'ഏറ്റവുമധികം ദ്രോഹിച്ചത് മുരളി, ഷൂട്ടിന് വരാതെ എവിടെയെങ്കിലും വെള്ളമടിക്കാൻ പോവും'; മണക്കാട് രമേശ്
മലയാള സിനിമയിൽ പ്രതിഭ കൊണ്ടും അഭിനയ മികവ് കൊണ്ടും ഏറെ ആരാധകരെ സൃഷ്‌ടിച്ച നടൻമാരിൽ ഒരാളാണ് മുരളി. ഒരുപക്ഷേ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം ചേർത്തുവായിച്ച ചുരുക്കം പേരുകളിൽ ഒന്ന് കൂടിയായിരുന്നു മുരളിയുടേത്. രണ്ട് പതിറ്റാണ്ടിൽ അധികം നീണ്ടു നിന്ന തന്റെ അഭിനയ ജീവിതത്തിൽ ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഇതിൽ ദേശീയ അവാർഡ് ഉള്ളവയും ഉണ്ടായിരുന്നു.
എന്നാൽ പ്രതിഭയുടെ ധാരാളിത്തം ഉണ്ടെങ്കിലും ഒട്ടേറെ വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റുകളിലെ മോശം പെരുമാറ്റവും മറ്റും ഇതിന്റെ കാരണമായിരുന്നു. മദ്യപാന ശീലവും മുരളിയെ കുറിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ മുരളിയിൽ നിന്ന് നേരിടേണ്ടി വന്ന മോശം കാര്യങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് പ്രമുഖ പ്രൊഡക്ഷൻ മാനേജരായ മണക്കാട് രമേശ്.

ബാല നായകനായി അഭിനയിച്ച പത്താം അധ്യായം എന്ന ചിത്രത്തിൽ മുരളിയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവമാണ് മണക്കാട് രമേശ് പങ്കുവച്ചത്. ലക്ഷങ്ങൾ പ്രതിഫലം നൽകിയിട്ടും താരം വരാൻ കൂട്ടാക്കിയില്ലെന്നും ഒടുവിൽ തനിക്ക് മുരളിയുടെ സീനുകൾ വെട്ടിമാറ്റേണ്ടി വന്നുവെന്നും മധു അടക്കമുള്ള താരങ്ങൾ കാത്തിരിക്കേണ്ടി വന്നെന്നും രമേശ് പറയുന്നു. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
മണക്കാട് രമേശിന്റെ വാക്കുകൾ
മലയാള സിനിമയിൽ എന്നെ ദ്രോഹിച്ച നടൻ മുരളിയാണ്. പത്താം അധ്യായം എന്ന സിനിമയിൽ അറിയാതെ നടനെ വെച്ചുപോയി. രണ്ടേകാൽ ലക്ഷം വേണമെന്ന് പറഞ്ഞപ്പോൾ രണ്ട് ലക്ഷം കൊടുത്തു. എന്നിട്ട് മുഴുവനും വേണമെന്ന് പറഞ്ഞു. ആ സമയത്ത് സാംസ്‌കാരിക വകുപ്പിലെ ചെയർമാനോ മറ്റോ ആയിരുന്നു. ഇതാ ഇപ്പോൾ വരും എന്നൊക്കെ പറയും. പക്ഷേ വരില്ല. മധു സാറും ഞാനുമൊക്കെ കാത്തിരുന്നു.
അങ്ങനെ ഞാനും സഹ സംവിധായകനും ചേർന്ന് സീനുകൾ എല്ലാം വെട്ടി. മുരളി എവിടെയെങ്കിലും വെള്ളമടിക്കാൻ പോകുകയായിരുന്നു. അരുവിക്കരയിൽ ഒരു ഗസ്‌റ്റ് ഹൗസ് ഉണ്ടല്ലോ, അവിടെ പോയിരിക്കും. മുരളി ഷൂട്ടിന് വന്നാലും ബുദ്ധിമുട്ടാണ്. രാവിലെ 9 മണിക്കാണ് സെറ്റിൽ വരിക. 12 മണിയാകുമ്പോൾ ഭക്ഷണം കഴിക്കണം. എന്നിട്ട് മൂന്ന് മണി വരെ ഉറങ്ങും. അഞ്ച് മണി വരെയേ വർക്ക് ചെയ്യുകയുള്ളൂ.
എനിക്കയാളെ പേടിയൊന്നുമില്ലായിരുന്നു. മുരളി കാരണം ഞാനും പ്രൊഡ്യൂസറും പിടിയും വലിയുമായി. ദശരഥത്തിലും ഇയാളുണ്ടായിരുന്നു. സിനിമാ രംഗത്ത് തന്നെ വിഷമിപ്പിച്ചത് മുരളി മാത്രമാണ്. ദുശീലമുണ്ടായിരുന്നെങ്കിലും മുരളി നന്നായി സമ്പാദിച്ചു. നടന്റെ ഈ പെരുമാറ്റത്തിന് ശേഷം പിന്നീട് പ്രോജക്‌ടുകളിൽ വിളിക്കാതായി.
അതേസമയം, മലയാള സിനിമയിൽ സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് രമേശ് ആരോപിച്ചു. അവർ സമയത്തിന് ഷൂട്ടിംഗ് സ്ഥലത്ത് എത്തില്ലെന്നും അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും മണക്കാട് രമേശ് ആരോപിച്ചു. ഒരിക്കൽ കലാരഞ്ജിനി ടിക്കറ്റ് അയച്ചുകൊടുത്തിട്ടും ട്രെയിനിൽ വന്നെന്നും കാർ ഓടിച്ചു വന്ന് നിർമ്മാതാവിനോട് പൈസ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications