'സ്ത്രീ വിരുദ്ധ സൈക്കോകളെ ഗ്ലോറിഫൈ ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യില്ല'; നിലപാട് വ്യക്തമാക്കി വിനീത്
മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പരിചിതമായ മുഖങ്ങളിൽ ഒന്നാണ് വിനീതിന്റേത്. കൗമാര പ്രായത്തിൽ തന്നെ സിനിമയിലെത്തി ഇതിഹാസ സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ച് പരിചയമുള്ള നടൻ ഇപ്പോൾ വ്യത്യസ്‌തമായ കഥാപാത്രങ്ങളുമായി എത്തി സിനിമാ പ്രേമികളെ അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുവി പാപ്പയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇത്രയും ജെന്റിൽമാൻ ആയിട്ടുള്ള വിനീതിന് എങ്ങനെയാണു സൈക്കോ കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴിയുന്നതെന്ന ചോദ്യത്തിന് ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്നായിരുന്നു വിനീതിന്റെ മറുപടി. 'ജെന്റിൽമാനും സൈക്കോയ്ക്കും തമ്മിൽ ഒരു ബന്ധവുമില്ല. നമ്മളൊരു കഥാപാത്രമായി മാറുകയാണ്. ഞാനത് പകർത്തി വീട്ടിലേക്ക് കൊണ്ട് പോവുന്നൊന്നുമില്ല. അവിടെ വെച്ചിട്ടാണ് പോവുന്നത്' വിനീത് പറഞ്ഞു.

'ശരിക്കും അതൊരു ജേർണി അല്ലേ, ഒരു എക്സൈറ്റ്മന്റ് അല്ലേ. ഒരു കലാകാരൻ എന്ന നിലയിൽ അവന്റെ ചിന്തകൾ ഒക്കെ അറിയാൻ. പാച്ചുവിൽ പോലും റിയാസ് എന്ന കഥാപാത്രത്തെ നോക്കിയാൽ മനസിലാവും ഉള്ളിൽ എവിടെയോ ഒരു അസാധാരണത നമുക്ക് കാണാം. ഒസിഡി പോലത്തെ ഒരു അവസ്ഥ കാണാം. അത് ചിലരുടെ നേച്ചർ അങ്ങനെയാണ്. സംവിധായകൻ നമുക്ക് ചുരുക്കിപറഞ്ഞു തരും ഏത് കഥാപാത്രം ആണെങ്കിലും' വിനീത് പറയുന്നു.
'അങ്ങനെ ഉള്ളപ്പോൾ എന്തൊക്കെ അതിൽ നമ്മുടെ കൈയിൽ നിന്ന് ഇടാമെന്നും, കണ്ട് മനസിലാക്കിയ ആളുകളിൽ നിന്ന് ഒക്കെ അഡാപ്റ്റ് ചെയ്യണമെന്നും ഒക്കെ നോക്കും. ഞാൻ അത് ചെയ്യുമ്പോൾ എക്സൈറ്റഡ് ആണ്, എൻജോയ് ചെയ്യാറുമുണ്ട്.' വിനീത് പറഞ്ഞു.
സൈക്കോ കഥാപത്രങ്ങൾ ഇഷ്‌ടമാണോ എന്ന ചോദ്യത്തിനും വിനീത് പ്രതികരിച്ചു. 'മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ഇത് ഭയങ്കര പെർഫോമൻസ് ഓറിയന്റഡ് ആയിരിക്കും. നമ്മുടെ വ്യക്തിത്വത്തിൽ നിന്ന് വളരെയധികം വ്യത്യാസം ഉള്ള രീതികളായിരിക്കും ആ കഥാപാത്രത്തിന്. നമ്മൾ അല്ലാത്ത ഒരാൾ ആവുക, അതിന്റെ വിചിത്രമായ കാര്യങ്ങൾ ഒക്കെ അറിയാം' വിനീത് ചൂണ്ടിക്കാട്ടി.
'പക്ഷേ ഇപ്പോഴൊക്കെയാണെങ്കിൽ സൈക്കോ കഥാപാത്രം ആണെങ്കിലും ഒരു അതിരുണ്ട്. സ്ത്രീകളെ അപമാനിക്കുക അല്ലെങ്കിൽ അബ്യൂസ് ചെയ്യുക പോലത്തേത് വേണ്ടെന്ന് വയ്ക്കും. മുൻപൊക്കെ ചെയ്‌തിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ അതെടുക്കില്ല. അങ്ങനത്തെ വേഷങ്ങൾ വന്നിട്ടുമുണ്ട് ഞാൻ നോ പറഞ്ഞിട്ടുമുണ്ട്. അത്തരം കാര്യങ്ങൾ ഗ്ലോറിഫൈ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ല' വിനീത് തന്റെ നിലപാട് വ്യക്തമാക്കി.












Click it and Unblock the Notifications