'പൈസ ഇല്ലെങ്കിൽ പട്ടിയുടെ വില പോലുമുണ്ടാവില്ല, ഒരു കാർ വാങ്ങിയപ്പോൾ കുറ്റം പറഞ്ഞവർ വരെ വന്നു'; അമൃത നായർ
സീരിയൽ രംഗത്ത് മികവ് തെളിയിച്ച ഒട്ടേറെ താരങ്ങളുണ്ട്. അതിലൊരാളാണ് അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത കുടുംബവിളക്ക് സീരിയലിൽ ശീതൾ എന്ന കഥാപാത്രമായി എത്തിയ താരമായിരുന്നു അമൃത. കുടുംബ പ്രേക്ഷകരുടെ മനം കീഴടക്കിയ നായികയായി അമൃത പിന്നീട് തിളങ്ങിയിരുന്നു. ഒട്ടേറെ സീരിയലുകളിൽ താരം പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു. ചെറിയ വേഷം പോലും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന അമൃത സോഷ്യൽ മീഡിയയിലും സജീവമാണ്.
നിരവധി റിയാലിറ്റി ഷോകളിലും സീരിയലുകളിലും വെബ് സീരിസിലുമെല്ലാം അമൃത ഇതിനകം തന്നെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. അച്ഛൻ തങ്ങളെ ഉപേക്ഷിച്ചുപോയ കാര്യമൊക്കെ അമൃത നേരത്തെ തുറന്നുപറഞ്ഞിരുന്നു. നിരവധി പേരാണ് അമൃതയെ യൂട്യൂബിൽ പിന്തുടരുന്നത്.

തന്റെ ജീവിതാനുഭവങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഒട്ടും മടിയില്ലാത്ത താരമാണ് അമൃത. ഇപ്പോഴിതാ ജീവിതത്തിലെ ചില മോശം സംഭവങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. വലിയ താരമായി മാറുംമുൻപ് മോശം അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിരുന്നു എന്നാണ് താരം പറയുന്നത്. പണം ഇല്ലെങ്കിൽ ആർക്കും വില ഉണ്ടാവില്ലെന്നാണ് താരം പറയുന്നത്.
അമൃത നായരുടെ വാക്കുകൾ
ഒരു ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോൾ സൃഹുത്തുക്കൾ പോലും എന്നെ കൂട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു. വണ്ടിയിൽ ഫുൾ ആളാണ്, ഞാൻ ആ വഴിക്ക് പോവാത്ത ആളാണ് എന്നൊക്കെ പറഞ്ഞവരുണ്ട്. ആ വാശിക്ക് ഞാനൊരു കാർ വാങ്ങി. അപ്പൊ എനിക്ക് മനസിലായി, ഇല്ലാത്ത ബന്ധങ്ങൾ ഒക്കെ ഉണ്ടായി. എനിക്ക് ഇപ്പോൾ അമൃത എന്ന് പറയുമ്പോൾ പത്ത് പേരെങ്കിലും അറിയണം എന്ന് മാത്രമേ ഉള്ളൂ.
ഞാൻ ആദ്യം ചെറിയ ചെറിയ കഥാപാത്രങ്ങളാണ് ചെയ്‌തത്. ഇപ്പൊ എന്റെ അമ്മയ്ക്ക് പോലും ആ പരിഗണന കിട്ടി. സാമ്പത്തികപരമായി ഒന്നും ഉണ്ടായിരുന്നില്ല. കോസ്‌റ്റ്യും ഒക്കെ നമ്മൾ എടുക്കണമായിരുന്നു. മേക്കപ്പ് സാധനങ്ങൾ ഒക്കെ പല സുഹൃത്തുക്കളോട് ചോദിച്ചിട്ടുണ്ട്. അന്നും തരാത്ത ആളുകൾ ഉണ്ടായിരുന്നു. പൈസ ഉണ്ടെങ്കിൽ അന്ന് അത് കിട്ടുമായിരുന്നു.
പൈസക്ക് പൈസ തന്നെ വേണം. പൈസ ഉണ്ടെങ്കിൽ ഇല്ലാത്ത ബന്ധങ്ങൾ വരെയുണ്ടാവും. ബന്ധുക്കൾ വരെ അങ്ങനെ വരും. ഞാൻ ഇത്തിരി കൂടി ഹൈപ്പ് ആയതിന് ശേഷം ബന്ധുക്കൾ കൂടുതലായി വരുന്നുണ്ട്. എന്റെ സ്വന്തം സ്ഥലം പത്തനാപുരം ആയിരുന്നു. ഒരു കാട്ടുപ്രദേശം ആയിരുന്നു. ഒരു ചെറിയ ഓടിട്ട വീടായിരുന്നു അത്. ഇപ്പൊ സ്വന്തം വീട് എടുക്കുന്നുണ്ട്.
ആദ്യത്തെ സമ്പാദ്യത്തിൽ നിന്ന് ഞാൻ ഒരു സ്വർണം വാങ്ങി. ഞാൻ സ്നേഹിച്ചിട്ടുണ്ട്, ബ്രേക്ക് അപ്പ് ആയിട്ടുണ്ട്. രണ്ട് പേർ പരസ്‌പരം മനസിലാക്കി മുന്നോട്ട് പോവണം. ഇപ്പോഴത്തെ കാലത്ത് ആരെ വിശ്വസിക്കണം എന്ന് നമുക്ക് പറയാനാവില്ല. എല്ലാവരും പാവങ്ങൾ ആണെന്നെ എനിക്ക് തോന്നിയിട്ടുള്ളൂ. കാണുമ്പോൾ ഉള്ളത് അല്ലേ പറയാനാവൂ.












Click it and Unblock the Notifications