'ഇവൾക്ക് മെനയ്ക്ക് തുണി ഉടുത്ത് നടന്നുകൂടെ എന്ന് മാത്രമേ ആളുകൾ ചോദിക്കൂ, ആ കാര്യത്തിൽ ആശങ്ക'; ആര്യ ബഡായ്
മിനി സ്‌ക്രീൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ആര്യ ബഡായ്. മുകേഷ്, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, മനോജ് ഗിന്നസ് എന്നിവർ അണിനിരന്ന എക്കാലത്തെയും ഹിറ്റ് റിയാലിറ്റി ഷോ ആയ ബഡായ് ബംഗ്ലാവിൽ നിന്നാണ് താരത്തിന് പ്രശസ്‌തി ലഭിച്ചതും ഈ പേര് കിട്ടിയതും. അടുത്ത കാലത്തായി സിനിമകളിലും താരം വളരെയധികം സജീവമാണ് എന്ന പ്രത്യേകതയുണ്ട്.
എന്നാൽ ഇപ്പോഴിതാ പൊതുവേദികളിൽ എത്തുമ്പോൾ ഓൺലൈൻ മീഡിയകൾ അടുത്തുകൂടുന്നതും മോശം ആംഗിളുകളിൽ നിന്ന് പോലും വീഡിയോകൾ പോസ്‌റ്റ് ചെയ്യുന്നത് പതിവായതോടെ ഇതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആര്യ. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നൊരു കാര്യമാണെന്നും എവിടെ നിന്നാണ് ഇവർ വന്നുവീഴുന്നതെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും ആര്യ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാരണം കൊണ്ട് തന്നെ ഒരു ഡ്രസ് ധരിക്കുമ്പോൾ പോലും നാം ശ്രദ്ധിക്കണമെന്നും പറയുന്ന വാക്കുകളിൽ ജാഗ്രത പുലർത്തണമെന്നും ആര്യ പറയുന്നു. കൂടാതെ ഇത്തരം വീഡിയോകൾക്ക് താഴെ കമന്റുകളിൽ ആരും വീഡിയോ ഇട്ട ആളെ കുറ്റം പറയില്ലെന്നും പകരം അതിലുള്ള താരത്തെയാവും പറയുകയെന്നും നടി ചൂണ്ടിക്കാണിക്കുന്നു.
ആര്യയുടെ വാക്കുകൾ
ഇത് ശരിക്കും പറഞ്ഞാൽ വളരെ മോശം അവസ്ഥയാണ്. ഇത് പറയാതിരിക്കാൻ കഴിയില്ല. ഇവർ എപ്പോൾ എവിടെ നിന്ന് പൊട്ടിവീഴുമെന്ന് നമുക്ക് പറയാൻ കഴിയില്ല. അധികം എവിടെയും അന്നൗൺസ് ചെയ്യാതെ, ഞാൻ താമസിക്കുന്നതിന് അടുത്ത് തന്നെയുള്ള ഒരു കടയുടെ ഉദ്‌ഘാടനത്തിന് പോയപ്പോൾ അവിടെയും ഉണ്ടായിരുന്നു ആറോളം മീഡിയകൾ. എങ്ങനെയാണ് ഇവർ അവിടേക്ക് എത്തുന്നതെന്നാണ് അറിയാത്ത കാര്യം.
എനിക്ക് ഭയങ്കര അത്ഭുതമായി തോന്നി. ഏറ്റവും ശ്രദ്ധ പുലർത്തേണ്ട കാര്യം, ഒന്ന് നമ്മൾ സംസാരിക്കുന്ന വാക്കുകൾ ശ്രദ്ധിക്കണം. പിന്നെ നമ്മുടെ ഡ്രസ്. എന്ത് ഇടുന്നു, എവിടെ നിന്ന് ഇടുന്നു, ഏത് ആംഗിളിൽ നിന്ന് ഇടുന്നു, എന്നൊക്കെയുള്ളത് എനിക്ക് ഭയങ്കര ടെൻഷൻ ഉള്ള കാര്യമാണ്. നമ്മൾ തന്നെ കാണുന്നുണ്ടല്ലോ, കൊറേ വീഡിയോസ് സ്ഥിരമായി.
നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും സ്യൂട്ടബിൾ എന്ന് പറയപ്പെടുന്ന വസ്ത്രമാണ് സാരി. ആ സാരിയിൽ പോലും ചിലപ്പോൾ ചില വീഡിയോസ് ഒക്കെ കണ്ടാൽ, ഈശ്വരാ ഈ ആംഗിളിൽ എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട്. സ്ഥിരമായി ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന സഹതാരങ്ങൾ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്.
സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതൊരു വലിയ പ്രശ്‌നമല്ലേ സിനിമയ്ക്ക്. ഇത് കാണുന്ന ആൾക്കാർക്ക് അറിയില്ലല്ലോ, ഈ ആംഗിളിൽ എടുത്തത് കൊണ്ടാണ് ഇങ്ങനെയെന്ന്. അത് പോസ്‌റ്റ് ചെയ്യാതിരിക്കാൻ ഒരു ഓപ്‌ഷനുണ്ട്, അവർ പക്ഷേ ചെയ്യാതിരിക്കുന്നില്ല.
അതുകൊണ്ട് ചീത്ത കേൾക്കുന്നത് മുഴുവൻ ആ ആർട്ടിസ്‌റ്റിനായിരിക്കും മിക്കവാറും. ആ കമന്റുകളിൽ ആരും എന്തിനാ ഇയാൾ ഈ വീഡിയോ പോസ്‌റ്റ് ചെയ്‌തത് എന്ന് ചോദിക്കാറുണ്ടോ? എല്ലാരും ഇവൾക്ക് മെനയ്ക്ക് തുണി ഉടുത്തുനടന്നൂടെ എന്ന് മാത്രമേ ചോദിക്കൂ. അങ്ങനത്തെ കൊറേ കാര്യങ്ങളുണ്ട്, അതിപ്പോൾ ഭയങ്കര പേടിയായി മാറിയിട്ടുണ്ട്.












Click it and Unblock the Notifications