വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപം; വിമർശകർക്ക് ചുട്ട മറുപടിയുമായി മീനാക്ഷി രവീന്ദ്രൻ
ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് റിയാലിറ്റി ഷോകളിലൂടെയും ഒക്കെ ശ്രദ്ധേയായ താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായും താരം തിളങ്ങിയിരുന്നു. കൂടാതെ സിനിമയിലും മീനാക്ഷി സജീവമാണ്. ഇപ്പോഴിതാ താരത്തിനെതിരെ നടന്ന ഒരു സൈബർ ആക്രമണവും അതിന് മീനാക്ഷി നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
ഒരു സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ ചടങ്ങിൽ മീനാക്ഷി ഇട്ട വസ്ത്രത്തിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ് താരം ഇപ്പോൾ. 'പ്രേമലു' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ നേരത്തെ വൻതോതിൽ വൈറലായിരുന്നു. ഒരൽപം ഫാഷൻ അധികമുള്ള വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്.

എന്നാൽ ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു. മീനാക്ഷിയെ മാത്രമല്ല താരത്തിന്റെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു വന്ന കമന്റുകളിൽ അധികവും. എന്നാല്‍ കേവലം ഒരു വസ്ത്രം ധരിച്ചതിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തെആ രീതിയിൽ തന്നെ കണ്ടാൽ മതിയെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മീനാക്ഷി സൈബർ ആക്രമണങ്ങളോടും, വസ്ത്രധാരണത്തിന്റെ പേരിൽ നേരിടുന്ന വിമർശനത്തോടും പ്രതികരിച്ചത്. ഇത്തരം കമന്റുകളോട് താൻ പ്രതികരിക്കാറില്ല എന്നായിരുന്നു വസ്‌ത്രധാരണത്തെ കുറിച്ചുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മീനാക്ഷി നൽകിയ മറുപടി.
"ഇത്തരം കമന്റുകളോട് ഞാന്‍ പ്രതികരിക്കാറേയില്ല. അപ്പോള്‍ പ്രശ്‌നം തീര്‍ന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്‌ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോള്‍ ശബ്‌ദം ഉണ്ടാകുന്നില്ലല്ലോ." എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, വിവാദത്തിൽ താരത്തിന് പിന്തുണയുമായി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.
അതേസമയം മലയാളത്തിലെ യുവ താരങ്ങളായ നസ്ലൻ-മമിത കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പ്രേമലു ആണ് താരത്തിന്റെ വരാനിരിക്കുന്നത് ചിത്രം. ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ഗണത്തിൽപ്പെട്ടതാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഗപ്പിയിലൂടെ ആരാധകരുടെ മനംകവർന്ന വിഷ്‌ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
നസ്ലൻ, മമിത എന്നിവരെ കൂടാതെ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീപ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.












Click it and Unblock the Notifications