'എന്റെ ഓഫീസിൽ ഫ്രെയിം ചെയ്‌തുവച്ചത് ഒരു മലയാള നടന്റെ ഓട്ടോഗ്രാഫ്'; വെളിപ്പെടുത്തി വിജയ് സേതുപതി
മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് മനസ് തുറന്ന് തമിഴ് നടൻ വിജയ് സേതുപതി. തന്റെ അൻപതാമത്തെ ചിത്രമായ മഹാരാജയുമായി ബന്ധപ്പെട്ട ഒരു പ്രസ് മീറ്റിലാണ് താരം 'ബിഗ് എംസ്' എന്ന് വിളിക്കപ്പെടുന്ന മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് വാ തോരാതെ സംസാരിച്ചത്. മോഹൻലാലുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവവും താരം വെളിപ്പെടുത്തുകയുണ്ടായി.
നേരത്തെ തന്നെ വിവിധ ഇടങ്ങളിൽ മോഹന്ലാലിനോടുള്ള ആരാധന തുറന്ന് പറഞ്ഞിട്ടുള്ള വിജയ് സേതുപതി ഇപ്പോൾ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി. തന്റെ ഓഫീസിൽ ഫ്രെയിം ചെയ്‌ത് വച്ചിരിക്കുന്ന ഒരേയൊരു ഓട്ടോഗ്രാഫ് ഒരു മലയാള നടന്റേതാണെന്നും അത് മോഹൻലാൽ ആണെന്നുമായിരുന്നു വിജയ് സേതുപതി പറഞ്ഞത്.

'മോഹൻലാൽ സാറിനെ എനിക്ക് വളരെ ഇഷ്‌ടമാണ്. ഒരിക്കൽ മുംബെെയിൽ ഞാൻ താമസിച്ച ഹോട്ടലിൽ അദ്ദേഹവും ഉണ്ടെന്ന് അറിഞ്ഞപ്പോൾ അനുമതി വാങ്ങി ഞാൻ അദ്ദേഹത്തെ കാണാൻ പോയി. എന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ ഓട്ടോഗ്രോഫ് ഞാൻ ഫ്രെയിം ചെയ്‌തു വച്ചിട്ടുണ്ട്. അവിടെ ഫ്രെയിം ചെയ്‌തു വച്ചിരിക്കുന്ന ഒരേയൊരു കയ്യക്ഷരം അത് മോഹൻലാൽ സാറിന്റേതാണ്' വിജയ് സേതുപതി പറയുന്നു.
മലയാളത്തിന്റെ മെഗാ സ്‌റ്റാർ മമ്മൂട്ടിയെ കുറിച്ചും താരം മനസ് തുറന്നു. മമ്മൂട്ടിക്ക് യാതൊരു ഈഗോയും ഇല്ലെന്നായിരുന്നു താരം ചൂണ്ടിക്കാട്ടിയത്. അതിന് ഒരു ഉദാഹരണവും അദ്ദേഹം പ്രസംഗത്തിനിടെ പറയുകയുണ്ടായി. ഒരു മലയാള സിനിമയിൽ മമ്മൂട്ടി വിജയ് സേതുപതിയുടെ ഹിറ്റ് സിനിമയായ വിക്രം വേദയിലെ 'ഒരു കഥൈ സൊല്ലട്ടുമ' എന്ന പ്രശസ്‌തമായ ഡയലോഗ് പറഞ്ഞിരുന്നു. ഇതാണ് താരത്തെ സ്വാധീനിച്ചത്.
'മമ്മൂട്ടി സാർ ഒരു സിനിമയിൽ വിക്രം വേദയിലെ എന്നെപ്പോലെ സംസാരിച്ചില്ലേ? ഞാൻ അതിന്റെ ക്ലിപ്പുകൾ മാത്രമേ കണ്ടിട്ടുള്ളൂ. അദ്ദേഹം എത്ര വലിയ ഒരു നടനാണ്. ഞാൻ ഇന്നലെ വന്ന ഒരാളും. അദ്ദേഹം അത് യാതൊരു തരത്തിലുമുള്ള ഈഗോയും കൂടാതെ ചെയ്യുമ്പോൾ ഞാനൊക്കെ എന്താണ്..' വിജയ് സേതുപതി ചോദിച്ചു.
അതേസമയം, വിജയ് സേതുപതി നായകനായ അൻപതാമത്തെ ചിത്രമായ മഹാരാജ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.മലയാളികൾ ഈ ചിത്രത്തിന് നൽകിയ സ്വീകരണത്തിന് പ്രസ് മീറ്റിൽ വിജയ് സേതുപതി നന്ദി പറയുകയും ചെയ്‌തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ഒരു തമിഴ് ചിത്രം ബോക്‌സ് ഓഫീസിലും നിരൂപകർക്ക് ഇടയിലും മികച്ച അഭിപ്രായവുമായി മുന്നേറുന്നതെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
നിതിലൻ സാമിനാഥൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ വിജയ് സേതുപതിക്ക് പുറമെ മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, മണികണ്ഠൻ, നട്ടു, അഭിരാമി, അരുൾദാസ്,സംവിധായകൻ ഭാരതിരാജ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ പതിനാലിന് തിയേറ്ററുകളിൽ എത്തിയ മഹാരാജ മികച്ച കളക്ഷൻ കണക്കുകളുമായാണ് മുന്നേറുന്നത്. കാന്താരയിലൂടെ പ്രശസ്‌തനായ അജനീഷ് ലോക്‌നാഥ് ആണ് സംഗീത സംവിധാനം.












Click it and Unblock the Notifications