യേശുദാസ് കാരണം പല ചെറിയ ഗായകരുടെയും അവസരം നഷ്‌ടമായി? ശങ്കർ നൽകുന്ന മറുപടി ഇങ്ങനെ
മലയാളത്തിന്റെ പ്രിയ ഗായകൻ യേശുദാസിനെ കുറിച്ച് കാലങ്ങളായി ഉയരുന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ ശങ്കർ. യേശുദാസ് പല ഗായകരുടെയും അവസരം തട്ടിയെടുത്തുവെന്നും ചെറു ഗായകർ പോലും ബുദ്ധിമുട്ടിലായെന്നുമുള്ള പ്രചാരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ശങ്കർ. തന്റെ പുതിയ സിനിമയായ എഴുത്തോലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശങ്കറിന്റെ പ്രതികരണം.
പുതിയ ഗായകർക്ക് യേശുദാസ് കാരണം അവസരം നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് ശങ്കർ പറയുന്നത്. സിനിമ എന്നത് ആത്യന്തികമായി ബിസിനസ് മാത്രമായതിനാലാണ് പലതും സംഭവിക്കുന്നത് എന്നും ശങ്കർ കൂട്ടിച്ചേർത്തു. അക്കാലത്തെ കച്ചവട താൽപര്യങ്ങളും ഇതിന് പിന്നിലെ കാരണമായി ശങ്കർ വിലയിരുത്തുന്നു.

സിനിമാ പാട്ടുകളുടെ കാസറ്റുകൾ വിറ്റുപോവണമെങ്കിൽ യേശുദാസോ ജയചന്ദ്രനോ പാടണമെന്നതായിരുന്നു അന്നത്തെ സാഹചര്യമെന്നും ശങ്കർ പറയുന്നു. പല നിർമ്മാതാക്കൾക്കും അതിനാൽ യേശുദാസിനെ കൊണ്ട് പാടിപ്പിക്കാനായിരുന്നു താൽപര്യം, ഇന്നത്തെ കാലത്ത് സാഹചര്യങ്ങൾ വ്യത്യസ്‌തമാണെന്നും ശങ്കർ ചൂണ്ടിക്കാട്ടി.
'പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാര്യമുണ്ട്. പണ്ട് യേശുദാസ് സർ കാരണം പല ഗായകരുടെയും അവസരം നഷ്‌ടമായി എന്ന്. ശരിക്കും അന്നത്തെ കാലത്ത് ഏറ്റവും വലിയ ഗായകനായിരുന്നു ദാസേട്ടൻ. പുള്ളിക്ക് ശേഷം ഉണ്ടായിരുന്നത് ആവട്ടെ ജയചന്ദ്രൻ ചേട്ടനും. ഇവർ പാടിയ പാടാണെങ്കിൽ അതിന്റെ കാസറ്റുകൾ വൻ തുകയ്ക്ക് വിറ്റുപോവുമായിരുന്നു' ശങ്കർ പറയുന്നു.
'എന്നാൽ ചെറിയ പാട്ടുകാരോ മറ്റോ ആണ് പാടുന്നതെങ്കിൽ പൈസയും കുറച്ചേ കിട്ടുമായിരുന്നുള്ളൂ. സിനിമയെന്നാൽ ആത്യന്തികമായി ബിസിനസ് മാത്രം നോക്കുന്നതാണ്. അതുകൊണ്ട് പല പ്രൊഡ്യൂസർമാർക്കും യേശുദാസിനെ കൊണ്ട് പാടിപ്പിക്കാനായിരുന്നു താൽപര്യം. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം വ്യത്യസ്‌തമാണ്. ഇന്ന് ആർക്കും മുൻപോട്ട് വരാനുള്ള അവസരമുണ്ട്' എന്നും ശങ്കർ കൂട്ടിച്ചേർത്തു.
അതേസമയം, എൺപതുകളിലും തൊണ്ണൂറുകളിലും ഹിറ്റ് സിനിമകളിലെ നായകനായിരുന്ന ശങ്കറിന് വേണ്ടി നിരവധി ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. അക്കാലത്ത് സൂപ്പർസ്‌റ്റാർ പദവിയിൽ എത്തിയ നടൻ കൂടിയായിരുന്നു ശങ്കർ. എന്നാൽ പിന്നീട് മോഹൻലാൽ, മമ്മൂട്ടി മത്സരത്തിനിടെ താരത്തിന്റെ ഗ്രാഫ് താഴേക്ക് പോവുകയായിരുന്നു.
ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറിനിന്ന അദ്ദേഹം പിന്നീട് തിരിച്ചെത്തിയത് സഹനടൻ ആയാണ്. നിരവധി ചിത്രങ്ങൾ ശങ്കർ വേഷമിട്ടു. ഇപ്പോൾ സംവിധാന രംഗത്തേക്ക് ഇറങ്ങാനുള്ള തയ്യറെടുപ്പിലാണ് താരം. അതിനിടെ താരത്തിന്റെ ഏറ്റവും ചിത്രമാണ് എഴുത്തോല. സുരേഷ് ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ നിഷ സാരംഗും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻ സിത്താരയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.












Click it and Unblock the Notifications