'പുറത്ത് പട്ടി കുരച്ചാൽ സമാധാനം പോവുമോ..? എന്നെ ഒന്നും ബാധിക്കാറില്ല'; വിമർശനങ്ങളെ കുറിച്ച് ശ്രീനാഥ് ഭാസി
മലയാളത്തിലെ മുൻനിര നായികൻമാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ യുവാക്കളുടെ കൈയ്യടി നേടിയ താരമാണ് ഭാസി. കൊച്ചി ഭാഷ സംസാരിക്കുന്ന ചുള്ളൻ പയ്യന്റെ ഇമേജ് പലപ്പോഴും അത്തരം വേഷങ്ങൾ കൂടുതലായി ചെയ്യാൻ ഭാസിയെ പ്രേരിപ്പിച്ചെങ്കിലും അടുത്തിടെയായി കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും താരത്തെ തേടി എത്തുന്നുണ്ട്. അത്തരത്തിൽ ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എൽഎൽബി.
ഇതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനാഥ് ഭാസി നൽകിയ ഒരു ഇന്റർവ്യൂ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിലെ ഉയർച്ച താഴ്‌ചകളെ കുറിച്ചും, നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും, വിമർശനങ്ങളെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് ഭാസി ഇപ്പോൾ. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിനാണ് ഭാസി അഭിമുഖം നൽകിയത്.

അഭിനയിച്ചു തുടങ്ങിയത് പാട്ട് കാരണം ആണെന്നാണ് ഭാസി പറയുന്നത്. 'കൂടുതൽ പൈസ കിട്ടുന്നത് അഭിനയത്തിനാണ്. പൈസ കൂടുതൽ ഞാൻ ചിലവാക്കേണ്ടത് പാട്ടിനും. പക്ഷെ പുറത്ത് പോയാൽ പാട്ടിനു നല്ല പൈസ ലഭിക്കും. അഭിനയം ഒരു അനുഗ്രഹമാണ്. അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന ഒക്കെയാണ് അഭിനയത്തിന് പിന്നിൽ.' താരം മനസ് തുറന്നു.
'ഫ്രീക്ക് പയ്യൻ എന്ന റോളുകളിൽ നിന്നും ഞാൻ മാറി എന്നതിനേക്കാൾ എനിക്ക് അങ്ങിനെയുള്ള റോളുകൾ വരാൻ തുടങ്ങി എന്നതാണ് സത്യം. നല്ല റോളുകൾ വന്നു തുടങ്ങിയ ശേഷമാണ് ശരിക്കും അഭിനയത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ പറ്റിയത്. അത്തരം റോളുകൾ എനിക്ക് ലഭിച്ചു തുടങ്ങിയത് കുമ്പളങ്ങി നൈറ്റ്സ് മുതലാണ്.' ശ്രീനാഥ് വ്യക്തമാക്കി.
'വിമർശനങ്ങളെ കുറിച്ചും ശ്രീനാഥ് തന്റെ നിലപാട് വ്യക്തമാക്കി. പുറത്ത് ഉണ്ടാവുന്ന ഒരു 'ശബ്‌ദവും എന്റെ ഉള്ളിലെ സമാധാനത്തെ ബാധിക്കാറില്ല. പുറത്തെ ശബ്‌ദങ്ങൾ എന്നെ ബാധിക്കുമോ എന്ന് ചോദിക്കുന്നത് പട്ടി കുരച്ചാൽ ബാധിക്കുമോ എന്ന് ചോദ്യം പോലെയാണ്. എനിക്ക് അഞ്ചു പട്ടികൾ ഉണ്ട് വീട്ടിൽ. എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ഡയലോഗ് അടിച്ചാലും നമ്മളെ എഫക്‌ട് ചെയ്യും.' താരം വെളിപ്പെടുത്തി.
'എന്റെ ആദ്യത്തെ കുറച്ച് സിനിമകൾ കഴിഞ്ഞപ്പോൾ ഒരു ഫ്രണ്ട് പറഞ്ഞിരുന്നു, എന്റെ സ്വഭാവം മാറ്റി കുറച്ച് ഫേക്ക് ആക്കാൻ. പിന്നെ കുറച്ചുകാലം എനിക്ക് സിനിമ ഇല്ലായിരുന്നു. നമ്മൾ നമ്മളായിട്ട് നിൽക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ നമ്മൾ പടിയാവണം എന്നാണോ. നിങ്ങൾക്ക് എന്നെ ഇഷ്‌ടമല്ലെങ്കിലും എനിക്ക് നന്നായി അഭിനയിക്കാൻ പറ്റുന്നുണ്ടെങ്കിൽ അത് എന്നിലൊരു സത്യമുള്ളത് കൊണ്ടാണ്.' ശ്രീനാഥ് പറഞ്ഞു.
'ദയവ് ചെയ്‌ത് എന്നെ ആരും ഫോളോ ചെയ്യരുത്. ഞാൻ ആരുടേയും മാതൃക അല്ല. ഞാൻ വെറുതെ സിനിമ ചെയ്യുന്ന ഒരു സാധാരണ ചെക്കനാണ്. എന്നെ മാതൃക ആക്കിയാൽ വല്ലാത്ത വൃത്തികെട്ട മാതൃക ആയിപ്പോകും' ശ്രീനാഥ് ഭാസി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications