Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോകത്തിൽ ലഹരി ഉപയോഗം നടക്കുന്നത് സിനിമയിൽ മാത്രമല്ല, അത് അനുവാദമില്ലാതെ പുറത്തുവിടരുത്'; വിനയ് ഫോർട്ട്

മലയാള സിനിമയിൽ മികവ് തെളിയിച്ച നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ താരം തന്റെ അഭിനയ മികവ് നമുക്ക് മുന്നിൽ കാണിച്ചിരുന്നു. സിബി മലയിൽ സംവിധാനം ചെയ്‌ത അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് കടന്നുവന്ന വിനയ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഒട്ടേറെ നല്ല വേഷങ്ങളാണ് കൈകാര്യം ചെയ്‌തത്‌.

ഇതിനിടെ നായകനായും വിനയ് ഫോർട്ട് ഒട്ടേറെ സിനിമകളിൽ തിളങ്ങിയിരുന്നു. തമാശ എന്ന കുടുംബ ചിത്രത്തിലൂടെ താരം അടുത്തിടെ കൈയടി നേടിയിരുന്നു. സിനിമയിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന വിനയ് ഫോർട്ട് ഒരു തിയേറ്റർ ആർട്ടിസ്‌റ്റ് കൂടിയായിരുന്നു. സമകാലിക സംഭവങ്ങളിൽ ഉൾപ്പെടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ താരം ഒരു മടിയും കാണിക്കാറില്ല.

vinayfortinterview

അടുത്ത കാലത്തായി വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്, സിനിമയിലെ ലഹരി ഉപയോഗം എന്നിവയെ കുറിച്ചൊക്കെ അദ്ദേഹം തന്റെ കാഴ്‌ചപ്പാടുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ലഹരി ഉപയോഗം സിനിമയിൽ മാത്രമല്ല നടക്കുന്നതെന്ന് പറയുകയാണ് വിനയ് ഫോർട്ട്. കൂടാതെ സിനിമകളുടെ കളക്ഷൻ കണക്കുകൾ പുറത്തുവിടുന്ന ഇപ്പോഴത്തെ സംഭവവികാസത്തെ കുറിച്ചും വിനയ് ഫോർട്ട് മനസ് തുറക്കുകയുണ്ടായി.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനയ് ഫോർട്ടിന്റെ പ്രതികരണം. നിർമ്മാതാക്കളുടെ അനുമതിയില്ലാതെ കളക്ഷൻ കണക്കുകൾ പുറത്തുവിടുന്നത് തെറ്റായ പ്രവണതയാണെന്നും വിനയ് ഫോർട്ട് എടുത്തുപറഞ്ഞു. ഇന്നുവരെ താൻ ചോദിച്ച റോളുകൾ ഒന്നും കിട്ടിയില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ടിന്റെ വാക്കുകൾ

റോളുകൾ ചോദിച്ചു വാങ്ങുന്നതിൽ ഞാൻ വൻ പരാജയമാണ്. ചെറുതല്ല, ദയനീയ പരാജയമാണ്. വലിയ താരങ്ങൾ ആയിട്ടുള്ള സുഹൃത്തുക്കൾ അടക്കം എന്നോട് ചോദിച്ചിട്ടുണ്ട്, എടാ വീട്ടിലിരുന്നാൽ കിട്ടൂല. നീ പോയി ചോദിച്ചു വാങ്ങണമെന്ന്. ഇന്നുവരെ ചോദിച്ച റോളുകൾ ഒന്നും എനിക്ക് അങ്ങനെ കിട്ടിയിട്ടില്ല. പെരുമാനി എന്ന സിനിമയുടെ പുള്ളി എന്റെ സുഹൃത്തായിരുന്നു. അതിൽ മാത്രമാണ് എനിക്ക് ഇതുവരെ ചോദിച്ചിട്ട് കിട്ടിയത്.

