'ആ സിനിമയിലെ ഇന്റിമേറ്റ് സീനുകൾ മാത്രം ഷെയർ ചെയ്യപ്പെട്ടപ്പോൾ പ്രയാസം തോന്നി'; ദുർഗ കൃഷ്‌ണ
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ദുർഗ കൃഷ്‌ണ, അഭിനയ പ്രാധാന്യമുള്ള നായികാ വേഷങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ അടുത്തിടെ ഇറങ്ങിയ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഉടൽ എന്ന ചിത്രത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനുമായി ചേർന്ന് അഭിനയിച്ച ചില രംഗങ്ങളുടെ പേരിലായിരുന്നു വിമർശനം. എന്നാൽ ഇതിനൊക്കെ മറുപടി നൽകുകയാണ് താരമിപ്പോൾ. ഉടൽ എന്ന ചിത്രത്തിന് വേണ്ടി താൻ ഒരുപാട് കഷ്‌ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതൊന്നും പരിഗണിക്കാതെ അതിലെ ഇന്റിമേറ്റ് സീനുകൾ കുറിച്ച് മാത്രം സംസാരിക്കുകയും അത് മാതരം പങ്കുവയ്ക്കുകയുമാണ് ചിലർ ചെയ്യുന്നതെന്ന് താരം പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കവെയാണ് താരം മനസ് തുറന്നത്.

'ഉടലിലെ ഇന്റിമേറ്റ് സീനുകൾ മാത്രം കൂടുതലായി ഷെയർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ അതിനേക്കാൾ എത്രയോ നല്ല സീനുകൾ ഉണ്ടായിരുന്നു. ഞാൻ ഒരുപാട് കഷ്‌ടപെട്ട് ചെയ്‌ത സിനിമയാണ് ഉടൽ. ലൊക്കേഷനിൽ വച്ച് എനിക്ക് പരിക്കൊക്കെ പറ്റിയിരുന്നു. ഞാൻ അത്രയും ബുദ്ധിമുട്ടിയിട്ടുള്ള, ഒരുപാട് നല്ല സീനുകൾ ഉള്ള ചിത്രമായിരുന്നു ഉടൽ' ദുർഗ കൃഷ്‌ണ പറയുന്നു.
'അഭിനയത്തിന് പ്രാധാന്യമുള്ള ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. എന്റേതാണെങ്കിലും ഇന്ദ്രൻസ് ചേട്ടന്റെയാണെങ്കിലും, ധ്യാനിന്റെ ആയാലും അത്തരത്തിൽ ഒരുപാട് നല്ല രംഗങ്ങൾ ഉണ്ടായിരുന്നു.പക്ഷേ അതൊന്നും എവിടെയും ഷെയർ ചെയ്യാതെ അതിലെ ഇന്റിമേറ്റ് സീനുകൾ മാത്രം അങ്ങനെ ചെയ്‌തു പോവുകയും അതൊരു ടോപിക് ആയി മാറുകയും ചെയ്‌തപ്പോൾ പ്രയാസമുണ്ടായി' താരം തുറന്നുപറയുന്നു.
'അപ്പോഴൊക്കെ ഞാൻ വിചാരിച്ചിരുന്നു. എന്തുകൊണ്ട് ആളുകൾ അങ്ങനെ മാത്രം സിനിമയെ ജഡ്‌ജ് ചെയ്യുന്നുവെന്ന്. ഈ സിനിമ അങ്ങനെയാണ്, ഞാനും അങ്ങനെയാണ് എന്നോക്കെ ജഡ്‌ജ് ചെയ്‌തിട്ടുള്ള ഒരുപാട് പേരുണ്ട്' ദുർഗ ചൂണ്ടിക്കാട്ടി.
രതീഷ് രഘുനന്ദൻ സംവിധാനം ചെയ്‌ത ചിത്രമാണ് ഉടൽ. ദുർഗ കൃഷ്‌ണയ്ക്ക് പുറമെ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ അതിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തെയും അതിലെ അഭിനേതാക്കളെയും വിമർശിച്ച് ചിലർ രംഗത്ത് വരികയും ചെയ്‌തിരുന്നു.












Click it and Unblock the Notifications