'രണ്ട് വർഷത്തേക്ക് അഭിനയിക്കില്ല, അത്തരം സിനിമകൾ ചെയ്‌താൽ ജീവിതത്തെയും ബാധിക്കും'; വിനീത് ശ്രീനിവാസൻ
മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസൻ. ഒരു താരപുത്രൻ എന്ന ലേബലിൽ ഉപരി സകാലാവല്ലഭൻ കൂടിയായ വിനീത് പലപ്പോഴും പ്രേക്ഷകരെ വിസ്‌മയിപ്പിക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ വിനീതിന്റെ അവസാന ചിത്രമായ ഹൃദയം കണ്ടന്റ് കൊണ്ടും കളക്ഷൻ കൊണ്ടുമൊക്കെ മലയാളികളെ അമ്പരപ്പിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.
തന്റെ സിനിമയിലെ ഭാവി പദ്ധതികളെ കുറിച്ചും, അഭിനയത്തിൽ നിന്ന് എടുക്കാൻ ഉദ്ദേശിക്കുന്ന ഇടവേളയെ കുറിച്ചുമൊക്കെ താരം മനസ് തുറക്കുന്നു. അടുത്ത രണ്ട് വർഷത്തേക്ക് അഭിനയത്തിൽ കാര്യമായ ശ്രദ്ധ കൊടുക്കാനില്ലെന്നാണ് വിനീത് ദേശാഭിമാനി വരാന്ത്യപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നത്.

വർഷങ്ങൾക്ക് ശേഷം റിലീസ് ആയതിന് ശേഷം ഒരു ചിത്രം കൂടി സംവിധാനം ചെയ്യാനുണ്ടെന്ന് പറഞ്ഞ വിനീത് നേരത്തെ അറ്റുപോയ കുറച്ച് ചിത്രങ്ങളിൽ കൂടിയേ ഇനി അഭിനയിക്കൂ എന്നാണ് പറയുന്നത്. അതിന് ശേഷം രണ്ട് വർഷത്തോളം അഭിനയത്തിൽ ശ്രദ്ധ കൊടുക്കാതിരിക്കാനാണ് ശ്രമമെന്നും താരം പറയുന്നു. സൃഹുത്തുക്കളുടെ ചില പടങ്ങൾ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്, അത് തീർന്നാൽ 2026 വരെ അഭിനയിക്കാനില്ലെന്ന് വിനീത് പറഞ്ഞു.
കൂടാതെ ഗൗരവകരമായ വിഷയങ്ങളിൽ സിനിമ എടുക്കുന്നതിൽ ഇപ്പോൾ താൽപര്യം ഇല്ലെന്നും വിനീത് കൂട്ടിച്ചേർത്തു. അത്തരം ഡാർക്ക് സിനിമകൾ ചെയ്‌താൽ അത് തന്റെ ജീവിതത്തെയും ബാധിക്കുമെന്നാണ് അതിന്റെ കാരണമായി വിനീത് ശ്രീനിവാസൻ പറയുന്നത്. നേരത്തെ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ശോഭന മുഖ്യവേഷത്തിൽ എത്തിയ തിര എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്‌തയാൾ കൂടിയാണ് വിനീത് ശ്രീനിവാസൻ.
അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ താൽപര്യമില്ല. ഡാർക്ക് ഫിലിം ചെയ്‌താൽ അത് തന്റെ ജീവിതത്തെയും ബാധിക്കും. ആ അവസ്ഥ എന്നിലേക്ക് കൂടി കടന്നുവരും. അതിലൂടെ കടന്നുപോവാൻ താൽപര്യമില്ല. വളരെ സന്തോഷത്തോടെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും വിനീത് പറയുന്നു.
അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം വിഷു റിലീസായി തിയേറ്ററുകളിലേക്ക് എത്തുകയാണ്. യുവതാരങ്ങളുടെ വമ്പൻ നിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, നിവിൻ പോളി തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപികുന്നുണ്ട്.












Click it and Unblock the Notifications