ഞാൻ അങ്ങനെ ചാൻസുകൾ അധികം ചോദിച്ചിട്ടില്ല. എനിക്കങ്ങനെ ചോദിച്ചിട്ട് കിട്ടിയിട്ടുമില്ല. എനിക്കെപ്പോഴും സിനിമ കണ്ടിട്ട് അടുത്ത സിനിമയിലേക്ക് ആണ് വിളിക്കാറുള്ളത്. മസാല റിപ്പബ്ലിക്ക് എന്ന ചിത്രം കണ്ടിട്ടാണ് എന്നെ പ്രേമത്തിലേക്ക് വിളിച്ചത്. അതിൽ ഞാനും സൗബിനും ഒക്കെ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത് മസാല റിപ്പബ്ലിക്ക് കൊണ്ട് ലോകത്ത് ഒരു ഗുണം ഉണ്ടായ ഒരേയൊരു നടൻ ഞാൻ മാത്രമായിരിക്കും.

എഴുത്തിലേക്ക് കടക്കാനൊന്നുമുള്ള പ്ലാൻ ഒന്നും ഇപ്പോഴില്ല. മാത്രമല്ല അതൊക്കെ വളരെ രഹസ്യമായി പോവേണ്ട കാര്യമാണെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. ഞാൻ ഒരുപാട് ലക്ഷ്യം വച്ചാണ് ഈ ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. നമ്മളൊരു മനുഷ്യൻ ആവുക എന്ന് പറയാറില്ലേ. നമ്മുടെ ശരീരത്തെ ബഹുമാനിക്കണം എന്നാണല്ലോ പറയുന്നത്. നല്ല കാര്യങ്ങളോട് നന്ദിയുള്ളവൻ ആയിരിക്കുക.

സിനിമയെ ഇത് ബാധിക്കും. നമ്മുടെ ഒരു ശീലം കൊണ്ട് സിനിമയെ ബാധിക്കരുത്. വ്യക്തി ജീവിതത്തിൽ നിയമം അനുശാസിക്കുന്ന രീതിയിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ളത് പോലെ ജീവിക്കാം എന്ന് കരുതുന്ന ആളാണ് ഞാൻ. പിന്നെ ലോകത്തിൽ സിനിമയിൽ മാത്രമല്ല ലഹരി ഉപയോഗം ഉള്ളത്. അങ്ങനെ ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലും പല തരത്തിൽ ആളുകളുണ്ട്.

ഒരു പറ്റം ആളുകൾക്ക് നിങ്ങളുടെ ശീലം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നാണ് ഞാൻ കരുതുന്നത്. ബാക്കിയുള്ളതൊക്കെ നിങ്ങളുടെ വ്യക്തിപരമായിട്ടുള്ള കാര്യമാണ്. ഒരു നടൻ കള്ളു കുടിക്കരുത്, ലഹരി ഉപയോഗിക്കരുത് എന്നൊക്കെ പറയാൻ നമുക്ക് അവകാശം ഇല്ലാലോ. അതൊക്കെ അവരുടെ വ്യക്തിപരമായിട്ടുള്ള വിഷയമാണ്.

നിർമ്മാതാക്കളുടെ കണക്കുകളെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാൻ എനിക്ക് കാര്യമായി ഒന്നും അറിയില്ല. ഞാൻ എന്റെ മനസിൽ തോന്നുന്ന കാര്യങ്ങളാണ് പറയുന്നത്. എല്ലാ കാലത്തും സിനിമയിൽ വിജയശതമാനം കുറവായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം പരിപാടികളിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല.

ഞാൻ നാളെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയാണ് എന്ന് വിചാരിക്കുക. അങ്ങനെ വരുമ്പോൾ അതിന്റെ കണക്കുകൾ പുറത്തുവിടുമ്പോൾ അത് എന്നോട് കൂടി ചോദിക്കണം എന്ന് ഒരു അഭിപ്രായമുണ്ട്. അങ്ങനെയല്ലേ അത് വേണ്ടത്. അസോസിയേഷൻ അങ്ങനെ ഒരു പരിപാടി ചെയ്യുമ്പോൾ അത് ഒരു കൂട്ടായ പരിപാടിയും തീരുമാനവും ആയിരിക്കണം എന്നേയുള്ളൂ. അങ്ങനെ ചോദിക്കുക എന്നത് ഒരു മര്യാദയാണ് എന്നാണ് കരുതുന്നത്.

എന്റെ ചിന്തകളിൽ വലിയൊരു ഭാഗവും സിനിമയെ കുറിച്ചാണ്. ചില സിനിമകൾ ഒക്കെ പഠിക്കാൻ വേണ്ടിയും കാണാറുണ്ട്. ഞാനിപ്പോൾ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയതേ ഉള്ളൂ, എനിക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. നമ്മൾ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടു, അത്രത്തോളം നമ്മൾ അത് ഉപയോഗിച്ചു എന്നതാണ് കാര്യം. നമ്മളെക്കൊണ്ട് ഇനി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്ക് തന്നെ നല്ല പ്രതീക്ഷയുണ്ട്.

