'ആ മോഹൻലാൽ ചിത്രത്തിലെ എന്റെ വേഷം അവസാന നിമിഷം ജഗദീഷിന് നൽകി, പകരം..'; സിദ്ദിഖ് പറയുന്നു
മലയാള സിനിമയിൽ വേഴ്‌സറ്റയിൽ നടൻ എന്ന് ഒരേ സ്വരത്തിൽ എല്ലാവരും വിളിക്കുന്ന നടന്മാരിൽ ഒരാളാണ് സിദ്ദിഖ്. വില്ലൻ വേഷങ്ങളിലും സഹതാരമായും സ്വഭാവ വേഷണങ്ങളിലും ഒക്കെ തിളങ്ങാനുള്ള പ്രത്യേക കഴിവുള്ള താരമാണ് സിദ്ദിഖ്. മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി സിദ്ദിഖ് ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ സിദ്ദിഖ് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച ഒരു സിനിമയാണ് നേര്. മോഹൻലാൽ നായകനായെത്തിയ ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് സിദ്ദിഖ് അഭിനയിച്ചത്. എന്നാൽ ചിത്രത്തിലെ തന്റെ കഥാപാത്രം ശരിക്കും ഇതായിരുന്നില്ലെന്നാണ് താരം ഇപ്പോൾ പറയുന്നത്.

മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം തുറന്നുപറഞ്ഞത്.സിനിമയിൽ ആദ്യം തനിക്ക് വേണ്ടി വച്ച വേഷം ജഗദീഷ് അവതരിപ്പിച്ച അനശ്വരയുടെ പിതാവിന്റെ കഥാപാത്രം ആയിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ട് മുൻപാണ് ഇത് മാറി തനിക്ക് പുതിയ വേഷം തന്നതെന്നും സിദ്ദിഖ് പറയുന്നു.
'അവസാന നിമിഷത്തിലാണ് എന്നെ ആ കഥാപാത്രത്തിലേക്ക് തീരുമാനിച്ചത്. ഇതിൽ അനശ്വര രാജൻ ചെയ്‌ത വാപ്പയുടെ റോളായിരുന്നു എനിക്ക് ആദ്യം പറഞ്ഞു വച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് ഇത് മാറുകയായിരുന്നു.' സിദ്ദിഖ് പറയുന്നു. പിന്നീട് മറ്റൊരു മുതിർന്ന താരമായ ജഗദീഷാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്.
'പിന്നീട് ലുക്കിലും മറ്റും മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ഈ വേഷത്തിനായി ശാന്തിയിൽ നിന്നും ജീത്തുവിൽ നിന്നും ധാരാളം ടിപ്പുകൾ കിട്ടിയിരുന്നു. പിന്നെ അങ്ങോട്ട് ശരിക്കും ആഘോഷിക്കുകയായിരുന്നു. വളരെയധികം ആസ്വദിച്ചാണ് നേര് സിനിമ ചെയ്‌തത്' സിദ്ദിഖ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ അഡ്വ. രാജശേഖരൻ എന്ന കഥാപാത്രമായാണ് സിദ്ദിഖ് എത്തിയത്.
ഒരു നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രമായിരുന്നു അത്. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസ നേടിയതും സിദ്ദിഖിന്റെ അഭിനയം തന്നെയായിരുന്നു. കൂടാതെ ജീത്തു ജോസഫ് ഒരുക്കിയ നേര് മോഹൻലാലിൻറെ ബോക്‌സ് ഓഫീസ് തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഏറെക്കാലത്തിന് ശേഷമായിരുന്നു ഒരു മോഹൻലാൽ ചിത്രം നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത്.
അനശ്വര രാജൻ, പ്രിയാമണി, ജഗദീഷ്, ശ്രീധന്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ശാന്തി മായാദേവി ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications