'ബിഗ് ബോസിൽ ഒരിക്കലും നിൽക്കാൻ കഴിയില്ല, സീരിയലിന് മാത്രമല്ല ന്യൂസിനും സെൻസർ വേണം'; രാജീവ് പരമേശ്വർ
മലയാള സീരിയൽ രംഗത്തെ സൂപ്പർതാരം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന താരങ്ങളിൽ ഒരാളാണ് രാജീവ് പരമേശ്വർ. മിനിസ്ക്രീൻ രംഗത്തും ആൽബങ്ങളിലൂടെയും ഒക്കെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് അദ്ദേഹം. ഇടയ്ക്ക് ധാരാളം സിനിമകളിലും മറ്റും വേഷമിട്ടെങ്കിലും രാജീവ് പരമേശ്വർ തന്റെ സീരിയലുകളിലൂടെ തന്നെയാണ് ഏറെ പ്രശസ്‌തനായത്. നിരവധി ഹിറ്റ് പരമ്പരകളാണ് അദ്ദേഹത്തിന്റ പേരിലുള്ളത്.
സാന്ത്വനം എന്ന സീരിയലാണ് താരത്തിനെ അടുത്തിടെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. ഇതിലെ ബാലേട്ടൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. ഈ സീരിയലിന്റെ രണ്ടാം ഭാഗത്തിൽ രാജീവ് പരമേശ്വറിനെ ഉൾപ്പെടുത്താത്തതിൽ വലിയെ രീതിയിൽ പ്രേക്ഷകർ അമർഷം രേഖപ്പെടുത്തിയിരുന്നു. അത്രയ്ക്കും ജനകീയമായി മാറിയ ഒരു കഥാപാത്രമായിരുന്നു എന്നതാണ് ഇതിന്റെ കാരണം.

തമിഴിലും ഒന്നിലധികം സീരിയലുകളിലൂടെ താരം തിളങ്ങിയിരുന്നു. സിനിമയിലാവട്ടെ ദിലീപ് ചിത്രമായ പാപ്പി അപ്പച്ചനിൽ വില്ലൻ വേഷം കൈകാര്യം ചെയ്‌തത് രാജീവ് പരമേശ്വർ ആയിരുന്നു. ഇപ്പോഴിതാ സീരിയൽ, സിനിമാ വേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. സീരിയലുകൾക്ക് സെൻസർ വേണമെങ്കിൽ ന്യൂസിനും വേണമെന്നാണ് രാജീവ് പരമേശ്വർ പറയുന്നത്. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജീവ് പരമേശ്വറിന്റെ വാക്കുകൾ
വൾഗർ ആയിട്ടൊന്നും സീരിയലുകളിൽ ഉണ്ടാവാറില്ല. നമ്മുടെ ഓഡിയൻസിന് നല്ലത് മാത്രം ചെയ്‌താൽ ആർക്കും ഇഷ്‌ടപ്പെടില്ല. അങ്ങനെ ചെയ്‌താൽ കാണാൻ ആരും ഉണ്ടാവില്ല. സീരിയൽ കാണാതിരിക്കണം എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. സെൻസറിംഗ് അങ്ങനെയെങ്കിൽ സീരിയലുകൾക്ക് മാത്രം പോരാ, ന്യൂസുകൾക്ക് പോലും സെൻസറിംഗ് ഏർപ്പെടുത്തേണ്ടി വരും. ചാനലുകളിലെ ന്യൂസ് വരെ നമ്മൾക്ക് സെൻസർ ചെയ്യേണ്ടി വരും.
ചെറിയൊരു നിയന്ത്രണം എല്ലാത്തിലും ആവാം. ശരിക്കും ഇത് സമൂഹത്തിലെ ചില മാറ്റങ്ങളാണ്. ഇപ്പോഴത്തെ കാലത്ത് എന്തെങ്കിലും ഒരു പ്രശ്‌നം വരുമ്പോൾ മാത്രമാണ് അതിനെ കുറിച്ച് നോക്കുന്നത്. നമ്മൾ എത്ര ദിവസം ഒരു ടോക്ക് ഷോ നടത്തും. അതിപ്പോൾ ഡ്രസ് ആയാലും ഭക്ഷണത്തിന്റെ ആയാലും എന്തെങ്കിലും വരുമ്പോൾ ഭയങ്കര കാര്യമായി മാറും. കുറച്ച് കഴിയുമ്പോൾ അത് പഴയത് പോലെയാവും. മൊത്തം സീരിയലുകൾ മോശം ആണെന്ന് പറയാനാവില്ല.
എത്രയോ മോശം സിനിമകളുണ്ട്. നമുക്ക് ഇഷ്‌ടം ഇല്ലെങ്കിൽ കാണണ്ട, ഇഷ്‌ടം ഉണ്ടെങ്കിൽ കണ്ടാൽ മതിയല്ലോ. റിമോട്ട് കൈയിൽ ഇരിക്കുകയല്ലേ, വേണ്ടെങ്കിൽ നമുക്ക് തന്നെ മാറ്റാമല്ലോ. നമ്മുടെ സമൂഹം വളരെയധികം മാറിയിട്ടുണ്ട്. ഇപ്പൊ ശരിക്കും പേടിയാണ്. പുറത്തിറങ്ങി ആരോട് എന്തൊക്കെ പറയണമെന്ന് ഒക്കെ ആലോചിക്കുമ്പോൾ പേടിയാവും.
ബിഗ് ബോസിൽ പോവാൻ താൽപര്യം ഇല്ല. ഈ വീഡിയോകളിൽ ഒക്കെ പ്രെഡിക്ഷൻ ലിസ്‌റ്റിൽ ഒക്കെ പേര് വരാറുണ്ടന്നെ ഉള്ളൂ. എന്നെ ഇതുവരെയും അതിലേക്ക് ആരും വിളിച്ചിട്ടില്ല. അവിടെ പോയാലും അധികനാൾ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാനൊക്കെ പോയാൽ ഒരാഴ്‌ച കൊണ്ട് തിരിച്ചുപോരേണ്ടി വരും. ഇവിടെ ഇപ്പൊ ഉള്ളത് കൂടി ചിലപ്പോ പോവും.












Click it and Unblock the Notifications