'താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനം അവരുടേതാണ്, കുറയ്ക്കണമെന്ന് അവർക്ക് കൂടി തോന്നണം'; വിജയ് ബാബു
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന്റെ ചുവടുപിടിച്ചുള്ള ചർച്ചകളും ഒക്കെ ഒന്നൊതുങ്ങി മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിൽ നിൽക്കുമ്പോഴാണ് നിർമ്മാതാക്കൾ അടുത്തിടെ അടുത്ത ബോംബ് പൊട്ടിച്ചുകൊണ്ട് രംഗപ്രവേശം ചെയ്‌തത്. സിനിമാ വ്യവസായം ഒന്നാകെ നഷ്‌ടത്തിൽ ആണെന്നും മിക്കവാറും ചിത്രങ്ങളും പരാജയമാണെന്നും ഒക്കെയായിരുന്നു അവരുടെ ഭാഷ്യം. അവരുടെ ചോദ്യമുന നീണ്ടതാവട്ടെ താരങ്ങൾക്ക് നേരെയായിരുന്നു.
താരങ്ങളുടെ വമ്പൻ പ്രതിഫലം സിനിമകളെ പിന്നോട്ട് വലിക്കുന്നു എന്നായിരുന്നു പ്രധാനമായും അവർ ഉന്നയിച്ച ആരോപണം. ഒപ്പം പ്രതിഫലത്തിൽ കുറവ് വരുത്താൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനോട് അനുകൂലമായല്ല താര സംഘടനയായ അമ്മ പ്രതികരിച്ചത്. നിർമ്മാതാക്കളുടെ ആവശ്യം അവർ തള്ളുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു. താരങ്ങൾ തന്നെയാണ് അവരുടെ പ്രതിഫലം നിശ്ചയിക്കുന്നത് എന്നാണ് വിജയ് ബാബു പറഞ്ഞത്. മാത്രമല്ല ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യണമെന്ന് അവർക്ക് സ്വയം തോന്നേണ്ടതാണെന്നും അങ്ങനെ ചെയ്യുന്ന താരങ്ങൾ നിരവധിയുണ്ടെന്നും വിജയ് ബാബു മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
വിജയ് ബാബുവിന്റെ വാക്കുകൾ
ശമ്പളം എത്ര വാങ്ങണം എന്നത് അവരുടെ തീരുമാനമല്ലേ.. ഞാൻ അഭിനയിക്കുന്ന ഒരാളാണ്. ചിലപ്പോൾ ഞാൻ ഫ്രീയായിട്ട് പോയി അഭിനയിക്കും. ചിലപ്പോൾ ഞാൻ വലിയൊരു എമൗണ്ട് ചോദിക്കും. അതെന്റെ വിവേചനാധികാരമാണ്. അത് എന്റെ വ്യക്തി താത്പര്യമാണ്. അതൊരിക്കലും ഒരു അസോസിയേഷൻ ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യണമെന്ന് അഭ്യർത്ഥിക്കാം, പക്ഷേ നിർബന്ധം പിടിക്കാൻ അവർക്ക് സാധിക്കില്ല.
നല്ലൊരു സ്ക്രിപ്റ്റ് വന്നുവെന്ന് കരുതുക, അത് ചെയ്യണമെന്ന് ആ താരത്തിന് തോന്നിയെങ്കിൽ, അയാൾക്ക് തീരുമാനിക്കാം. ഇത്ര ബജറ്റ് മാത്രമേ കാണുന്നുള്ളൂ എന്ന് പറയുമ്പോൾ അവിടെ വിട്ടുവീഴ്‌ച ചെയ്യാം. എന്റെ ഒരുപാട് ചിത്രങ്ങളിൽ അങ്ങനെ താരങ്ങൾ സഹകരിച്ചിട്ടുണ്ട്. പടക്കളത്തിൽ സുരാജ് അങ്ങനെയാണ് ചെയ്‌തത്, ഷറഫുദ്ദീൻ അങ്ങനെയാണ് ചെയ്‌തത്, പിള്ളേർ എല്ലാവരും അതുപോലെ തന്നെ എന്നോട് സഹകരിച്ചു.
നമ്മൾ ഒരു തിരക്കഥയുമായി പോവുമ്പോൾ അവർക്ക് കൂടി തോന്നണം, ഇങ്ങനെയൊരു സിനിമ വേണമെന്ന്. ചിലപ്പോൾ ചില സിനിമകൾ ഒഴിവാക്കാൻ വേണ്ടിയാകും താരങ്ങൾ അങ്ങനെ പറയുന്നത്. ആട് എന്ന സിനിമയിൽ എല്ലാവരും എന്നോട് സഹകരിക്കുന്നുണ്ട്. വളരെ കോസ്‌റ്റ് കൂടിയൊരു തിരക്കഥ ആയിരുന്നു അതിന്റേത്. അപ്പോൾ ഞങ്ങൾ എല്ലാവരും ചേർന്ന് തീരുമാനിച്ചു. ഇത് നിർമ്മിക്കേണ്ടത് എന്റെ മാത്രം ആവശ്യമല്ല.
അല്ലെങ്കിൽ മിഥുൻ മാനുവൽ തോമസിന്റെ മാത്രം ആവശ്യമല്ല. ഒരുപാട് നടന്മാർക്ക് ഒരു സ്‌റ്റാർഡത്തിലേക്ക് എത്താൻ അന്ന് ഇത് സഹായിച്ചു. ഇതൊന്നും നിർബന്ധം ഇല്ലെന്നേ, ആരെങ്കിലും നിങ്ങളെ മതിലിനോട് ചേർത്തുവച്ച് നാളെ സിനിമ എടുത്തില്ലെങ്കിൽ കൊല്ലുമെന്ന് പറയുമോ? ഒരിക്കലും ഇല്ല. നിങ്ങൾ ഒരു നടന്റെ അടുത്തേക്ക് പോവുമ്പോൾ, ആ സിനിമയുടെ പ്ലാനിൽ അയാൾ ആപ്റ്റ് ആവുകയാണെങ്കിൽ മാത്രം ചെയ്‌താൽ മതി.
അങ്ങനെ ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ സിനിമ ചെയ്യേണ്ടതുള്ളൂ. ശമ്പളം പറയുന്നത് എനിക്ക് വർക്ക് ആവുന്നില്ലെങ്കിൽ അടുത്ത ആളെ തേടിപ്പോവുക. ഇവിടെ എത്ര അഭിനേതാക്കൾ ഉണ്ട് നല്ല കഴിവുള്ളവർ. ഞാൻ വളരെ പ്രൊഡ്യൂസർ ഫ്രണ്ട്ലി ആക്റ്ററാണ്. കൃത്യസമയത്ത് ഞാൻ സെറ്റിൽ എത്താറുണ്ട്. എനിക്ക് അത് അറിയാവുന്നത് കൊണ്ട് ഞാൻ അക്കാര്യം ശ്രദ്ധിക്കാറുണ്ട്. ഞാൻ സെറ്റിൽ ഇരുന്ന് പോലും എന്റെ ജോലികൾ ചെയ്യാറുണ്ട്.












Click it and Unblock the Notifications