'അന്നെനിക്ക് 17 വയസ്, അച്ഛന്റെ പ്രായമുള്ളയാൾ ചെയ്‌ത തെറ്റ് നൽകിയത് ട്രോമ'; അനുഭവം പങ്കുവച്ച് അശ്വിനി നമ്പ്യാർ
തൊണ്ണൂറുകളിൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഇഷ്‌ട നായികയായിരുന്നു രുദ്ര അഥവാ അശ്വിനി നമ്പ്യാർ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരം പിന്നീട് പല കാരണങ്ങളാൽ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ട് മുൻപ് തന്റെ കൗമാരകാലത്ത് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അശ്വിനി നമ്പ്യാർ.
സെല്‍ഫ് അവേര്‍നെസിന്റെ ഭാഗമായി നടക്കുന്ന, 7 ഡെയ്‌സ് ലൈഫ് ചേഞ്ചിംഗ് ജേര്‍ണിയിലാണ് അശ്വിനി തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. തന്റെ പതിനേഴാമത്തെ വയസിൽ പിതാവിന്റെ പ്രായമുള്ള ഒരാളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം മനസ് തുറന്നത്. ഇപ്പോൾ തനിക്കത് മറക്കാനും പൊറുക്കാനും കഴിയുന്നുണ്ടെന്നും അശ്വിനി നമ്പ്യാർ പറഞ്ഞിരുന്നു.

'വെറും പതിനേഴാം വയസില്‍ അച്ഛന്റെ പ്രായമുള്ള ഒരാള്‍ എന്നോട് തെറ്റ് ചെയ്‌തു. അതിന്റെ ട്രോമ എന്നെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നു. 32 വര്‍ഷത്തോളമായിട്ടും ഇതുവരെ ആ ഓര്‍മ്മകള്‍ എന്നെ വിട്ട് പോയിരുന്നില്ല. അതൊരു മോശം അനുഭവമായി, ട്രോമയായി എന്റെ ഉള്ളില്‍ തന്നെ നിൽക്കുകയായിരുന്നു' അശ്വിനി പറഞ്ഞു.
എന്നാൽ ഈ ലൈഫ് ചേഞ്ചിംഗ് ജേണിയിലൂടെ അത് മറക്കാനും പൊറുക്കാനും തന്നെക്കൊണ്ട് സാധിക്കുന്നുവെന്നായിരുന്നു അശ്വിനി പറഞ്ഞത്. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക യാത്രയാണ്. എന്റെ ഉള്ളിലുള്ള ആ ബാഗേജ് മുഴുവനായി പുറത്തെടുത്താല്‍ മാത്രമേ, എനിക്ക് ആ ട്രോമയില്‍ നിന്ന് പുറത്തേക്ക് വരാന്‍ സാധിക്കുമായിരുന്നുള്ളൂവെന്നും അത് നടന്നുവെന്നും അവർ പറയുന്നു.
എന്റെ ഉള്ളിലെ നെഗറ്റീവുകൾ മുഴുവനായി മാറി, പോസിറ്റീവുകൾ വന്നു. ഇപ്പോൾ ആ വ്യക്തിക്ക് മാപ്പ് കൊടുക്കാൻ എനിക്ക് സാധിച്ചു. ആ അനുഭവം മറക്കാൻ കഴിയുമെന്നും എനിക്ക് മനസിലായി. അതെന്റെ കഴിഞ്ഞ കാലം മാത്രമാണെന്ന് ഞാൻ ഉൾക്കൊണ്ട് കഴിഞ്ഞു. ആ കാലത്തേക്ക് ഇനി തിരിച്ചുപോവാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല; താരം കൂട്ടിച്ചേർത്തു.
അതേസമയം, 'പുതു നെല്ലു പുതു നാത്ത്' എന്ന തമിഴ് ചിത്രത്തിലൂടെ 1991ൽ സിനിമയിൽ എത്തിയ അശ്വിനി ഒൻപത് വർഷത്തോളം മാത്രമാണ് അഭിനയത്തിൽ സജീവമായിരുന്നത്. ഈ കാലയളവിൽ നിരവധി ഹിറ്റ് മലയാള ചോത്രങ്ങളുടെ ഭാഗമായി താരം പ്രവർത്തിച്ചിരുന്നു. പോസ്‌റ്റ് ബോക്‌സ് നമ്പർ 27 എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള അരങ്ങേറ്റം.
പിന്നീട് അങ്ങോട്ട് മലയാളത്തിൽ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആയുഷ്‌കാലം, കൗരവർ, മണിച്ചിത്രത്താഴ്, ധ്രുവം എന്നിങ്ങനെ ഒട്ടേറെ വൻ ഹിറ്റുകളുടെ ഭാഗമായി അശ്വിനി പ്രവർത്തിച്ചിരുന്നു. അതിൽ മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു. അവസാനമായി ഓരം പോ എന്ന തമിഴ് ചിത്രത്തിലാണ് താരം അഭിനയിച്ചത്. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളുടെയും ഭാഗമായിരുന്നു താരം.












Click it and Unblock the Notifications