'വിശാൽ രാത്രിയിൽ മദ്യകുപ്പിയുമായി വാതിലിൽ മുട്ടി'; അയാളുടെ ആരോഗ്യം നശിച്ചതിൽ സന്തോഷമെന്ന് സുചിത്ര
അടുത്തിടെയാണ് തമിഴ് യുവതാരം വിശാലിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മധ ഗജ രാജ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വിശാലിനെ കണ്ട് ആരാധകരും തമിഴ് സിനിമാ ലോകവും ഒന്നാകെ ഞെട്ടിപ്പോയിരുന്നു. അസുഖ ബാധിതനായി സംസാരിക്കാനും നടക്കാനും പോലും ബുദ്ധിമുട്ടുന്ന വിശാലിന്റെ ആരോഗ്യസ്ഥിതി കോളിവുഡിൽ വലിയ ചർച്ചയ്‌ക്കാണ് വഴിയൊരുക്കിയത്.
എന്നാൽ അതിലും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ പ്രമുഖ ഗായിക സുചിത്രയുടെ വെളിപ്പെടുത്തലും പ്രസ്‌താവനയും. വിശാലിന്റെ രോഗബാധയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സുചിത്ര തന്റെ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. വിശാലിന്റെ ആരോഗ്യം ഇങ്ങനെയായതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.

മാത്രമല്ല വിശാലിനെതിരെ ഗുരുതരമായ മറ്റൊരു ആരോപണവും സുചിത്ര ഉന്നയിക്കുകയുണ്ടായി. വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. രാത്രിയിൽ വിശാൽ മദ്യ കുപ്പിയുമായി തന്റെ മുറിയുടെ വാതിലിൽ മുട്ടിയെന്നും അന്നത്തെ തന്റെ ഭർത്താവായ കാർത്തിക് ഇല്ലാത്ത സമയത്തായിരുന്നു ഇതെന്നും സുചിത്ര ആരോപിക്കുന്നു.
'നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപമാണ് തോന്നുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യം ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്റെ ഭർത്താവ് കാർത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ടുന്നത് കേട്ടു. തുറന്ന് നോക്കിയപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുന്നു' സുചിത്ര പറയുന്നു.
'ഞാന്‍ അകത്ത് വരുമെന്ന് അയാൾ പറഞ്ഞു, പക്ഷേ ഞാൻ അതിന് സമ്മതിച്ചില്ല. പിന്നീട് അയാൾ ആ വൈൻ കുപ്പി എന്റെ കൈയിൽ തന്നു. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പിന്നെയും പറഞ്ഞു, കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്. ഞാൻ വാതിലടച്ചു. അങ്ങനെയുള്ള അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്' സുചിത്ര കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ വലിയ വിമർശനമാണ് സുചിത്രയ്ക്ക് എതിരെ ഉയരുന്നത്. അസുഖബാധിതനായ ഒരു വ്യക്തിയെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് ക്രൂരതയാണെന്നും സുചിത്ര മാപ്പ് പറയണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്. സിനിമാ മേഖലയിലെ ആളുകളും വിശാലിന്റെ സഹപ്രവർത്തകരും ഒക്കെ അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ഭേദകമാകാൻ ആശംസിക്കുന്ന സമയത്താണ് സുചിത്രയുടെ പരാമർശം.
നേരത്തെയും ഇത്തരത്തിൽ നിരവധി താരങ്ങൾക്ക് എതിരെ സുചിത്ര ആരോപണവുമായി രംഗത്ത് വന്നിരുന്നു. നടൻ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങൾ സുചിത്ര നടത്തിയിരുന്നു. കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകൻ ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേർന്ന് ലഹരി പാർട്ടി നടത്തിയെന്നും അവർ ആരോപിച്ചിരുന്നു.
അതേസമയം, വിശാലിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ മാനേജർ കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിൽ അദ്ദേഹം തന്റെ വീട്ടിൽ ആണെന്നും അല്ലാതെ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത് പോലെ ആശുപത്രിയിൽ അല്ലെന്നും മാനേജർ വ്യക്തമാക്കി. വിശാലിന് കടുത്ത വൈറൽ പനിയാണെന്ന് കാണിക്കുന്ന ഡോക്‌ടറുടെ കുറിപ്പും അതിനൊപ്പം മാനേജർ പങ്കുവച്ചിട്ടുണ്ട്.












Click it and Unblock the Notifications