മക്കളുണ്ടാകില്ലെന്ന് ഡോക്‌ടർമാർ; ഭർത്താവിനോട് വേറെ വിവാഹം കഴിക്കാൻ ഖുശ്‌ബു പറഞ്ഞു, വെളിപ്പെടുത്തൽ
തെന്നിന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും ജനപ്രീതി ഉള്ള നായികമാരിൽ ഒരാളാണ് ഖുശ്‌ബു. തമിഴ് സിനിമയിൽ മാത്രമല്ല, തെലുഗു, മലയാളം, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു അവർ. ഭർത്താവായ സുന്ദർ സിയും പ്രമുഖ നടനും സംവിധായകനുമാണ്. ഇരുവരുടെയും കുടുംബജീവിതം നല്ല നിലയിൽ പോവുന്നതിനിടെ ഒരു പഴയ കാര്യം വെളിപ്പെടുത്തുകയാണ് ഇപ്പോൾ സുന്ദർ സി.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് സുന്ദർ സി തന്റെ ജീവിതത്തിലെ ഒരു വൈകാരികമായ മുഹൂർത്തം വെളിപ്പെടുത്തിയത്. മകളായ അവന്തിക ജനിക്കുന്നതിന് മുൻപ് താനും ഖുശ്ബുവും വല്ലാതെ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിരുന്നതായി സുന്ദർ സി പറയുന്നു. അതിന്റെ പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

മകൾ അവന്തികയുമായി നിൽക്കുന്ന ഒരു പഴയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുന്ദർ സി വൈകാരിമായി സംസാരിച്ചത്. വിവാഹത്തിന് മുൻപ് ഒരിക്കൽ ഖുശ്ബുവിന് അസുഖ ബാധ ഉണ്ടായെന്നും അന്ന് ഡോക്‌ടർമാർ ഒരിക്കലും മക്കൾ ഉണ്ടാവില്ലെന്ന് വിധിയെഴുതിയെന്നും സുന്ദർ സി ചൂണ്ടിക്കാണിക്കുന്നു.
'വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് അസുഖങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്‌ടർമാർ പറഞ്ഞത്. ഇതറിഞ്ഞപ്പോൾ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കാനാണ് അവൾ ആവശ്യപ്പെട്ടത്. പക്ഷേ അവളെയായിരിക്കും വിവാഹം കഴിക്കുക എന്നെനിക്ക് ഉറപ്പായിരുന്നു' സുന്ദർ സി പറയുന്നു.
മക്കൾ ഇല്ലാത്ത ജീവിതത്തിനായി താൻ തയ്യാറായിരുന്നു എന്നും പക്ഷേ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു എന്നും ഇപ്പോൾ തങ്ങൾക്ക് രണ്ട് മാലാഖകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഖുശ്ബുവിന്റെ സ്വഭാവ രീതികളെ കുറിച്ചും അദ്ദേഹം വാചാലനായി. ഖുശ്‌ബു വളരെ ഹൈപ്പർ ആക്‌ടീവ് ആയ വ്യക്തി ആയിരുന്നുവെന്നും താനും അങ്ങനെ ആയി മാറിയെന്നും സുന്ദർ സി പറയുന്നു.
'അവൾ എല്ലാ കാര്യങ്ങളും ആളുകളോട് പറയാറുണ്ട്, എപ്പോഴും അങ്ങനെ തന്നെയായിരുന്നു. പക്ഷെ ഞാൻ അങ്ങനെ അല്ലായിരുന്നു. ഒതുങ്ങിയ വ്യക്തിയായിരുന്നു. അവളും ഞാനും വിപരീത ധ്രുവത്തിൽ ആയിരുന്നു. ഒരു സമയം കഴിഞ്ഞപ്പോൾ ഞാനും അവളെപോലെ ആയി' സുന്ദർ സി ഖുശ്ബുവിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചു.
അതേസമയം, സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും താരം ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ്. ബിജെപിയുടെ ഭാഗമായാണ് ഖുശ്‌ബു ഇപ്പോൾ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിലും മറ്റും താരം സജീവമാണ്.












Click it and Unblock the Notifications