'പാമ്പുണ്ടോ എന്ന് പോലും അറിയാത്ത പൊട്ടിപൊളിഞ്ഞ ബാത്റൂം, വസ്ത്രം മാറാൻ ലുങ്കിയുടെ മറ'; മഞ്ജു പിള്ള പറയുന്നു
മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു പിള്ള. നിലവിൽ അമ്മ വേഷങ്ങൾ കൈകാര്യം ചെയ്‌തുകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന മഞ്ജു പിള്ള രണ്ട് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ സജീവമാണ്. ഇക്കാലയളവിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു മഞ്ജു പിള്ള. എങ്കിലും അടുത്ത കാലത്താണ് താരത്തിന് കരിയർ ബ്രേക്ക് കിട്ടിയത്.
ഇപ്പോഴിതാ തന്റെ കരിയറിൽ അനുഭവിച്ച ഒരു മോശം അനുഭവത്തെ പറ്റി മനസ് തുറക്കുകയാണ് മഞ്ജു പിള്ള. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്. സീനിയർ ആയത് കൊണ്ടാവാം സിനിമയിൽ നിന്ന് തനിക്ക് അധികം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് താരം പറയുന്നത്. എങ്കിലും മുൻപ് ഒരിക്കൽ ഷൂട്ടിംഗ് സെറ്റിൽ നേരിടേണ്ടി വന്ന മോശം അനുഭവം അവർ പറയുന്നുമുണ്ട്.

വൃത്തിയില്ലാത്ത ഒരു ടോയ്‌ലെറ്റിൽ പോവേണ്ടി വന്നുവെന്നും, അവിടെ വസ്ത്രം മാറാൻ പോലുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും മഞ്ജു പിള്ള പറയുന്നു. ഇപ്പോഴല്ല ഈ സംഭവം നടന്നതെന്ന പറഞ്ഞ അവർ വർഷങ്ങൾക്ക് മുൻപാണ് തനിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും വ്യക്തമാക്കി.
നമ്മൾ തിരഞ്ഞെടുക്കുന്നത് പോലെയിരിക്കും ഇതൊക്കെ. നല്ല പ്രൊഡക്ഷൻ നോക്കിയാണ് ഞാൻ എപ്പോഴും സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. കുറച്ച് സീനിയർ ആയത് കൊണ്ടാവും എനിക്ക് ഇതുവരെ സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല; മഞ്ജു പിള്ള പറഞ്ഞു. എന്നാൽ ഒരിക്കൽ മാത്രം എനിക്ക് അത്തരമൊരു ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു പിള്ള തന്റെ അനുഭവം പങ്കുവച്ചത്.
'ഒരു പഴയ വീട്ടിലായിരുന്നു അന്ന് ഷൂട്ടിംഗ്. ബാത്റൂം പുറത്തായിരുന്നു. പൊട്ടിപൊളിഞ്ഞ പാമ്പുണ്ടോ എന്ന് പോലും അറിയാത്ത ബാത്റൂം. അതെനിക്ക് വലിയ ബുദ്ധിമുട്ടായി. സ്ത്രീകൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ടാവും. ഞാൻ അന്ന് എനിക്ക് നല്ല ബാത്റൂം വേണമെന്ന് പറഞ്ഞിരുന്നു. പക്ഷേ അവർ ഒന്നും ചെയ്‌ത് തന്നില്ല' അവർ പറഞ്ഞു.
'ഇതോടെ പിറ്റേന്ന് ഞാൻ ഷൂട്ടിന് പോയില്ല. അന്ന് വസ്ത്രം മാറാൻ പ്രത്യേക ഇടം ഒന്നും ഉണ്ടായിരുന്നില്ല. കൂടെയുള്ളവർ ലുങ്കി ഒക്കെ വച്ച് മറച്ചാണ് വസ്ത്രം മാറുക. പണ്ട് സീരിയൽ ഷൂട്ട് സമയത്ത് വസ്ത്രം മാറുമ്പോൾ ഒളിഞ്ഞുനോട്ടം ഉണ്ടാവാറുണ്ട്. നീന ചേച്ചിയൊക്കെ അത് പറയുമായിരുന്നു. ഇന്ന് പക്ഷേ ക്യാരവനൊക്കെ വന്നല്ലോ' മഞ്ജു പിള്ള കൂട്ടിച്ചേർത്തു.
അതേസമയം, അടുത്തിടെ ഇന്ദ്രൻസ് നായകനായി ശ്രീനാഥ് ഭാസിയും നസ്ലനും പ്രധാന വേഷങ്ങളിൽ എത്തിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജു പിള്ളയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു. പിന്നാലെ ബേസിൽ ജോസഫ് ചിത്രമായ ഫാലിമിയിലെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു.












Click it and Unblock the Notifications