'അതൊരിക്കലും അക്രമമല്ല, രക്ഷിതാക്കൾക്ക് മക്കളോടുള്ള കരുതൽ'; ദുരഭിമാനക്കൊലയെ ന്യായീകരിച്ച് രഞ്ജിത്ത്
ചെന്നൈ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് പ്രമുഖ തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്. ദുരഭിമാനക്കൊല ഒരിക്കലും അക്രമല്ലെന്നും പകരം രക്ഷിതാക്കള്‍ക്ക് കുട്ടികളോടുള്ള കരുതലാണ് എന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്. തന്റെ പുതിയ സിനിമയായ 'കവുണ്ടംപാളയം' റിലീസ് ചെയ്‌തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായായിരുന്നു തമിഴിലെ മുൻനിര താരമായ രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം.
ഇന്നലെയായിരുന്നു ഇത് സംബന്ധിച്ച നടന്റെ പ്രതികരണം പുറത്ത് വന്നത്. 'മാതാപിതാക്കൾക്ക് മാത്രമേ വേദന അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ, എന്താണ് സംഭവിച്ചതെന്ന് അറിയാൻ നമ്മൾ പോകില്ലേ? മക്കൾ മാത്രമാണ് ജീവിതമെന്ന് കരുതുന്ന രക്ഷിതാക്കൾ ദേഷ്യപ്പെടുകയും അത് പുറത്ത് കാണിക്കുകയും ചെയ്യുന്നു. അത് അക്രമമല്ല; അത് അവരുടെ കരുതൽ മാത്രമാണ്.' എന്നായിരുന്നു നടൻ മാധ്യമങ്ങളോട് പറഞ്ഞത്.

സേലം കരുപ്പൂരിൽ തന്റെ സിനിമ റിലീസ് ചെയ്‌ത തിയേറ്ററിന് പുറത്ത് വച്ചായിരുന്നു താരത്തിന്റെ വാക്കുകൾ. നടന്റെ ഈ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളിൽ നിന്നായി ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്ക് എതിരെ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്‌താവനയെ അപലപിക്കുകയും ചെയ്‌തിരുന്നു.
അദ്ദേഹത്തിന്റെ കാവുണ്ടംപാളയം എന്ന പുതിയ സിനിമ ജാതി അധിഷ്‌ഠിത അക്രമം, കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം തുടങ്ങിയ വിവാദ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ഒന്നാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുരഭിമാനക്കൊലയ്ക്ക് എതിരെ പുതിയ നിയമം അവതരിപ്പിക്കണം എന്ന ആവശ്യങ്ങൾ ശക്തമായി ഉയരുന്ന വേളയിലാണ് രഞ്ജിത്തിനെ പോലെയൊരു പ്രമുഖ നടന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രസ്‌താവന ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത്തരം പരാമർശങ്ങൾ നടത്തി നടൻ വിവാദത്തിൽ ചെന്ന് പെടുന്നത് ഇതാദ്യമല്ല.
നേരത്തെ കുറഞ്ഞ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ കുറിച്ചും അവർ എല്ലാവരുടെയും മുന്നിൽ നൃത്തം ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം വിവാദ പ്രസ്‌താവന നടത്തിയിരുന്നു. ഇതിനെതിരെയും അന്ന് കടുത്ത രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും സ്ത്രീകളെ വെറും ഉപഭോഗ വസ്‌തുക്കളായി മാത്രമാണ് കാണുന്നതെന്നും വിമർശകർ ചൂണ്ടിക്കാണിച്ചിരുന്നു.
തമിഴ്, മലയാളം മലയാളം എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു രഞ്ജിത്ത്. മലയാളത്തിൽ രാജമാണിക്യം എന്ന ചിത്രത്തിലെ സൈമൺ നാടാർ എന്ന വില്ലൻ വേഷവും ചന്ദ്രോത്സവം എന്ന ചിത്രത്തിലെ കളത്തിൽ രാമനുണ്ണി എന്ന വേഷവും ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു രഞ്ജിത്ത്.












Click it and Unblock the Notifications