'മമ്മൂട്ടിയുമായി അച്ഛന് വലിയ ആത്മബന്ധമുണ്ടായിരുന്നു'; പിണക്കത്തിന്റെ കാരണത്തെ കുറിച്ച് മുരളിയുടെ മകൾ
മലയാളത്തിലെ അനശ്വര നടൻമാരിൽ ഒരാളായിരുന്നു മുരളി. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും തന്റെ പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെയും ശബ്‌ദഗാംഭീര്യം കൊണ്ടും ഇന്നും മുരളി എന്ന നടൻ നമ്മുടെ മനസിൽ ജീവിക്കുന്നുണ്ട്. ഇപ്പോഴിതാ പിതാവിന്റെ സിനിമാ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് മകളായ കാർത്തിക മുരളി. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു കാർത്തിക സംസാരിച്ചത്.
മുരളിയും മമ്മൂട്ടിയും തമ്മിലുണ്ടായ പിണക്കാത്തെ കുറിച്ചും കാർത്തിക സംസാരിക്കുകയുണ്ടായി. പിതാവിന്റെ ലാളിത്യത്തെ കുറിച്ചും വന്ന വഴി മറക്കാത്ത പ്രകൃതത്തെ കുറിച്ചും സംസാരിച്ച കാർത്തിക മുരളിയുടെ മരണത്തിന് കാരണമായ അസുഖത്തെ കുറിച്ചും മനസ് തുറക്കുകയുണ്ടായി. ഇതാദ്യമായാണ് മുരളിയുടെ മകൾ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

'സ്‌കൂളിൽ ഒക്കെ പഠിക്കുന്ന സമയത്ത് സുഹൃത്തുകൾക്ക് ഒക്കെ ഒരു അതിശയമായിരുന്നു. നടൻ മുരളിയുടെ മകളാണോ എന്ന് ചോദിക്കുമായിരുന്നു. ശരിക്കും അച്ഛനാണോ എന്നൊക്കെ ചോദിക്കുമായിരുന്നു. വന്ന വഴിയേ കുറിച്ച് അച്ഛൻ എപ്പോഴും പറയുമായിരുന്നു. വളരെയധികം കഷ്‌ടപെട്ട് വന്നയാളായിരുന്നു അച്ഛൻ. സിനിമയിലേക്ക് എത്തിപ്പെടാനുള്ള അച്ഛന്റെ ആ ബുദ്ധിമുട്ട് ഒക്കെ പറയുമായിരുന്നു. അച്ഛന്റെ ലാളിത്യവും അതുപോലെ തന്നെയായിരുന്നു' കാർത്തിക പറഞ്ഞു.
മമ്മൂട്ടിയുമായുള്ള പിണക്കത്തിന്റെ കാരണം അച്ഛൻ ആരോടും പറഞ്ഞിട്ടില്ലെന്നാണ് കാർത്തിക പറയുന്നത്. 'മമ്മൂട്ടി അങ്കിളുമായി വലിയ ആത്മബന്ധം തന്നെ അച്ഛനുണ്ടായിരുന്നു. ആലപ്പുഴയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും അച്ഛന് ദേശീയ അവാർഡ് കിട്ടിയപ്പോൾ നാട്ടിൽ നൽകിയ സ്വീകരണത്തിനും ഒക്കെ മമ്മൂട്ടി അങ്കിൾ വന്നിരുന്നു. എന്നാൽ പിണക്കത്തിന് കാരണം എന്താണെന്ന് മാത്രം അച്ഛൻ പറഞ്ഞിരുന്നില്ല' കാർത്തിക മനസ് തുറന്നു.
ഷൂട്ടിംഗ് സെറ്റിൽ ചെന്നപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവവും കാർത്തിക പങ്കുവയ്ക്കുകയുണ്ടായി. 'വെങ്കലം എന്ന സിനിമയുടെ സെറ്റായിരുന്നു അത്. അതിലൊരു പാട്ട് രംഗമുണ്ട്. അതിൽ ഉർവശി ചേച്ചിയെ അച്ഛൻ ഉമ്മ വയ്ക്കുന്ന ഒരു സീനുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. അമ്മ എപ്പോഴും അതിനെ കുറിച്ച് പറയുമായിരുന്നു' കാർത്തിക ഓർത്തെടുത്തു.
മുരളിയുടെ മരണത്തിന് കാരണമായ അസുഖത്തെ കുറിച്ചും അവർ സംസാരിക്കുകയുണ്ടായി.' അച്ഛൻ അവസാനമായി അഭിനയിച്ചത് ആദവൻ എന്ന ചിത്രത്തിലായിരുന്നു. അതിന്റെ ഷൂട്ടിംഗ് ആഫ്രിക്കയിൽ എങ്ങാനും ആയിരുന്നു. അവിടെ ഭയങ്കര തണുപ്പുള്ള കാലാവസ്ഥ ആയിരുന്നു. അതിനിടയിൽ ന്യൂമോണിയ വന്നു. ഡയബറ്റിസ് ഉള്ളവർക്ക് ന്യൂമോണിയ വന്നാൽ അറിയാൻ വൈകും എന്നാണ് ഡോക്‌ടർ അന്ന് പറഞ്ഞത്' മുരളിയുടെ മകൾ പറയുന്നു.
'ഇവിടെ വന്നപ്പോഴേക്കും വൈകിയിരുന്നു. ഞങ്ങൾ അന്ന് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകോശം മുഴുവനായും അത് ബാധിച്ചു എന്നായിരുന്നു ഡോക്‌ടർമാർ പറഞ്ഞത്. ഒന്നും ചെയ്യാനില്ലെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. നടന്നാണ് ആശുപത്രിയിലേക്ക് പോയത്. ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.' കാർത്തിക കൂട്ടിച്ചേർത്തു.












Click it and Unblock the Notifications