കുടുംബ ഫോട്ടോകൾ എല്ലാം നീക്കി, പിന്നാലെ വിവാഹമോചന വാർത്ത; മറുപടിയുമായി ജയം രവിയുടെ ഭാര്യ ആർതി
തമിഴ് സിനിമയിലെ താരങ്ങളിൽ ശ്രദ്ധേയനാണ് ജയം രവി. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ജന മനസുകളിൽ ഇടം നേടിയ താരത്തിന്റെ കുടുംബ ജീവിതവും തുറന്നിട്ട പുസ്‌തകം പോലെയാണ്. നിര്‍മാതാവ് സുജാത വിജയകുമാറിന്റെ മകള്‍ ആര്‍തിയാണ് ജയം രവിയുടെ ഭാര്യ. ഇരുവരും ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഒരുമിച്ചത്.
എന്നാൽ ഇരുവരുടെയും വിവാഹ മോചന വാർത്തകളാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ജയം രവിയുടെ ഭാര്യ ആർതി തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഇരുവരും ഒരുമിച്ചുള്ളതും കുടുംബവുമായുള്ളതും ഫോട്ടോകൾ നീക്കം ചെയ്‌തതോടെയാണ് ഗോസിപ്പുകൾ പല വഴിക്ക് പരന്നത്.

നേരത്തെ തന്നെ ജയം രവി-ആർതി ബന്ധം ആരാധകർ അസൂയയോടെ നോക്കി കണ്ട ഒന്നായിരുന്നു. പ്രത്യേകിച്ച താരം തന്റെ അഭിമുഖങ്ങളിലും മറ്റ് വേളകളിലും ഭാര്യയെ കുറിച്ചുള്ള കാര്യങ്ങൾ നിരന്തരം തുറന്നു സംസാരിക്കുന്ന ആളായിരുന്നു. കൂടാതെ സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ താരത്തിന് ഒപ്പം ഭാര്യയും പങ്കെടുക്കാറുമുണ്ട്.
ഇപ്പോഴിതാ ആര്‍തിയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാണ് വൈറലാവുന്നത്. വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കുള്ള ആര്‍തിയുടെ മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ജയം രവി നായകനായ ആദ്യ ചിത്രം ജയത്തിലെ പാട്ട് പങ്കുവച്ചു കൊണ്ടാണ് ആർതി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. വിമർശകർക്കുള്ള മറുപടിയാണ് ഇതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
'പോയാ പോയാ, പോയാ പോയാ, ഉന്‍ വേലയത്താന്‍ പാത്തുക്കിട്ട് പോയാ പോയാ എന്ന പാട്ടാണ് ആർതി പങ്കുവച്ചത്. നീ നിന്റെ ജോലി നോക്ക് പോകൂ എന്ന അർത്ഥമാണ് വരികൾക്ക് ഉള്ളത്. ഇതോടെ വിവാഹ മോചന വാർത്തകളിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് ആരാധകർ പറയുന്നത്. എങ്കിലും ഇരുവരുടെയും ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
2009ല്‍ ആണ് ഇരുവരും വിവാഹിതരായത്. രണ്ട് ആണ്‍മക്കളാണ് ജയം രവിയ്ക്കും ആര്‍തിയ്ക്കും പിറന്നത്. ഇതിൽ ജയം രവിയുടെ മൂത്തമകന്‍ ആരവ് ടിക് ടിക് ടിക് എന്ന ചിത്രത്തിലൂടെ അച്ഛനൊപ്പം സിനിമയില്‍ അഭിനയിക്കുകയും ചെയ്‌തിരുന്നു. ഇരുവരുടെയും വിവാഹ ജീവിതം 15 വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ഈ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.
അതേസമയം, സൈറൺ ആണ് ജയം രവിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം, ഇത് നിർമ്മിച്ചതാവട്ടെ ഭാര്യ ആർതിയുടെ അമ്മ സുജാത വിജയകുമാറും. ബ്രദർ, ജീനി എന്നീ ചിത്രങ്ങളാണ് ഇനി ജയം രവിയുടേതായി പുറത്തിറങ്ങാനുള്ളത്. മണിരത്നം ഒരുക്കിയ പൊന്നിയിൻ സെൽവനിലൂടെ താരം പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെട്ടിരിക്കുന്ന സമയം കൂടിയാണ് ഇത്.












Click it and Unblock the Notifications