'അബീക്കയുടെ മകൻ ഇങ്ങനെ ആയതിൽ വിഷമമുണ്ട്, നന്നാവാൻ സ്വയം തോന്നണം..'; കോട്ടയം നസീർ അന്ന് പറഞ്ഞത്...
മലയാള സിനിമയിലേക്ക് മിമിക്രിയിലൂടെ കടന്നുവന്ന് തന്റേതായ സ്ഥാനം നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് കോട്ടയം നസീർ. ഒരുകാലത്ത് സ്‌റ്റേ ഷോകളിലൂടെയും, മിനിസ്ക്രീനിലെ കോമഡി പരിപാടികളിലൂടെയും അനുകരണ കലയുടെ ആഴം പ്രേക്ഷകരെ അറിയിച്ച കോട്ടയം നസീർ ഇപ്പോൾ സിനിമാ രംഗത്ത് സജീവമാണ്. അതിനിടയിൽ തന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ കലാഭവൻ അബിയെ കുറിച്ചും മകനെ കുറിച്ചുമൊക്കെ കോട്ടയം നസീർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. താന്‍ മിമിക്രിയിലും സിനിമയിലും എത്തിയതിനെ കുറിച്ച് സംസാരിക്കവെയാണ് അന്തരിച്ച പ്രമുഖ കലാകാരന്‍ അബിയെ കുറിച്ച് കോട്ടയം നസീര്‍ വാചാലനായത്. താൻ സിനിമയില്‍ എത്തിയിട്ട് 28 വര്‍ഷങ്ങളോളം ആയെങ്കിലും ഇപ്പോഴാണ് നല്ല വേഷങ്ങൾ കിട്ടുന്നതെന്നാണ് കോട്ടയം നസീർ പറയുന്നത്.

മിമിക്രിയില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് ഒരുപാട് ആളുകളോട് തനിക്ക് കടപ്പാടുണ്ട്. ജാഫര്‍ ഇടുക്കി, ദിലീപ്, നാദിര്‍ഷ അങ്ങനെ പലരും. അതില്‍ അബീക്കയോടുള്ള സ്‌നേഹവും ബഹുമാനവും വളരെ കൂടുതലാണ്. എന്നെ ആദ്യമായി ഗള്‍ഫ് ഷോയ്ക്ക് കൊണ്ടു പോയതും, സിനിമയിലേക്ക് കൊണ്ടു വന്നതും എല്ലാം അദ്ദേഹമാണ്; കോട്ടയം നസീർ പറയുന്നു.
എന്നാൽ അർഹിച്ചത് പോലെ സിനിമയിൽ അബിക്ക് അവസരം കിട്ടിയില്ലെന്നാണ് കോട്ടയം നസീർ പറയുന്നത്. 'സിനിമ അബീക്കയെ മനസ്സിലാക്കിയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ഓരോരുത്തരുടെ വിധി എന്നൊന്നുണ്ടല്ലോ. വളരെ ശുദ്ധനായിരുന്നു അബീക്ക. അതുകൊണ്ടാവാം എങ്ങും എത്താന്‍ കഴിയാതെ പോയതും. പക്ഷെ ആ വിഷമം അബീക്കയുടെ ഉള്ളിലുണ്ടാവാം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.' കോട്ടയം നസീർ പറയുന്നു.
'അബീക്കയുടെ മകന്‍ ഇന്ന് മറ്റ് പല വിഷയങ്ങളുടെയും പേരില്‍ വിലക്കുകള്‍ നേരിടുന്നത് കാണുമ്പോൾ വിഷമമുണ്ട്. അബീക്ക എത്രമാത്രം കഷ്‌ടപ്പെട്ടതാണ് എന്ന് നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാന്‍. അദ്ദേഹം എത്രമാത്രം ആഗ്രഹിച്ച ഇടത്താണ് ഇന്ന് മകന്‍ നില്‍ക്കുന്നതെന്നും എനിക്കറിയാം. ആ നിലയ്ക്ക് ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ടാവും.' അദ്ദേഹം പറഞ്ഞു.
'ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല. അവനവന് തോന്നണം നന്നാവണം എന്ന്. സിനിമയില്‍ എത്തി, കൃത്യമായ ലക്ഷ്യം ഉള്ളവര്‍ അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കും. ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി എന്ന് കരുതുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. ഉപദേശിക്കാന്‍ ഒന്നും ഞങ്ങള്‍ ആരുമല്ല.' കോട്ടയം നസീർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications