ഷാരൂഖും അക്ഷയിയും പോലെയല്ല; പാന്‍ മസാല കമ്പനിയുടെ കോടികള്‍ വേണ്ട, പരസ്യത്തിലേക്കില്ലെന്ന് മാധവന്‍
മുംബൈ: നടന്‍ മാധവന്‍ ദക്ഷിണേന്ത്യയില്‍ എന്ന പോലെ ബോളിവുഡിലും വളരെ പ്രശസ്തനായ നടനാണ്. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും താരത്തിന്റെ നിലപാടുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ മാധവന്‍ തന്റെ ഭാരം കുറച്ച രീതി വെളിപ്പെടുത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിയിരുന്നു.
അതുപോലെ താരം വലിയൊരു വിജയവും ഇപ്പോള്‍ നേടിയിരിക്കുകയാണ്. മാധവന്റെ അവസാന ചിത്രം ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. അജയ് ദേവ്ഗണ്‍ നായകനായ ശെയ്ത്താന്‍ ആയിരുന്നു മാധവന്റെ അവസാന ചിത്രം. ഇതില്‍ വില്ലനായിട്ടാണ് മാധവന്‍ എത്തിയത്.

തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ മാധവന് ഉണ്ടാവുന്നത് താരമൂല്യവും വര്‍ധിപ്പിക്കുന്നുണ്ട്. നിരവധി പരസ്യ കമ്പനികള്‍ അടക്കം താരത്തെ സമീപിക്കുന്നുണ്ട്. എന്നാല്‍ സാമൂഹിക ഉത്തരവാദിത്തം കൂടി നോക്കിയാണ് ഓരോ പരസ്യവും മാധവന്‍ തിരഞ്ഞെടുക്കുന്നത്. അടുത്തിടെ പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി വന്‍ തുക തന്നെ മാധവന് കമ്പനി ഓഫര്‍ ചെയ്തിരുന്നു.
എന്നാല്‍ മാധവന്‍ ഈ ഓഫര്‍ നിരസിച്ചിരിക്കുകയാണ്. തനിക്ക് അത്തരം പരസ്യങ്ങളുടെ ഭാഗമാവാന്‍ താല്‍പര്യമില്ലെന്ന് മാധവന്‍ പാന്‍ മസാല കമ്പനിയെ അറിയിക്കുകയായിരുന്നു. മാധവന്‍ പാന്‍ മസാല കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം ആഭ്യന്തര വിപണിയില്‍ ജനപ്രീതിയുള്ള ഒരു താരത്തെ ഉപയോഗിച്ച് ബ്രാന്‍ഡിന്റെ ജനപ്രീതി ഉയര്‍ത്താനായിരുന്നു ഇവരുടെ ബിസിനസ് പ്ലാന്‍. എന്നാല്‍ പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണ് താരം ഈ ഓഫര്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മാധവന്റെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടികളാണ് ലഭിക്കുന്നത്.
ബോളിവുഡിലെ വമ്പന്‍ താരങ്ങളെല്ലാം പാന്‍ മസാല പരസ്യത്തിന്റെ ഭാഗമാകുന്നുണ്ട്. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, മഹേഷ് ബാബു, അജയ് ദേവ്ഗണ്‍ എന്നിവരെല്ലാം പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നിരവധി പ്രേക്ഷകര്‍ ഇവരെ ഈ തീരുമാനത്തെ തുടര്‍ന്ന് വിമര്‍ശിച്ചിരുന്നു. അടുത്തിടെ ഹൃതിക് റോഷനും പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു.
നേരത്തെ നടന്‍ ജോണ്‍ എബ്രഹാം പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങളെ വിമര്‍ശിച്ചിരുന്നു. ഒരേസമയം ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന കാര്യവും, മറുവശത്ത് പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ഇവര്‍ക്ക് സാധ്യമാകുന്നതെന്ന് ജോണ്‍ ചോദിച്ചിരുന്നു.
ഇത് മരണമാണ്. എനിക്ക് ഒരിക്കലും മരണത്തെ വില്‍ക്കാന്‍ ആഗ്രഹമില്ല. എന്റെ ജീവിതം സത്യസന്ധതയോടെയാണ് ജീവിക്കുന്നതെങ്കില്‍, പറയുന്നതാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍, തീര്‍ച്ചയായും ഞാനൊരു റോള്‍ മോഡലാണ്. എന്നാല്‍ എന്റെ തന്നെ വ്യക്തിത്വത്തില്‍ വെള്ളം ചേര്‍ക്കുന്നുണ്ടെങ്കില്‍ അവരെ അത്തരത്തില്‍ കാണാനാവില്ലെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.












Click it and Unblock the Notifications