'ആരുടേതാണ് ഭാരതം, ആ പേരിടുന്നതിൽ എന്താണ് കുഴപ്പം, കലാകാരന്മാർ ചോദിക്കേണ്ട ചോദ്യമാണത്'; കലാഭവൻ ഷാജോൺ
കലാകാരന്മാർ സ്വസ്ഥമായ ജീവിതം ആഗ്രഹിച്ച് പല കാര്യങ്ങളിലും പ്രതികരിക്കുന്നില്ലെന്ന് പ്രമുഖ നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ നല്ലതെന്നാണ് പലപ്പോഴും ചിന്തിക്കുന്നതെന്നും ഷാജോൺ ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി. സ്‌കൈലാർക്ക് പിക്‌ച്ചേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാജോൺ നിലവിലെ രാഷ്ട്രീയ സ്ഥിതിയെ കുറിച്ചും മറ്റ് വിവാദങ്ങളെ കുറിച്ചും ഒക്കെ മനസ് തുറന്നത്.
അടുത്തിടെ സെൻസർ ബോർഡിന്റെ നടപടി നേരിട്ടതിനെ തുടർന്ന് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ കാര്യവും ഷാജോൺ ചൂണ്ടിക്കാട്ടി. 'ഭാരത സർക്കാർ ഉത്പന്നം എന്ന ഒരു സിനിമ വന്നു. എന്നാൽ അതിലെ ഭാരത വാക്ക് ഒഴിവാക്കേണ്ടി വരികയായിരുന്നു. പിന്നീട് ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാക്കിയാണ് ചിത്രം റിലീസ് ചെയ്‌തത്' ഷാജോൺ ചൂണ്ടിക്കാട്ടി.

'ഈ ഭാരതം എന്ന പേരിടുന്നതിൽ എന്താണ് തെറ്റ്? ആരാണ് അത് എടുത്ത് മാറ്റാൻ പറഞ്ഞത്? ആരുടേതാണ് ഭാരതം, ഇതൊക്കെ നമ്മൾ കലാകാരൻമാർ ഉയർത്തേണ്ട ചോദ്യമാണ്. എന്നാൽ പലപ്പോഴും മിണ്ടാൻ പേടിയാണ്. ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ എന്നാണ് ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ചിന്തിക്കാറുള്ളത്' എന്നായിരുന്നു ഷാജോണിന്റെ പ്രതികരണം.
അതിന്റെ കാരണവും താരം തന്നെ വെളിപ്പെടുത്തുകയുണ്ടായി. 'നമുക്കൊരിക്കലും തെറ്റ് പറയാൻ കഴിയില്ല. ചിലരൊക്കെ ചോദിക്കാറുണ്ട് നിങ്ങൾ കലാകാരന്മാരല്ലേ പ്രതികരിച്ചൂടെ എന്നൊക്കെ. എന്നാൽ നമുക്കും ഒരു കുടുംബമുണ്ട്, അതാണ് ചോദിക്കാറുള്ളത്. സമാധാനത്തോടയുള്ള ജീവിതല്ലേ എല്ലാവരുടെയും ആഗ്രഹം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ചില കാര്യങ്ങൾ ചിന്തിക്കുമ്പോൾ നല്ല പ്രയാസം തോന്നാറുണ്ടെന്നും ഒരു കലാകാരന്റെ കൈ വലിച്ചു കെട്ടുന്നത് പോലെയുള്ള ഒട്ടേറെ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും ഷാജോൺ കൂട്ടിച്ചേർത്തു. ഇതൊക്കെ ആര് വിചാരിച്ചാൽ ശരിയാകും എന്നായിരുന്നു ഷാജോണിന്റെ ചോദ്യം. പറ്റുന്ന രീതിയിൽ മുന്നോട്ട് പോവുകയെന്നും ബോഡി ഷെമിംഗും മറ്റും ഒഴിവാക്കണമെന്നും ഷാജോൺ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ പേരിനെതിരെ സെൻസർ ബോർഡ് രംഗത്ത് വന്നിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനായിരുന്നു ഇക്കാര്യത്തിൽ കടുംപിടിത്തം പിടിച്ചത്. പ്രദർശനാനുമതി നൽകില്ലെന്ന ഭീഷണിയെ തുടർന്നാണ് പിന്നീട് ചിത്രത്തിന്റെ പേരിൽ മാറ്റം വരുത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.












Click it and Unblock the Notifications