'അവന്റെ മാനസിക നില ശരിയല്ല, എന്നെ തട്ടിയാൽ ചെപ്പ അടിച്ചു തിരിക്കും'; സന്തോഷ് വർക്കിക്കെതിരെ സാബുമോൻ
പ്രമുഖ റിവ്യൂവറും യൂട്യൂബറുമായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ ആഞ്ഞടിച്ച് നടൻ സാബുമോൻ അബ്‌ദുസമദ്. മറ്റൊരാളുടെ ശരീരത്തിലേക്ക് കടന്നുകയറാൻ എന്ത് അവകാശമാണ് ഇയാൾക്കുള്ളതെന്നായിരുന്നു സാബുമോന്റെ ചോദ്യം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാബുമോൻ സന്തോഷ് വർക്കിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.
നടൻ നന്ദുവിന്റെ ശരീരത്തിൽ തട്ടുന്ന സന്തോഷ് വർക്കിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് സാബുമോൻ രംഗത്ത് വന്നത്. തന്റെ ദേഹത്താണ് തട്ടിയതെങ്കിൽ അടിച്ചു ചെപ്പ തിരിച്ചുകളയുമായിരുന്നു എന്നാണ് സാബു പറഞ്ഞത്. ഇത്തരക്കാരെ വലിയ രീതിയിൽ അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രീതിയെയും നടൻ വിമർശിച്ചു.

'അവന്റെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. നന്ദു ചേട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ അവൻ വന്ന് കൈകൊടുത്തു. എന്നിട്ട് പോകാൻ നേരം തോളത്ത് തട്ടി. ഇതിന് ശേഷം നന്ദു ചേട്ടനെ കണ്ടപ്പോൾ പുറത്തുതട്ടിയപ്പോൾ തന്നെ പ്രതികരിച്ചുകൂടെ എന്ന് ചോദിച്ചു. അവന്റെ ചെവിക്കല്ല് അടിച്ചുപൊട്ടിക്കണ്ടേ എന്നാണ് ഞാൻ നന്ദു ചേട്ടനോട് ചോദിച്ചത്' സാബുമോൻ പറയുന്നു.
അപ്പോൾ നന്ദു ചേട്ടൻ പറഞ്ഞ മറുപടി ഇതായിരുന്നു. ഞാൻ വല്ലതും ചെയ്‌തിട്ട് വേണം സോഷ്യൽ മീഡിയയിൽ ഉള്ളവർ എന്നെ തെറിവിളിക്കാൻ. എടാ അത് വേറൊരു ലോകമാണെടാ. ഞാൻ എന്തോ ചെയ്യാനാണ് എന്നായിരുന്നു. ആരാണ് അവൻ? എന്റെ ദേഹത്ത് വല്ലതുമാണ് മുട്ടിയതെങ്കിൽ അവന്റെ ചെപ്പ അടിച്ചു ഞാൻ തിരിച്ചേനെ; സാബുമോൻ പ്രതികരിച്ചു.
ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്നുകയറാൻ അവനെന്ത് അധികാരമാണുള്ളത്? അയാൾ മാനസികമായി ഓക്കേ അല്ല. നിങ്ങൾ മാധ്യമങ്ങൾ എല്ലാവരും ചേർന്നാണ് ഒരു ഊളനെ സെലിബ്രിറ്റി ആക്കിയത്. ഒരാളുടെ പേഴ്‌സണൽ സ്‌പേസിൽ തോളിൽ തട്ടിയിട്ട് കയറി പോവുകയാണ്. അത് നന്ദു ചേട്ടൻ സഹിക്കുകയാണ്; താരം ചൂണ്ടിക്കാണിച്ചു.
പുള്ളിക്ക് ഷേക്ക് ഹാൻഡ് കൊടുക്കണമെന്നത് നിർബന്ധമാണോ? നിത്യാ മേനൻ എന്ന് പറയുന്ന നടിയെ നിരന്തരമായി ശല്യം ചെയ്യുകയാണ് അയാൾ. അവർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. എന്റെ വീട്ടിലെ പെങ്കോച്ചുങ്ങളെയാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ അവനെ കൊന്നിട്ട് ഞാനിപ്പോൾ ജയിലിൽ പോയേനെ; സാബുമോൻ കൂട്ടിച്ചേർത്തു.
എന്നാൽ സാബുമോൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പിന്നാലെ തന്നെ സന്തോഷ് വർക്കിയും രംഗത്ത് വന്നിരുന്നു. ഇൻസ്‌റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് വന്ന സിനിമയിലെ പെണ്ണ് പിടിയന്മാരെ കുറിച്ച് സാബുമോൻ എന്തുകൊണ്ടാണ് വാ തുറക്കാത്തത് എന്നായിരുന്നു സന്തോഷ് വർക്കിയുടെ ചോദ്യം.
അതേസമയം, സിനിമാ റിലീസ് ദിവസം തിയേറ്ററിൽ നിന്ന് പങ്കുവയ്ക്കുന്ന റിവ്യൂകളിലൂടെയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ശ്രദ്ധേയനായത്. കൂടാതെ ഒട്ടേറെ വിവാദങ്ങളിലും ഇയാൾ ചെന്നുപെട്ടിരുന്നു. നടി നിത്യ മേനനെ നിരന്തരം പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തെന്ന പേരിൽ ഇയാൾ നേരത്തെ വിമർശനം നേരിട്ടിരുന്നു.












Click it and Unblock the Notifications