'ഹിന്ദു-മുസ്ലീം വിഭാഗീയത ഇവിടെ വിലപ്പോവില്ല, അതുകൊണ്ടാണ് ബിജെപി അധികാരം നേടാത്തത്'; മുരളി ഗോപി
മലയാള സിനിമയുടെ പുതിയ കാലത്ത് ഏറ്റവും ശക്തമായ എഴുത്തുകളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത തിരക്കഥാകൃത്തുകളിൽ ഒരാളാണ് മുരളി ഗോപി. അന്തരിച്ച മഹാനായ നടൻ ഭരത് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അദ്ദേഹം അഭിനയ രംഗത്തും സജീവമാണ്. ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് മുരളി ഗോപി.
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവേ കേരളത്തിൽ എന്തുകൊണ്ട് ബിജെപി അധികാരത്തിൽ വരാത്തത് എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. മത സ്‌പർദ്ധ ഉണ്ടാവുന്ന ഒരിടമല്ല കേരളമെന്നും, ഇത്തരം വിഭാഗീയതകൾ ഇവിടെ വിലപ്പോവാത്തത് കൊണ്ടാണ് ഇവിടെ ബിജെപി ന്യൂനപക്ഷമായി മാറിയതെന്നുമാണ് മുരളി ഗോപി ചൂണ്ടിക്കാണിക്കുന്നത്.

'ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി പരിശോധിച്ച് നോക്കുമ്പോൾ കേരളത്തിന്റെ ചരിത്രം തികച്ചും വിഭിന്നമാണ്. ഇവിടെ സ്‌പർദ്ധയുടെ ചരിത്രമില്ല. ഇവിടെ മത സംഘർഷങ്ങൾക്ക് കാണാനും കഴിയില്ല. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇല്ലാത്ത കാര്യമാണത്. ഇവിടെ എത്രത്തോളം ഹിന്ദു മുസ്ലീം വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചാലും അത് വിലപ്പോവില്ല' മുരളി ഗോപി പറയുന്നു.
'എന്നാൽ ഇത്തരത്തിൽ തുടർച്ചയായി ഒരു പ്രചാരണം അഴിച്ചുവിടുമ്പോൾ അങ്ങനെയൊരു സംഘർഷം ഇവിടെയും ഉണ്ടാക്കി എടുക്കാൻ കഴിയും. അത് വളരെ അപകടകരമാണ്. അങ്ങനെ വരുമ്പോൾ സ്‌പർദ്ധ കൂടും. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കാര്യം ഇവിടെ വർധിക്കുന്നുണ്ട്. അത് തുടർച്ചയായി അടിച്ചേൽപ്പിക്കുന്നത് കൊണ്ടാണ് ഉണ്ടാവുന്നത്' താരം പറഞ്ഞു.
ഇവിടെ ലെഫ്റ്റ് വിംഗിന്റെ സാന്നിധ്യം കൊണ്ടാണ് ആ സംഘർഷം ഉണ്ടാവാത്തത് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. കേരളത്തിൽ ലെഫ്റ്റ് വിംഗ് ഇല്ല. ഇപ്പോഴുള്ള ലെഫ്റ്റ് വിംഗ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ റൈറ്റ് വിംഗ് ആണ്. കാരണം വലതുപക്ഷത്തിന്റെ എല്ലാ പ്രവണതകളും കാണിക്കുന്ന ഇടതുപക്ഷമാണ് ഇവിടെയുള്ളത്' മുരളി ഗോപി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോഴുള്ളത് ഫാൻസ് അസോസിയേഷനുകളാണെന്നും മുരളി ഗോപി തുറന്നടിച്ചു. വലതുപക്ഷത്തിന്റെ കൃത്യമായ അജണ്ടയുണ്ടായിരിക്കും, മതത്തിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തത്വത്തിലോ അടിസ്ഥാനപ്പെടുത്തി മുന്നോട്ട് പോകുന്നവരായിരിക്കും അവരെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മുതൽ ലൂസിഫർ വരെയുള്ള തന്റെ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം പറയാൻ ശ്രമിച്ച തിരക്കഥാകൃത്താണ് മുരളി ഗോപി. ഇടക്കാലത്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഇറങ്ങിയ ടിയാൻ പോലെയുള്ള ചിത്രങ്ങളും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയവ ആയിരുന്നു എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications