നടൻ ശ്രേയസ് തൽപാഡെയ്ക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്‌റ്റിയ്ക്ക് വിധേയനായി...
മുംബൈ: നടൻ ശ്രേയസ് തൽപാഡെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം. മുംബൈ അന്ധേരിയിലെ ബെല്ലെവ്യൂ ആശുപത്രിയിൽ താരം ആൻജിയോപ്ലാസ്‌റ്റിയ്ക്ക് വിധേയനായതയാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
"വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്, ഏകദേശം രാത്രി 10 മണിയോടെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു, കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഡിസ്ചാർജ് ചെയ്യാൻ കഴിയും" ആശുപത്രി അധികൃതർ അറിയിച്ചു.

മുംബൈയിൽ ഷൂട്ടിംഗിന് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ശ്രേയസ് തൽപാഡെ കുഴഞ്ഞു വീണതെന്നാണ് ആശുപതി അധികൃതർ പറയുന്നത്. വ്യാഴാഴ്‌ച വൈകുന്നേരം 'വെൽകം ടു ജംഗിൾ' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഹിന്ദി, മറാത്തി സിനിമകളിലൂടെ തന്റെ മികവ് തെളിയിച്ച നടനാണ് 47 കാരനായ ശ്രേയസ് തൽപാഡെ. 2005ൽ നസറുദ്ദീൻ ഷാ അഭിനയിച്ച 'ഇഖ്ബാൽ' എന്ന സിനിമയിൽ ഭിന്നശേഷിക്കാരനായ ഒരു കായികതാരത്തിന്റെ വേഷം അവതരിപ്പിച്ചതിലൂടെ അദ്ദേഹം വളരെയധികം ജനപ്രീതി നേടുകയും, നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്‌തിരുന്നു.
മറാത്തി ടിവി ഷോകളിലൂടെയും നാടകങ്ങളിലൂടെയുമാണ് ശ്രേയസ് തൽപാഡെ പ്രശസ്‌തിയിലേക്ക് ഉയർന്നത്, ഇക്ബാലിൽ അഭിനയിക്കുന്നതിന് മുൻപ് താരം നിരവധി ടിവി ഷോകളുടെ ഭാഗമായിരുന്നു. ഷാരൂഖ് ഖാൻ നായകനായ 'ഓം ശാന്തി ഓം', 'ഗോൾമാൽ റിട്ടേൺസ്', 'ഹൗസ്‌ഫുൾ 2' എന്നിവയുൾപ്പെടെ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം, 'ഡോർ' പോലെയുള്ള സിനിമകളിലൂടെ നിരൂപക പ്രശംസയും നേടിയെടുത്തു.
കങ്കണ റണൗട്ട് സംവിധാനം നിർവഹിക്കുന്ന എമർജൻസിയാണ് ശ്രേയസിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, ബിജെപിയുടെ എക്കാലത്തെയും വലിയ നേതാക്കളിൽ ഒരാളുമായ അടൽ ബിഹാരി വാജ്‌പേയിയുടെ വേഷമാണ് ചിത്രത്തിൽ ശ്രേയസ് കൈകാര്യം ചെയ്യുന്നത്.












Click it and Unblock the Notifications