'റിവ്യൂ തന്നെ ഒരു മിമിക്രിയാക്കി മാറ്റുന്നു, വരുമാനം മാത്രമാകരുത് ലക്ഷ്യം'; റിവ്യൂ വിവാദത്തിൽ വിജയ് ബാബു
സിനിമയുടെ ഭാവി നിർണയിക്കുന്നതിൽ റിവ്യൂസിന്റെ പങ്കിനെ കുറിച്ചും, ഇപ്പോഴത്തെ നിരൂപണ നിലവാരത്തെ കുറിച്ചും തുറന്നടിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. മലയാള സിനിമയുടെ ജയപരാജയങ്ങളും റിവ്യൂസും തമ്മിൽ ബന്ധപ്പെടുത്തി വലിയ രീതിയിൽ ചർച്ചകൾ നക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്‌ത ചിത്രങ്ങൾ തിയേറ്ററുകളിൽ തകർത്തോടുമ്പോഴും റിവ്യൂ ചെയ്യുന്ന രീതിയെ കുറിച്ചാണ് വിജയ് ബാബു ആരോപണം ഉന്നയിച്ചത്.
'റിവ്യൂസ് എന്ന് പറയുന്നത് നമ്മൾ എത്രയോ നാളുകളായി ചർച്ച ചെയ്‌ത് കൊണ്ടിരിക്കുന്ന വിഷയമാണ്. അവരൊരു ഇൻഡിവിജ്വൽ ആണ്. അവർ അവരുടെ അഭിപ്രായം പറയുമ്പോൾ, പലപ്പോഴും ഞാനും കണ്ടിട്ടുണ്ട്. ഈ റിവ്യൂവിംഗ് എന്ന് പറയുന്നത് ദൈവത്തെ ഓർത്ത് നിങ്ങൾ പബ്ലിക്കിന് കൂടി കാണാനുള്ള മൂന്നു ദിവസം കൊടുക്കണം.' വിജയ് ബാബു ആവശ്യപ്പെട്ടു.

'ഞാൻ തുടക്കം മുതലേ പറയുന്ന കാര്യമാണത്. ഞാൻ ഒരിക്കലും റിവ്യൂ ചെയ്യുന്നവർക്ക് എതിരൊന്നുമല്ല. എന്നാൽ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത എന്താണെന്ന് വെച്ചാൽ ഈ റിവ്യൂ തന്നെ ഒരു മിമിക്രിയായി മാറ്റിയിരിക്കുന്നു. അത് ആളുകളിലേക്ക് കൂടുതലായി എത്താനും, കൂടുതലായി ആകർഷിക്കാനും അത് വഴി റീച്ച് കിട്ടാനുമൊക്കെ ആണ്' അദ്ദേഹം പറഞ്ഞു.
" ബേസിക്കലി അത് വെച്ച് റവന്യൂ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. റിവ്യൂസ് ഒക്കെ ആവാം എന്നാൽ അതിനെ ഒരിക്കലും വ്യക്‌തിപരമായ അധിക്ഷേപമോ, ഒരു സിനിമയെ അടച്ചാക്ഷേപിക്കുന്ന നിലയിലേക്കോ ആവുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. പോസിറ്റീവ് ആയിട്ടുള്ള റിവ്യൂസ് നമ്മൾ എടുക്കാൻ തയ്യാറാണ്' താരം പറയുന്നു.
'എപ്പോഴും നമ്മൾ തന്നെ തിരുത്താനായിട്ട് ഇത്തരം കാര്യങ്ങൾ ആവശ്യമായി വരും. ഒന്നാമത്തെ കാര്യം അതൊരു മൂന്ന് ദിവസം കഴിഞ്ഞ് മതി, നിങ്ങൾക്ക് ഒരുപക്ഷേ ആ സിനിമ ഇഷ്‌ടപ്പെടാം, ഇഷ്‌ടപ്പെടാതിരിക്കാം. ഒരുപക്ഷേ അതിന്റെ പ്രൈമറി ഓഡിയൻസ് നിങ്ങൾ അല്ലായിരിക്കാം. നിങ്ങളുടെ പ്രായത്തിന് വേണ്ടി നിർമ്മിച്ച സിനിമ ആയിരിക്കില്ല അത്.' വിജയ് ബാബു ചൂണ്ടിക്കാട്ടി.
'ചെലപ്പോൾ ആ ചിത്രത്തിന്റെ പ്രൈമറി ഓഡിയൻസ് സ്ത്രീകൾ ആയിരിക്കും. നിങ്ങളൂർ അഭിപ്രായങ്ങൾ നിങ്ങൾ പറയൂ. എന്നാൽ എനിക്ക് നിങ്ങളുടെ വൈഫിന്റെയോ അമ്മയുടേയോ കൂടി അഭിപ്രായം അറിയണമെന്നുണ്ട്. അവര് കണ്ടോ ? നിങ്ങൾ ചെലപ്പോ ഇഷ്‌ടപെട്ടില്ലായിരിക്കാം. ഇവിടെ സ്ത്രീകളായ റിവ്യൂവേഴ്‌സ് വളരെ കുറവാണ്' വിജയ് ബാബു പറഞ്ഞു.
'പക്ഷേ അതിനെകുറിച്ച് അതേ വേഷം കെട്ടി, അതേപോലെ അനുകരിച്ച് കുറച്ച് റീച്ചുള്ളവർക്ക് പെട്ടെന്ന് ജനങ്ങളിൽ നിന്ന് സിനിമയെ അകറ്റാൻ കഴിയും. അതൊക്കെ മലയാള സിനിമക്ക് ദോഷം ചെയ്യും. എന്ന് വെച്ച് റിവ്യൂ കൊണ്ട് മാത്രമല്ല സിനിമ പരാജയപ്പെടുന്നത്. നല്ല സിനിമകൾ നിർമ്മിക്കുകയും വേണം, ഇപ്പോൾ നല്ല സിനിമകൾ ഓടിക്കൊണ്ടിരിക്കുന്നുണ്ടല്ലോ, അതും ഒരു പോസിറ്റീവ് ആയിട്ടുള്ള വശമാണ്' താരം കൂട്ടിചേർത്തു.












Click it and Unblock the Notifications