'എന്നെ ചൊറിയാൻ വന്നാൽ ഞാൻ കേറി മാന്തും, അത് ആരായാലും'; രൂപേഷ് പീതാംബരൻ പറയുന്നു
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും, സംവിധായകനും ഒക്കെയാണ് രൂപേഷ് പീതാംബരൻ. സ്‌ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ദുൽഖർ സൽമാനെ നായകനാക്കി തീവ്രം എന്ന സിനിമയുമായാണ് താരം രംഗത്ത് വന്നത്. എന്നാൽ ടൊവിനോ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ ഒരു മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിലെ രൂപേഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, മറ്റ് വിവാദങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ദുൽഖർ സൽമാനെ അപമാനിച്ചുവെന്ന് കാട്ടി മുൻപ് താരത്തിനെതിരെ ആരാധകർ രംഗത്ത് വന്നിരുന്നു. ഇതിൽ ഉൾപ്പടെ രൂപേഷ് വിശദീകരണം നൽകുകയുണ്ടായി. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

"ചിലർ തീവ്രത്തെ പറ്റി മോശം പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു നിങ്ങളുടെ കുഞ്ഞിക്കയാണ് അതിൽ അഭിനയിച്ചതെന്ന്. അവർ അത് കട്ട് ചെയ്‌ത് എടുത്ത് വേറെ രീതിയിലാക്കി ഉപയോഗിച്ചു വേറെ രീതിയിൽ പ്രചരിക്കും എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ മിണ്ടാതിരുന്നാൽ മതിയായിരുന്നു എന്ന് തോന്നാം. പക്ഷേ എനിക്കങ്ങനെ മിണ്ടാതിരിക്കാൻ കഴിയാറില്ല" രൂപേഷ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അല്ല നേരിട്ടായാലും തന്നെ ചൊറിഞ്ഞാൽ തിരിച്ചു കിട്ടുമെന്നും രൂപേഷ് പീതാംബരൻ പറയുന്നു. "എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തും. അത് ആരായാലും, അതിപ്പൊ സോഷ്യൽ മീഡിയ എന്നല്ല നേരിട്ടായാലും ഞാൻ മാന്തും. ഞാനിപ്പോ എങ്ങനെയാണോ സംസാരിക്കുന്നത് അതാണ് ഞാൻ. മുഖമില്ലാത്ത ആളുകൾക്കു മറുപടി കൊടുക്കണം എന്നില്ല ശരിയാണ്. പക്ഷേ വെറുതെ ഇരികുമ്പോഴാണല്ലോ നമ്മൾ സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിക്കുക. അപ്പോഴാണ് മറുപടിയും കൊടുത്തു പോവുന്നത്" രൂപേഷ് കൂട്ടിച്ചേർത്തു.
കടുവ സിനിമയെ കുറിച്ചുണ്ടായ വിവാദത്തെ കുറിച്ചും രൂപേഷ് പീതാംബരൻ മനസ് തുറന്നു. "അവർ അന്ന് സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് പറഞ്ഞപ്പോൾ കടുവ ഒരു ഉദാഹരണമായി എനിക്ക് പറയേണ്ടി വന്നു. എനിക്ക് വേണമെങ്കിൽ ആ സിനിമയുടെ പേരെടുക്കാതെ തന്നെ പറയാമായിരുന്നു. പക്ഷേ ആ പേരെടുത്ത് പറഞ്ഞപ്പോൾ ഒരു ചലനമുണ്ടായി" രൂപേഷ് വ്യക്തമാക്കി.












Click it and Unblock the Notifications