'അന്ന് ജീസസിനെ നേരിൽ കണ്ടു'; മതം മാറാൻ കാരണമായ സംഭവത്തെ പറ്റി മനസ് തുറന്ന് നടി ജയസുധ
തന്റെ ജീവിതത്തിൽ യേശു ക്രിസ്‌തുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് മതം മാറിയതെന്നും വെളിപ്പെടുത്തി പ്രമുഖ തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ജയസുധ. ഏതാണ്ട് നാൽപ്പത് വർഷങ്ങൾക്ക് മുൻപ് തന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെ മധുവിധു യാത്രക്കിടെ നടന്ന സംഭവങ്ങളാണ് തന്നെ മതം മാറാൻ പ്രേരിപ്പിച്ചതെന്നായിരുന്നു ജയസുധ പറഞ്ഞത്.
1985ലായിരുന്നു ജയസുധയും ഭർത്താവ് നിഥിൻ കപൂറും മധുവിധു യാത്ര നടത്തിയത്. ഈ യാത്രക്കിടെയായിരുന്നു സംഭവം. തായ്‌ലൻഡിൽ വച്ചാണ് ജീസസിനെ താൻ നേരിട്ട് കണ്ടതെന്ന് അവർ പറയുന്നു. 'ബീച്ചിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. വാട്ടർ ആക്റ്റിവിറ്റീസിലെല്ലാം നിഥിൻ കയറി, എന്നെ നിർബന്ധിച്ചു. എന്നാൽ വെള്ളം പേടിയായതുകൊണ്ട് ഞാൻ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തൽ അറിയില്ല' ജയസുധ പറയുന്നു.

'ഒടുവിൽ നിഥിന്റെ നിർബന്ധത്തിന് വഴങ്ങി ജെറ്റ് സ്‌കീയിൽ കയറാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ കടലിൽ കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴേക്കും എന്റെ ബാലൻസ് നഷ്‌ടപെട്ട് വെള്ളത്തിൽ വീണിരുന്നു. അപ്പോൾ ജീവിതം അവസാനിച്ചെന്നാണ് ഞാൻ വിചാരിച്ചത്. പെട്ടന്ന് അലറി വിളിക്കുകയായിരുന്നു ഞാൻ. ആ സമയം ഞാൻ ശരിക്കും കരയേണ്ടത് ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ചാണ്.' അവർ പറഞ്ഞു.
'ഹിന്ദു ദൈവങ്ങളുടെ പേരാണ് എനിക്ക് അറിയാവുന്നത്. എന്നിട്ടും ജീസസ് ക്രൈസ്‌റ്റിന്റെ പേര് വിളിച്ചാണ് കരഞ്ഞത്. ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാനായിരുന്നു എന്റെ ശ്രമം. ഒടുവിൽ കണ്ണുതുറന്നപ്പോൾ, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടൽപ്പായലും സൂര്യകിരണങ്ങളുമാണ് കണ്ടത്. ആ കിരണങ്ങൾക്ക് പിന്നിൽ യേശുവും ഉണ്ടായിരുന്നു. യേശുവിന്റെ കണ്ണുകൾ കണ്ടപ്പോൾ, ഒരു ദിവ്യമായ ബോധം എന്നെ കീഴ്പെടുത്തി.' ജയസുധ കൂട്ടിച്ചേർത്തു.
ഈ സംഭവത്തിന് ശേഷമാണ് പിന്നീട് അവർ മാത്രം മാറിയത്. വീട്ടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ഏറെ ബുദ്ധിമുട്ടിയെന്നാണ് ജയസുധ പറയുന്നത്. 2001ലാണ് ജയസുധ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം നടത്തിയത്. ഒരു സിനിമാ താരം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തനത്തിലും മികവ് തെളിയിച്ച വ്യക്തിത്വമാണ് ജയസുധയുടേത്.
നിലവിൽ ബിജെപി അംഗമാണ് അവർ. നേരത്തെ തെലുഗു ദേശം പാർട്ടിയിലൂടെയാണ് അവർ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോൺഗ്രസിലും അംഗത്വം സ്വീകരിച്ചെങ്കിലും അവിടെയും ഉറച്ചു നിന്നില്ല. നേരത്തെ സെക്കന്ദരാബാദിൽ നിന്നുള്ള എംഎൽഎ ആയും അവർ പ്രവർത്തിച്ചിരുന്നു.












Click it and Unblock the Notifications