ഭർത്താവിന്റെ മരണകാരണം പ്രാവുകളുടെ സാമിപ്യം? തുറന്നുപറഞ്ഞ് മീന, കണ്ണുകൾ ദാനം ചെയ്തെന്നും താരം
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായ മീനയുടെ ഭർത്താവിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതിന് പിന്നാലെ ഒട്ടേറേ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പ്രാവിന്റെ സാമിപ്യമാണ് വിദ്യാസാഗറിനെ രോഗബാധിതനാക്കിയത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ചില വാദങ്ങൾ.
ഇപ്പോഴിതാ ഇക്കാര്യത്തിൽ മീന മറുപടി പറയുന്ന ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഭർത്താവിന്റെ മരണവും അവയവദാനവും ഉൾപ്പെടെ പല കാര്യങ്ങളും മീന ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിദ്യാസാഗറിന്റെ രോഗവും അതിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങളും ഒക്കെ മീന വെളിപ്പെടുത്തുന്നുണ്ട്.

'അദ്ദേഹം താമസിച്ചിരുന്ന ബാംഗ്ലൂരിലെ ഫ്ലാറ്റിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു. അതിന്റെ വേസ്‌റ്റും പൊടിയും ഒക്കെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ രോഗത്തിന്റെ തുടക്കം. ഐഎൽഡി (ഇന്റർസ്‌റ്റീഷ്യൽ ലങ്ങ് ഡിസീസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്' മീന ഭർത്താവിന്റെ രോഗകാരണം തുറന്നുപറയുന്നു.
ചികിത്സിക്കാൻ വൈകിപ്പോയിരുന്നു എന്നാണ് മീന പറയുന്നത്. പലതും രോഗലക്ഷണങ്ങൾ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇതൊരു ശ്വാസകോശ സംബന്ധമായ രോഗമായിരുന്നു. ചികിത്സ തുടങ്ങിയപ്പോൾ സുഖം പ്രാപിച്ചു വന്നിരുന്നുവെന്നും മീന പറയുന്നു. എന്നാൽ പിന്നീടാണ് കോവിഡ് വില്ലനായതെന്നാണ് മീന വ്യക്തമാക്കുന്നത്.
ഞങ്ങൾക്ക് എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. അതിനുശേഷമാണ് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെ ഉണ്ടാകാൻ തുടങ്ങിയത്. പിന്നീട് പ്രശ്‌നങ്ങൾ കൂടിയപ്പോഴാണ് മാറ്റിവയ്ക്കുന്നതിനെ കുറിച്ച് വരെ ആലോചിച്ചു തുടങ്ങിയത്. പിന്നീട് അതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്‌തിരുന്നുവെന്ന് മീന സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അതിനിടെയായിരുന്നു വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം.
'അവയവദാനത്തിന് ഒരുപാട് പ്രക്രിയകൾ ഉണ്ടായിരുന്നു. ഞാൻ അതേക്കുറിച്ച് ഇത്രയും വലിയ കാര്യമാണ് ഇത് എന്ന് മനസിലാക്കിയത് തന്നെ അപ്പോഴായിരുന്നു. അതുവരെ സിനിമയിൽ മാത്രം കേട്ടിരുന്ന കാര്യം മാത്രമായിരുന്നു ഇത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ എന്റെ കണ്ണ് ദാനം ചെയ്‌തു കഴിഞ്ഞതാണ്' മീന കൂട്ടിച്ചേർത്തു.
അതേസമയം, വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. പ്രമുഖ തമിഴ് നടൻ ധനുഷ് ഉൾപ്പെടെയുള്ളവരെ ചേർത്തായിരുന്നു പല കഥകളും പ്രചരിച്ചിരുന്നത്. എന്നാൽ ഇതൊക്കെ തനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയതായി മീന തന്നെ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications