'ഡാ ഞാൻ അനുവിനെ കൂട്ടിവന്നു'; ഇങ്ങനെയൊരു ഫോണായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം: പിഷാരടി പറയുന്നു
കഴിഞ്ഞ ദിവസമാണ് പ്രമുഖ സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായത്. ഭാര്യ അനൂജയെ തന്നെയാണ് മക്കളെ സാക്ഷി നിർത്തി ധർമ്മജൻ വീണ്ടും താലി ചാർത്തിയത്. ഇപ്പോഴിതാ ധർമ്മജന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് സുഹൃത്ത് കൂടിയായ നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി.
അന്നും ഇന്നും അത് അവന്റെ ജീവിതമാണെന്നും അവന്റെ തീരുമാനവും സന്തോഷവും ആണെന്നും അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണെന്നുമാണ് പിഷാരടി ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ധര്‍മ്മജന്റെയും ഭാര്യ അനൂജയുടെയും വിവാഹ ഫോട്ടോയും കുറിപ്പിനൊപ്പം പിഷാരടി പങ്കുവച്ചിട്ടുണ്ട്.

ധർമ്മജൻ വിവാഹത്തിനായ സംഭവത്തെ കുറിച്ചും പിഷാരടി മനസ് തുറന്നു. വർഷങ്ങൾക്ക് മുൻപ് ഒരു ഫോൺ കോൾ മാത്രമായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം. കുറച്ചു കാലങ്ങൾക്ക് ശേഷം നിയമപരമായി ആരുമറിയാതെ വിവാഹം രജിസ്‌റ്റർ ചെയ്‌താലും മതിയായിരുന്നു എന്നും പിഷാരടി പറയുന്നു.
അതേസമയം, ഇരുവരുടെയും വിവാഹം ഔദ്യോഗികമായി രജിസ്‌റ്റർ ചെയ്‌തിരുന്നില്ല. അതിനാലാണ് വീണ്ടും ഇവർ വിവാഹിതരായത്. 16 വർഷങ്ങൾക്ക് മുൻപ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെങ്കിലും രജിസ്‌റ്റർ ചെയ്‌തിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. രണ്ട് പെൺമക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്തവണ വിവാഹ ചടങ്ങുകൾ നടന്നത്.
സിനിമാ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ള സഹ പ്രവർത്തകരും നിരവധി ആരാധകരുമാണ് ധര്‍മ്മജന് വിവാഹ ആശംസകള്‍ നേരുന്നത്. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ധർമജൻ ശ്രദ്ധിക്കപ്പെട്ടത് 'പാപ്പി അപ്പച്ച' എന്ന ദിലീപിന്റെ ഹിറ്റ് സിനിമയിലൂടെയായിരുന്നു. പിന്നീട് നിരവധി വേഷങ്ങളിലൂടെ താരം ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.
രമേഷ് പിഷാരടിയുടെ ഫേസ്‍ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
"ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു " ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം... കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്‌റ്റർ ചെയ്‌താലും മതിയായിരുന്നു. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ ഗംഭീരമായി...അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്...അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്.












Click it and Unblock the Notifications