'ചില സമയത്ത് ഇയാളൊന്ന് മിണ്ടാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോവാറുണ്ട്'; ഷൈൻ ടോമിനെ കുറിച്ച് ഗ്രേസ് ആന്റണി
മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. വ്യത്യസ്‌തമായ നായികാ കഥാപത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഗ്രേസിനെ ആദ്യം പ്രേക്ഷകർ ശ്രദ്ധിക്കുന്നത് സൂപ്പർഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ്. പിന്നീട് മമ്മൂട്ടിക്കൊപ്പം റോഷാക്കിൽ അടക്കം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കുറിച്ചും, പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെ കുറിച്ചുമൊക്കെ സംസാരിച്ച ഗ്രേസ് ആന്റണി തന്റെ സഹതാരമായിരുന്ന ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. മൈൽ സ്‌റ്റോൺ മേക്കേഴ്‌സിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗ്രേസ്.

ഷൈൻ ഭയങ്കര ഓവർ ആക്‌ടീവ് ആണെന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. ഷൈൻ തന്നെയായിരിക്കും വിവേകാനന്ദൻ വൈറലായിരുന്നു എന്ന ചിത്രത്തിലെ തനിക്ക് പറയാനുള്ള അൺടോൾഡ് സ്‌റ്റോറിയെന്നും താരം വ്യക്തമാക്കി. 'അത് ഷൈൻ തന്നെയായിരിക്കും. ചില സമയത്ത് തോന്നിയിട്ടുണ്ട് ഇയാളൊന്ന് മിണ്ടാതിരുന്നെങ്കിൽ മനുഷ്യനൊന്ന് വർക്ക് ചെയ്യാമായിരുന്നു എന്ന്. ഭയങ്കര ഓവർ ആക്‌ടീവ് ആണ് ഷൈൻ ടോം' ഗ്രേസ് വെളിപ്പെടുത്തി.
'നമുക്ക് ചില കാര്യങ്ങളൊന്നും കോൺസട്രേറ്റ് ചെയ്യാൻ പറ്റില്ല. ഇവൻ ഓരോന്ന് സംസാരിച്ച് സംസാരിച്ച് കാടുകയറി പോവും. അപ്പോൾ നമ്മുടെ കോൺസട്രേഷൻ ഒക്കെ മാറിപ്പോകും. അപ്പൊ എനിക്ക് തോന്നിയിട്ടുണ്ട് നമുക്ക് നമ്മുടെ ഒരു സ്‌പേസിൽ നിന്ന് വർക്ക് ചെയ്യാനായിട്ട് ഷൈനിന്റെ കൂടെ നിൽക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടായിരിക്കും' ഗ്രേസ് വ്യക്തമാക്കി.
കൂടാതെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കുറിച്ചും ഗ്രേസ് മനസ് തുറക്കുകയുണ്ടായി. 'അന്ന് നമ്മളോടുള്ളൊരു ട്രീറ്റ്‌മെന്റ് വേറെയായിരുന്നു. ഇപ്പോള്‍ നോക്കുമ്പോഴാണ് അത് മനസിലാവുന്നത്. തുടക്ക സമയം ആണല്ലോ. സിനിമയിലേക്ക് വരുന്ന ഒത്തിരി പേര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ആദ്യമൊക്കെ നമുക്ക് വലിയ വിലയൊന്നും തരില്ല മാറ്റി നിര്‍ത്തുമെന്ന്. ഞാന്‍ പറയുന്നത് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീമിനെക്കുറിച്ചല്ല, അതല്ലാതെയുള്ള സിനിമയിലെ കുറച്ച് ആളുകള്‍. എല്ലാവരേയും പറയാന്‍ പറ്റില്ല. ചില ടെക്‌നീഷ്യന്‍സും ചില കണ്‍ട്രോളര്‍മാരും' താരം തുറന്നുപറഞ്ഞു.
കമൽ സമവിധാനം ചെയ്‌ത 'വിവേകാനന്ദന്‍ വൈറലാണ്' എന്ന സിനിമയാണ് ഗ്രേസ് ആന്റണിയുടേതായി ഒടുവില്‍ തിയേറ്ററുകളിൽ എത്തിയ സിനിമ. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഇവരെ കൂടാതെ സ്വാസിക, മെറീന മൈക്കിള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.












Click it and Unblock the Notifications