മഹത്തായ അഭിനേതാക്കൾ പുറംകാൽ കൊണ്ട് അടിക്കുന്ന അത്ര സാധനങ്ങൾ മാത്രമേ നമ്മളൊക്കെ ഇവിടെ ചെയ്‌തിട്ടുള്ളൂ. ഇതുവരെയും ഒരു സിനിമയുടെയും വിജയത്തിൽ ഞാൻ അതിയായി സന്തോഷിച്ചിട്ടില്ല. ശരിക്കും പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഒന്നും സ്ഥിരമല്ലലോ, ഒന്നും ജീവിതത്തിൽ സ്ഥിരമാണെന്ന് ഞാൻ കരുതുന്നില്ല.

പരാജയങ്ങളും ദുഖങ്ങളും സന്തോഷവും ഒന്നും സ്ഥിരമല്ല. വളരെ കുറച്ച് സമയമാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് ഞാൻ എപ്പോഴും ചിന്തിക്കുന്നത് ഒരു സിനിമയുടെ വിജയത്തിന് വേണ്ടി എന്നെകൊണ്ട് ആവുന്നത് പോലെ എല്ലാം ചെയ്യുക എന്നതാണ്. ഒരു സംവിധായകൻ മനസ്സിൽ കാണുന്നതിനും അപ്പുറം സ്‌ക്രീനിൽ നൽകാൻ കഴിയുക എന്നതൊക്കെയാണ്.

അടുത്തിടെ എനിക്കൊരു തിരിച്ചറിവുണ്ടായത് എന്തെന്നാൽ നിങ്ങൾക്ക് നല്ല അവസരങ്ങൾ സിനിമയിൽ വേണം എന്നുണ്ടെങ്കിൽ നിങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമകൾ വർക്ക് ആയിരിക്കണം. ഇപ്പൊ ഞാൻ കഴിഞ്ഞ വർഷം ഞാൻ ഫാമിലി, സോമന്റെ കൃതാവ് പോലെയുള്ള സിനിമകൾ ചെയ്യാൻ പോയപ്പോൾ വലിയ സിനിമകളിൽ നമ്മൾക്ക് കിട്ടേണ്ടിയിരുന്ന കഥാപാത്രങ്ങൾ മിസാവുകയും അതൊരു നടൻ എന്ന നിലയിൽ എന്നെ വല്ലാതെ ബാധിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നമ്മൾ പ്രധാന വേഷത്തിൽ അഭിനയിക്കേണ്ട സിനിമകൾ വിജയിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. ഒരാൾ ഇൻവെസ്‌റ്റ് ചെയ്യുന്നു. അഞ്ചോ ആറോ കോടി രൂപ ഒരാൾ മുടക്കുന്ന അവസരത്തിൽ കുറഞ്ഞത് അത്രയെങ്കിലും തിരികെ കൊടുക്കാൻ കഴിയുക എന്ന അവസ്ഥയിലേക്ക് എത്തിക്കാൻ നിങ്ങൾ ശ്രമിക്കുക എന്നതാണ് വേണ്ടത്.

അതിന് വേണ്ടിയിട്ട് നമ്മൾ സിനിമയെ പാക്ക് ചെയ്യാനും എല്ലാ കാര്യത്തിലും നമ്മളുടെ ഒരു ഇൻവോൾമെൻറ്റ് ഉണ്ടെങ്കിലും കൂടിയേ എല്ലാം നന്നാവുകയുള്ളൂ. കാരണം ഇപ്പോൾ സംഭവിക്കുന്നത് സിനിമ എന്നെ ചൂസ് ചെയ്യുന്നതാണ്. അതൊരു സംവിധായകൻ എന്നെ വിളിക്കുന്നതാവാം. എനിക്ക് സിനിമയെ ചൂസ് ചെയ്യാൻ പറ്റണം. എനിക്കാ സിനിമ ചെയ്യാൻ പറ്റണം. അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്താൻ നമ്മൾ ചെയ്യുന്ന സിനിമകളുടെ വിജയം പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+