസ്‌റ്റ് വരാൻ പോകുന്ന സിനിമ ആയിരിക്കും എമ്പുരാൻ. കാരണം അത്രയും രാജ്യങ്ങളിൽ ആണ് ഇതിന്റെ ഷൂട്ടിംഗ് നടക്കുന്നത്.' എംപുരാൻ എന്ന ചിത്രത്തിന്റെ നിർമ്മാണ ചെലവിനെ കുറിച്ച് താരം പറയുന്നു.
'അതുകൊണ്ട് തന്നെ ഒരു പ്ലാനിങ് നടത്താനോ കൃത്യമായ ഒരു ബജറ്റ് ഇടാനോ പറ്റുന്ന ഒരു സിനിമ അല്ലയിത്. ഒരു രാജ്യത്ത് പത്തുദിവസം, മറ്റൊരു രാജ്യത്ത് പത്തുദിവസം എന്നിങ്ങനെ ഒക്കെ പ്ലാൻ ചെയ്യാനോ ഇതൊക്കെ ഉദ്ദേശിക്കുന്ന സമയത്തിനുള്ളിൽ തീരുമോ, അല്ലെങ്കിൽ അവിചാരിതമായി എന്തെങ്കിലും തടസങ്ങൾ ഉണ്ടാവുമോ പോലെയുള്ള ഒരുപാട് ചോദ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്' ഇന്ദ്രജിത് പറയുന്നു.
'ഇതുവരെ ഇന്ത്യയിലെ ഒരു ഷെഡ്യൂളും യുകെയിലെ ഒരു ഷെഡ്യൂളും കഴിഞ്ഞു. അമേരിക്കയിൽ അടുത്ത ആഴ്‌ച പുതിയ ഷെഡ്യൂൾ തുടങ്ങുകയാണ്. അമേരിക്കയിലെ ഷെഡ്യൂളിലാണ് ഞാൻ ജോയിൻ ചെയ്യുന്നത്. അടുത്ത ഒരു ആറുമാസത്തോളം ഷെഡ്യൂൾ തിരിച്ച് ഈ സിനിമയുടെ ഷൂട്ടിങ് ഉണ്ടാവും. എപ്പോഴാണ് റിലീസ് എന്നോ മറ്റുകാര്യങ്ങളോ അറിയില്ല. തീർച്ചയായും പറയാൻ പറ്റുന്ന ഒരുകാര്യം സ്കെയിൽ വെച്ച് നോക്കിയാൽ മലയാള സിനിമയിലെ ഏറ്റവും വലിയ ഒരു സിനിമ ആയിരിക്കും എംപുരാൻ എന്നെനിക്ക് തോന്നുന്നു.' താരം മനസ് തുറന്നു.
സഹോദരൻ പൃഥ്വിയെ കുറിച്ചും ഇന്ദ്രജിത് സംസാരിച്ചു. 'പൃഥ്വി ഇപ്പോഴും ഒരുപാട് പുസ്‌തകങ്ങൾ വായിക്കും. ഒരു സമയം കഴിയുമ്പോൾ സിനിമ നമ്മളെ കൈപിടിച്ച് കൊണ്ടുപോകും. പൃഥ്വി ബാക്ക് ടു ബാക്ക് നിരവധി സിനിമകൾ ചെയ്‌തിരുന്നു. അത്രയും ജോലി ഉള്ളതുകൊണ്ട് ആ ഫ്ലോയിൽ അതിനോടൊപ്പം സഞ്ചരിക്കുക എന്നതാണ് ഒരു നടനെ സംബന്ധിച്ച് ചെയ്യാനുള്ളത്. ഞാനും ഡയറക്‌ടോറിയൽ മനസിലുള്ള ആളാണ്. ഉടനെ അതും സംഭവിക്കും' ഇന്ദ്രജിത് കൂട്ടിച്ചേർത്തു.
അടുത്തിടെ തിയേറ്ററുകളിൽ എത്തിയ 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന ചിത്രമായിരുന്നു ഇന്ദ്രജിത്തിന്റെ അവസാന ചിത്രം. പ്രമുഖ താരങ്ങളായ ശ്രുതി രാമചന്ദ്രൻ, സർജനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരാണ് ഇതിൽ പ്രധാന വേഷത്തിൽ എത്തിയത്. അരുൺ ബോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.












Click it and Unblock the Notifications