'ആ കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പണി കിട്ടും..'; മോഹൻലാൽ നൽകിയ ഉപദേശം വെളിപ്പെടുത്തി അനശ്വര രാജൻ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ ചിത്രം നിറഞ്ഞ സദസോടെ പ്രദർശനം നടക്കുന്നത്. തുടർ പരാജയങ്ങളിൽ പെട്ടുഴലുകയായിരുന്ന, അഭിനയത്തിന്റെ പേരിൽ വിമർശനം കേട്ടിരുന്ന മോഹൻലാലിന് ഒരു തിരിച്ചുവരവ് നൽകാൻ ജീത്തു ജോസഫ് തന്നെ വരേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഏതാണ്ട് ഇതേ അവസ്ഥയിൽ നിരന്തരം ആളുകളുടെ പരിഹാസങ്ങൾ ഏൽക്കേണ്ടി വന്ന അനശ്വര രാജനും അഭിനയ മികവ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
'നേര്' എന്ന ചിത്രത്തിൽ കണ്ണുകാണാത്ത പെൺകുട്ടിയായാണ് അനശ്വര അഭിനയിച്ചത്. സാറ എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനൊപ്പം അനശ്വരയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി താരം രംഗത്ത് വന്നിരിക്കുകയാണ്. മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും അനശ്വര പങ്കുവച്ചു.

മോഹൻലാലിനൊപ്പം ഉണ്ടായിരുന്ന കോമ്പിനേഷൻ സീനുകളിൽ അദ്ദേഹത്തിന്റെ സഹായവും ഉപദേശവും ലഭിച്ചതായി അനശ്വര പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനശ്വര ഇക്കാര്യം തുറന്നുപറഞ്ഞത്. ഡയലോഗ് പറയുമ്പോൾ പതുക്കെ പറയണമെന്നും ഇല്ലെങ്കിൽ ഡബ്ബിങ്ങിൽ പണിയാവുമെന്നും ലാലേട്ടൻ ഉപദേശിച്ചുവെന്നാണ് നടി പറയുന്നത്.
'എനിക്ക് ലാലേട്ടന്റെ കൂടെയുള്ള ആദ്യ കോമ്പിനേഷൻ സീനിൽ തന്നെ വലിയ ഡയലോഗ് ആയിരുന്നു ഉള്ളത്. അപ്പോൾ തന്നെ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഡയലോഗ് വിട്ടുപോകുമോ എന്ന പേടിയുണ്ടായിരുന്നു. ഞാൻ ഡയലോഗ് സ്‌പീഡിൽ പറയുമ്പോൾ ലാൽ സർ മെല്ലെ പറ, ഇല്ലെങ്കിൽ ഡബ്ബിങ്ങിൽ പണി കിട്ടും എന്ന് പറയുമായിരുന്നു' അനശ്വര വെളിപ്പെടുത്തി.
'എത്ര വലിയ ഡയലോഗ് ആണെങ്കിലും അത്രയും നേരം എങ്ങനെ നിന്നതാണെങ്കിലും അതുവരെ കൂൾ ആയി നിന്ന് ആരോടെങ്കിലും ഒക്കെ തമാശ പറഞ്ഞ് പെട്ടെന്ന് ആക്ഷൻ പറയുമ്പോൾ സ്പോട്ടിൽ മാറുന്നത് കാണാമായിരുന്നു. ലാലേട്ടനും, സെറ്റിൽ ഉള്ള മറ്റുള്ളവരും നമ്മളെ ഒക്കെ ലൈറ്റാക്കി വയ്ക്കും' അനശ്വര അനുഭവം പങ്കുവച്ചു.
മോഹൻലാൽ-ജീത്തു ജോസഫ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരുമിച്ച ഏറ്റവും പുതിയ ചിത്രമാണ് 'നേര്'. അനശ്വര രാജൻ, പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications