മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും എങ്ങനെ ഹിറ്റായി? മറുപടി പറയാതെ ക്ഷുഭിതനായി വിശാൽ, കാരണം ഇത്
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് വിശാൽ. ഒരു നായകൻ എന്നതിലുപരി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ഉൾപ്പെടെ അഭിപ്രായം പറയാറുള്ള താരം കൂടിയായ വിശാൽ അതുകൊണ്ട് തന്നെ വിവാദങ്ങളിൽ ഒട്ടും അകന്നു നിൽക്കുന്ന ആളല്ല. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ വിശാലിന്റെ ഒരു പെരുമാറ്റമാണ് ശ്രദ്ധ നേടുന്നത്.
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു എന്നിവയുടെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ക്ഷുഭിതനായ വിശാലിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആവുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകൻ ബയൽവൻ രംഗനാഥന്റെ ചോദ്യമാണ് വിശാലിനെ പ്രകോപിപ്പിച്ചത്.

വേദിയിലിരിക്കുന്ന വിശാലിനോട് മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു തുടങ്ങിയ ചെറിയ ചിത്രങ്ങൾ എങ്ങനെ വൻ വിജയമാകുന്നു എന്നായിരുന്നു ബയൽവാൻ ചോദിച്ചത്. എന്നാൽ ഇത് കേട്ടതും വിശാൽ പെട്ടെന്ന് ക്ഷുഭിതനാവുകയായിരുന്നു. എന്നാൽ പിന്നീട് ചോദ്യത്തിന് ഉത്തരം നൽകാത്തതിന്റെ കാരണം അദ്ദേഹം തന്നെ തുറന്നു പറയുകയുണ്ടായി.
സിനിമാ പ്രവർത്തകരോട് നിരന്തരം വിവാദ ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന ബയൽവാൻ രംഗനാഥൻ ഈ ചോദ്യം ചോദിച്ചതാണ് വിശാലിനെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് താൻ മറുപടി നൽകില്ലെന്നും അതിന് തന്നെയാരും നിർബന്ധിക്കേണ്ട എന്നുമായിരുന്നു വിശാൽ സ്വീകരിച്ച നിലപാട്. താരത്തിന്റെ ദേഷ്യം മലയാള സിനിമയോട് അല്ലെന്നും ചോദ്യം ചോദിച്ച ആളോടാണെന്നുമാണ് വ്യക്തമാക്കിയത്.
'ആരാണ് ആ ചോദ്യം ചോദിച്ചത്, രംഗനാഥൻ സാറാണോ? എങ്കിൽ സോറി എനിക്ക് മറുപടി പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാൻ മറുപടി നൽകില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ആ ചോദ്യത്തിന് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. മറ്റാരെങ്കിലുമാണ് ഈ ചോദ്യം ചോദിച്ചതെങ്കിൽ ഞാൻ മറുപടി നൽകുമായിരുന്നു' എന്നായിരുന്നു വിശാൽ നൽകിയ വിശദീകരണം.
പൂജൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹരിയും വിശാലും ഒന്നിക്കുന്ന രത്നം എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് ഇക്കാര്യങ്ങൾ നടന്നത്. പ്രിയാ ഭവാനി ശങ്കർ, യോഗി ബാബു, ഗൗതം മേനോൻ, മുരളി ശർമ്മ, സമുദ്രക്കനി തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26നാണ്.
അതേസമയം, മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ച ചിത്രങ്ങളായിരുന്നു മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും. രണ്ട് ലോ ബജറ്റ് ചിത്രങ്ങൾ ആയിരുന്നിട്ട് കൂടി ഇവ കേരളത്തിന് പുറത്തും വലിയ രീതിയിൽ തരംഗമായിരുന്നു. മഞ്ഞുമ്മൽ ആവട്ടെ മലയാള സിനിമയുടെ ആദ്യ 200 കോടി എന്ന നേട്ടവും സ്വന്തമാക്കി.












Click it and Unblock the Notifications