എന്റെ ജീവിതത്തിലെ ദൈവീക സാന്നിധ്യമാണ് ദിലീപേട്ടൻ...; കാരണം തുറന്നുപറഞ്ഞ് അനുശ്രീ
മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീ പ്രേക്ഷക മനസുകളിൽ ഇടം നേടിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളെ പരിചയപ്പെടുത്തുകയാണ് അനുശ്രീ തന്റെ സമൂഹ മാധ്യമ പോസ്‌റ്റിലൂടെ. തന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് ഇവരാണെന്നാണ് അനുശ്രീ പറയുന്നത്.
ദിലീപും, സംവിധായകൻ ലാൽ ജോസുമാണ് ആ രണ്ട് പേർ. ഇവർ രണ്ടുപേർക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്. ഈ ലോകം എനിക്ക് പരിചയപ്പെടുത്തി തന്നത് ഇവരാണെന്നും എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചവർ ഇവർ തന്നെയായിരിക്കുമെന്നും ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റിൽ അവർ കുറിച്ചു. ശേഷം ദിലീപിനെയും ലാൽ ജോസിനെയും കുറിച്ചുള്ള ദൈർഘ്യമേറിയ ഒരു കുറിപ്പും താരം കൂടെ ചേർത്തിട്ടുണ്ട്.

'എന്റെ ജീവിതത്തിലെ ദൈവീകമായ ഒരു ഇടപെടലാണ് ദിലീപേട്ടൻ, എപ്പോഴും വിളിക്കാൻ കഴിയുന്ന എന്റെ ചന്ദ്രേട്ടൻ. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പാഠങ്ങൾ പഠിപ്പിച്ചു തന്ന സത്യസന്ധനായ വ്യക്തി. യാതൊരു നിബന്ധനകളുമില്ലാതെ സുഹൃത്തായി ഒപ്പം നിന്നു. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടൻ.' അനുശ്രീ ദിലീപിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.
'ഇന്ന് ഞാൻ ഇവിടെ എത്തി നിൽക്കുന്നതിനും, എനിക്ക് കിട്ടിയ എല്ലാ പ്രശസ്‌തിക്കും കാരണം ഒരേയൊരു കാരണമാണ് ലാൽ ജോസ് സർ. എന്റെ ഗുരുവിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഡയമണ്ട് നെക്ലേസിൽ അദ്ദേഹം എന്നെ കാസ്‌റ്റ് ചെയ്‌ത ദിവസം എന്റെ കുടുംബത്തിൽ എല്ലാം മാറി. അതിന് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയിൽ തിരിഞ്ഞു. കലാമണ്ഡലം ജയശ്രീ ഇന്നും ആളുകളുടെ മനസിൽ ജീവിക്കുന്നു. എന്റെ ഹൃദയത്തിൽ മാത്രമല്ല, എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയിലും ലാൽ ജോസ് സർ ഉൾപ്പെട്ടിരിക്കും' അനുശ്രീ പറയുന്നു. ഇരുവർക്കും ഒപ്പം ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്‌ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രമാണ് അനുശ്രീയുടെ കരിയർ മാറ്റിമറിച്ചത്. പിന്നീട് അങ്ങോട്ട് നായികാ വേഷങ്ങളിലും, ചെറുതും വലുതുമായ ക്യാരക്റ്റർ റോളുകളിൽ അവർ തിളങ്ങി. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‌ത ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായും അനുശ്രീ അഭിനയിച്ചിരുന്നു.












Click it and Unblock the Notifications