സമ്പത്തിൽ മെഗാ പവർ സ്‌റ്റാർ; രാം ചരണിന്റെ ആസ്‌തി 1000 കോടി കടക്കും, ഈ എയർലൈനിൽ നിക്ഷേപവും..!
തെലുഗു സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് രാം ചരൺ. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ഒരു നടൻ കൂടിയാണ് അദ്ദേഹം. തെന്നിന്ത്യയിലെ മെഗാ സ്‌റ്റാർ എന്ന് വിളിക്കപ്പെടുന്ന ചിരഞ്ജീവിയുടെ മകനായ രാം ചരണിന് സിനിമയിലെത്തുക വലിയ പ്രയാസമായിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ തന്റെ 38ആം വയസിൽ എത്തി നിൽക്കുന്ന ആസ്‌തി ആരെയും അമ്പരപ്പിക്കുന്നതാണ്.
നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് രാം ചരൺ. മൂന്ന് ഫിലിംഫെയർ അവാർഡുകളും രണ്ട് നന്ദി അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള താരം 2013 മുതൽ ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ സ്ഥിര സാന്നിധ്യമാണ്.

165 മില്യൺ യുഎസ് ഡോളറാണ് രാം ചരൺ ആസ്‌തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ഏകദേശം 1370 കോടി ഇന്ത്യൻ രൂപ. അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും സിനിമകളിൽ നിന്നാണ് ലഭിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ സാലറിക്ക് പുറമെ അതിലെ ലാഭവിഹിതം കൂടി താരമിപ്പോൾ വാങ്ങുന്നുണ്ട്.
ഇതിന് പുറമെയാണ് വിവിധ ആഗോള ബ്രാൻഡുകളുടെ പ്രചാരണത്തിൽ നിന്നും, അവയുടെ പരസ്യ ചിത്രങ്ങളിൽ നിന്നും താരം വരുമാനം നേടുന്നത്. തെലുങ്ക് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് രാം ചരൺ. വിവിധ റിപ്പോർട്ടുകൾ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആർആർആറിലെ അഭിനയിച്ചതിന് 40 കോടി രൂപയാണ് രാം ചരൺ പ്രതിഫലമായി കൈപ്പറ്റിയത്.
ഇതിന് പുറമെ ചെറുതും വലുതുമായി ബിസിനസുകളിലും താരം ഒരു കൈ നോക്കുന്നുണ്ട്. ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന ട്രൂജെറ്റ് എന്ന സ്വകാര്യ എയർലൈൻ ഉൾപ്പെടെ വിവിധ ബിസിനസുകളിലാണ് രാം ചരൺ നിക്ഷേപം നടത്തിയിട്ടുള്ളത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ കണ്ണായ സ്ഥലത്താണ് രാം ചരൺ താമസിക്കുന്നത്. ഈ വസ്‌തുവിന്റെ ഏകദേശ മൂല്യം ഏകദേശം 38 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം ഒന്നിലധികം റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
അതേസമയം, തമിഴിലെ സൂപ്പർ സംവിധായകൻ ശങ്കറിനൊപ്പമാണ് രാം ചരണിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നത്. 'ഗെയിം ചേഞ്ചർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications