ഇതൊക്കെ എന്ത്? ഈ കാണുന്നതൊന്നുമല്ല, ധ്യാനും ബേസിലും കീരിയും പാമ്പും പോലെയെന്ന് വിനീത്
മലയാളികളുടെ പ്രിയതാരമാണ് വിനീത് ശ്രീനിവാസൻ. കേവലം ഒരു താരപുത്രൻ എന്നതിലുപരി തന്റെ കഴിവുകൾ കൊണ്ട് മലയാള സിനിമയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്‌ത മികച്ച അഭിപ്രായവുമായി മുന്നേറവേ ചിത്രത്തിലെ പ്രധാന താരങ്ങളായ ബേസിൽ ജോസഫിനെയും ധ്യാൻ ശ്രീനിവാസനെയും കുറിച്ച് സംസാരിക്കുകയാണ് വിനീത്.
നേരത്തെ ധ്യാൻ ശ്രീനിവാസനും, ബേസിൽ ജോസഫും ചിത്രത്തിന് വേണ്ടി നൽകിയ അഭിമുഖങ്ങളിൽ പരസ്‌പരം കളിയാക്കിയും കൗണ്ടർ അടിച്ചുമൊക്കെ പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. നിരവധി അഭിമുഖങ്ങളിലാണ് ഇരുവരും ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെയാണ് വിനീതിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്.

രണ്ട് പേരും കണ്ടാൽ ശരിക്കും കീരിയും പാമ്പും പോലെയാണെന്നാണ് വിനീത് പറയുന്നത്. മൂന്നാറിൽ വച്ച് ഷൂട്ടിംഗ് നടക്കുമ്പോഴാണ് തനിക്ക് അത് ബോധ്യമായതെന്നും താരം പറഞ്ഞിരുന്നു. രണ്ട് പേരും ഒരുമിച്ച് ഇപ്പോൾ ഒരു പടം വന്നാൽ അടിപൊളി ആയിരിക്കുമെന്നും വിനീത് ചൂണ്ടിക്കാട്ടി. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'.
'ജനങ്ങൾക്ക് അവരുടെ കോമ്പിനേഷൻ ഭയങ്കര ഇഷ്‌ടമാണ്. മൂന്നാറിൽ ഷൂട്ട് ചെയ്‌തപ്പോഴാണ് ഇവർ തമ്മിലുള്ള കോംബോ ഞാൻ കാണുന്നത്. ഇവർ രണ്ടെണ്ണവും ശരിക്കും കീരിയും പാമ്പും പോലെയാണ്.' വിനീത് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'ഇപ്പോൾ അഭിമുഖങ്ങൾ കാണുമ്പോൾ ആളുകൾക്ക് കുറച്ചൊക്കെ മനസിലാവും. എന്നാൽ ഇതിന്റെ മൂന്നിരട്ടിയാണ് ഞങ്ങൾ കണ്ടത്. അഭിമുഖങ്ങളിൽ ഒക്കെ മിനിമം ആളുകൾ കാണുമല്ലോ എന്ന് കരുതി ഡെക്കോറം കീപ് ചെയ്യുകയാണ്. ഞങ്ങൾ മാത്രമാകുമ്പോൾ പിന്നെ ഒരു ലിമിറ്റുമില്ല. ഇതിന്റെ ഒക്കെ ട്രിപ്പിളാണ് അത്' എന്നും വിനീത് ശ്രീനിവാസൻ പറയുന്നുണ്ട്.
അതേസമയം, ഇന്നലെ സിനിമ കണ്ടിറങ്ങിയ ശേഷം ആദ്യമായി നടത്തിയ പ്രതികരണത്തിൽ പോലും ധ്യാൻ ബേസിലിനെ ട്രോളിയിരുന്നു. എന്റെ വളർച്ചയിൽ അസൂയപൂണ്ട് അവൻ തൃശൂർ ഭാഗത്തുള്ള ഏതോ ബാറിൽ റൂമെടുത്ത് അടിച്ചു ഫിറ്റായി ഇരിക്കുകയാണ്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ അറിയിക്കണം' എന്നായിരുന്നു ധ്യാനിന്റെ ട്രോൾ.
ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കിയ ഏറ്റവും പുതിയ സിനിമയാണ് 'വർഷങ്ങൾക്ക് ശേഷം'. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. മികച്ച അഭിപ്രായവുമായി സിനിമ രണ്ടാം ദിവസവും മുന്നേറുകയാണ്.












Click it and Unblock the Notifications