'രണ്ട് വർഷം മുൻപ് ബോധം കുറവായിരുന്നു, പ്രണവ് മോഹൻലാലുമായി സൗഹൃദം ആഗ്രഹിച്ചിരുന്നു'; ഗായത്രി സുരേഷ്
മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് കടന്നുവന്ന ഗായത്രി നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിരുന്നു. എന്നാൽ ചില ട്രോളുകൾക്കും പലപ്പോഴായി താരം അവസരം നൽകിയിരുന്നു. പ്രണവ് മോഹൻലാലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെ താരത്തിനെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ കളിയാക്കൽ നേരിടാൻ കാരണമായിരുന്നു.
ഇപ്പോഴിതാ ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് മനസ് തുറക്കുകയാണ് ഗായത്രി സുരേഷ്. സില്ലി മോങ്ക്സ് മോളിവുഡ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പ്രണവ് മോഹൻലാലുമായി സൗഹൃദം എങ്കിലും ഉണ്ടാവണമെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും, തനിക്ക് ആ സമയത്ത് അത്ര ബോധമില്ലായിരുന്നുവെന്നും ഒക്കെ തമാശരൂപേണ താരം പറയുന്നുണ്ട്.

'ഈ രണ്ട് വർഷം മുൻപ് ബോധം കുറവായിരുന്നു. പക്ഷേ എനിക്ക് ഇദ്ദേഹത്തിനെ നല്ല ഇഷ്‌ടവുമുണ്ട്. പ്രണവിനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അദ്ദേഹം വൺ ഓഫ് എ കൈൻഡ് ആണ്, അദ്ദേഹത്തിനെ പോലെ അദ്ദേഹം മാത്രമേ ഉള്ളൂ അങ്ങനെയൊക്കെ. അപ്പോൾ എനിക്ക് എങ്ങനെയാണു ഇദ്ദേഹത്തിന്റെ ചിന്തകൾ പോവുന്നത് എന്നൊക്കെ അറിയണം എന്നുണ്ടായിരുന്നു' ഗായത്രി പറയുന്നു.
'എങ്ങനെയാണു അദ്ദേഹത്തിന്റെ മൈൻഡ് വർക്ക് ചെയ്യുന്നത്, എന്തൊക്കെയാണ് അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട് എന്നൊക്കെയുള്ള കാര്യങ്ങൾ അറിയണമെന്നും ഉണ്ടായിരുന്നു. അത് മതി, അത് മാത്രം അറിഞ്ഞാൽ മതി. ഒരു ഫ്രണ്ടായാലും മതിയെന്നാണ് ഞാൻ പറഞ്ഞത്' ഗായത്രി സുരേഷ് വിവാദത്തെ കുറിച്ച് മനസ് തുറന്നു.
'അപ്പോൾ എന്ന് എന്താണെന്ന് വെച്ചാൽ ഞാൻ പറഞ്ഞത് പോലെ ബോധം കുറവായിരുന്നത് കൊണ്ടും ഞാൻ ഭയങ്കര ഫാന്റസി പേഴ്‌സൺ ആയത് കൊണ്ടും ഒരുപാട് കാര്യങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞു. ഈഗോ കയറി, ആൾക്കാർ ഇങ്ങനെ പിരികയറ്റി, അപ്പൊ ഞാൻ കൂടുതൽ പറഞ്ഞു. ഇപ്പോഴാണ് അതൊക്കെ ഒന്ന് ഓക്കേ ആയത്' ഗായത്രി പറഞ്ഞു.
നേരത്തെ പ്രണവ് മോഹൻലാലിനെ കുറിച്ച് ഗായത്രി പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കുകയും, താരത്തിനെതിരെ വ്യാപകമായ ട്രോളുകൾ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ അഭിമുഖങ്ങളിൽ തുറന്ന് പറച്ചിലുകൾ കൊണ്ടും തൃശൂർ ശൈലിയിലെ സംസാരവും ഗായത്രിയെ ട്രോളർമാരുടെ ഇരയാക്കിയിരുന്നു. ഇതിലാണ് ഇപ്പോൾ താരം തന്റെ പ്രതികരണം അറിയിച്ചത്.












Click it and Unblock the Notifications