'ഇന്നത്തെ കാലത്ത് സുഹൃദ് ബന്ധങ്ങൾ പോലും പാർട്ടിയുടെ അടിസ്ഥാനത്തിൽ'; മനസ് തുറന്ന് മല്ലിക സുകുമാരൻ
ഒരുകാലത്ത് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായിരുന്നു മല്ലിക സുകുമാരൻ. പിന്നീട് സഹതാരമായും, അമ്മവേഷങ്ങളിലും ഒക്കെ തിളങ്ങിയ അവർ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും ഒക്കെയായുള്ള വിശേഷങ്ങൾ പങ്കുവച്ചും, ചിത്രങ്ങൾ പുറത്തുവിടും സമൂഹ മാധ്യമങ്ങളിലും എപ്പോഴും മല്ലിക സുകുമാരൻ നിറഞ്ഞുനിൽക്കുന്നു.
ഇപ്പോഴിതാ ഇന്നത്തെ കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറക്കയുകയാണ് മല്ലിക സുകുമാരൻ. തന്റെ കലാലയ ജീവിതത്തെ കുറിച്ചും അവിടുത്തെ ഓർമ്മകളെ കുറിച്ചുമൊക്കെ സംസാരിക്കുന്ന കൂട്ടത്തിലാണ് ഇന്നത്തെ ക്യാമ്പസ് രാഷ്ട്രീയത്തിലെ തെറ്റായ ചില പ്രവണതകൾ മല്ലിക സുകുമാരൻ തുറന്ന് കാട്ടിയത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

പണ്ടത്തേത് പോലെയല്ല ഇന്ന് രാഷ്ട്രീയം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായെന്ന് അവർ പറയുന്നു. കലാലയ രാഷ്ട്രീയത്തിൽ ഇന്നത്തെ ചില പ്രവണതകൾ തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി. " അന്നത്തെ കാലത്ത് എല്ലാമുണ്ടായിരുന്നെങ്കിലും സൗഹൃദത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അത് ഇന്ന് ലവലേശം ഇല്ല. ഇന്ന് കോളേജിന്റെ ഗേറ്റ് കടന്നാലും അതിനകത്ത് കയറി കഴിഞ്ഞാലും പാർട്ടി അടിസ്ഥാനത്തിലാണ് സുഹൃദ് ബന്ധം. തെറ്റാണു പിള്ളേരെ അത്'' മല്ലിക സുകുമാരൻ പറയുന്നു.
"ഒരു ഘട്ടം കഴിഞ്ഞ്, നിങ്ങൾക്ക് അതിനുള്ള പ്രായമാവുമ്പോൾ നിങ്ങൾ വ്യക്തിപരമായി ജോലി അന്വേഷിക്കുമ്പോൾ ആരുടെ അനുഭാവി ആണെന്നോ ആരോടൊപ്പം നടന്നെന്നോ ഒക്കെ പറഞ്ഞ് ജോലി നേടിക്കൊള്ളൂ. പക്ഷേ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഞാനും എന്നും ഇതിന് എതിരാണ്" മല്ലിക തന്റെ നിലപാട് വ്യക്തമാക്കി.
"നല്ല സുഹൃദ് ബന്ധങ്ങൾ പലതും ഇല്ലാതാവുന്നത് പാർട്ടിയുടെ പേരിലാണ്. അല്ലെങ്കിൽ അണികൾ തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങളെ ചൊല്ലി ഒക്കെയാണ്. എന്നെ പോലെയൊക്കെ ഉള്ള വയസായ അമ്മമാർക്ക് ഇന്ന് ഒരുപാട് സങ്കടങ്ങളുണ്ട്. പക്ഷേ, അത് എവിടെ പറയണം എന്നറിയില്ല. സത്യം ഇതൊന്നും പാടില്ല" അവർ മനസ് തുറന്നു.
"എനിക്ക് ഈ നാട്ടിലെ സ്ത്രീകളോട് പറയാനുള്ളത് അവരവരുടെ മക്കളെ പറഞ്ഞുവിടുക. കഷ്‌ടപ്പെട്ട് വളർത്തി വലുതാക്കി ഇല്ലാത്ത പൈസ ചിട്ടി പിടിച്ചു വാങ്ങി പലിശയ്ക്ക് എടുത്തും മക്കളെ പഠിപ്പിക്കുന്ന എത്ര അമ്മമാരുടെ കഥകൾ ഞാൻ കേൾക്കുന്നുണ്ട്." മല്ലിക സുകുമാരൻ പറഞ്ഞു.












Click it and Unblock the Notifications