ശങ്കറായിരുന്നു നിങ്ങൾക്ക് പെർഫെക്റ്റ് മാച്ച്, അല്ലാതെ സുരേഷ് കുമാറല്ല; അന്ന് മേനക നൽകിയ മറുപടി ഇങ്ങനെ
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു ശങ്കറും മേനകയും. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ എൺപതുകളിൽ തിളങ്ങിയ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നുമൊക്കെ അന്ന് ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെയൊക്കെ തകിടം മറിച്ചുകൊണ്ടാണ് നിർമ്മാതാവ് കൂടിയായ സുരേഷ് കുമാറിനെ മേനക വിവാഹം കഴിച്ചത്.
ഇപ്പോഴിതാ ആ കാലത്ത് വിവാഹവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ചോദ്യങ്ങളും, അതിന് നൽകിയ മറുപടിയും ഒക്കെ തുറന്നു പറയുകയാണ് മേനക സുരേഷ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന അവസരത്തിലാണ് മേനക സിനിമാ ജീവിതത്തിലെ പഴയ കാല ഓർമ്മകളെ കുറിച്ച് വാചാലയായത്.

സുരേഷ് കുമാറും മേനകയും പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോഴും ഞാൻ ശങ്കറിനെ വിവാഹം ചെയ്‌ത് കാണാനാണ് ആഗ്രഹമെന്നായിരുന്നു കൂടുതൽ ആരാധകരും പറഞ്ഞത്. അന്ന് തനിക്ക് വന്ന കത്തുകളിലെല്ലാം ഇതായിരുന്നു ഉണ്ടായിരുന്നതെന്നാണ് മേനക പറയുന്നത്. തങ്ങൾ ഇരുവർക്കും ജനങ്ങൾക്ക് ഇടയിൽ ഇത്രയധികം സ്വീകാര്യത ഉണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും മേനക തുറന്നു പറയുകയുണ്ടായി.
താൻ എവിടെ പോയാലും ശങ്കറിനെ കുറിച്ചായിരുന്നു ചോദ്യമെന്ന് മേനക പറയുന്നു. താനും സുരേഷേട്ടനും പ്രണയത്തിലാണെന്നും, വിവാഹിതരാവുമെന്നും ശങ്കറിന് മുന്‍പേ അറിയാമായിരുന്നുവെന്നാണ് മേനക പറയുന്നത്. 'സുരേഷേട്ടന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഇവരൊന്നിച്ചാണ് എനിക്ക് വന്ന കത്തുകള്‍ പൊട്ടിച്ച് വായിക്കുന്നത്. ഞാൻ ശങ്കറിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തുകൾ പോലും സുരേഷേട്ടൻ വായിച്ചിട്ടുണ്ട്' മേനക മനസ് തുറന്നു.
കൂടാതെ ശങ്കറിന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ അമ്മ പോലും ഇത്തരത്തിൽ തെറ്റിദ്ധരിച്ചുവെന്നും മേനക ചൂണ്ടിക്കാണിക്കുന്നു. 'ഒരിക്കല്‍ ശങ്കറിന്റെ വീട്ടിലേക്ക് ഞാനും സുരേഷേട്ടനും പോയിരുന്നു. അന്ന് വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ശങ്കറും മേനകയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ സുരേഷ് കുമാര്‍ വന്നതെന്നാണ് കരുതിയതെന്നായിരുന്നു അമ്മ പറഞ്ഞത്. ശങ്കറേട്ടന്റെ അമ്മ വരെ എന്നെ മരുമകളായി കണ്ടിരുന്നു.' മേനക പറഞ്ഞു.
ഒരിക്കലും താൻ അങ്ങനെ ശങ്കറിനെ കണ്ടില്ലെന്നായിരുന്നു അമ്മയോട് പറഞ്ഞതെന്ന് മേനക വ്യക്തമാക്കി. വിവാഹ ശേഷമാണ് തങ്ങളുടെ ജോഡി ആളുകൾ ഇത്രയ്ക്ക് ഏറ്റെടുത്ത കാര്യം അറിഞ്ഞതെന്നും മേനക കൂട്ടിച്ചേർത്തു. നേരത്തെ ശങ്കറും മറ്റൊരു അഭിമുഖത്തിൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരുന്നു.
സുരേഷും മേനകയും പ്രണയത്തിൽ ആണെന്നുള്ള കാര്യം മുൻപേ തന്നെ തനിക്ക് അറിയാവുന്നതാണെന്ന് ശങ്കർ പറഞ്ഞിരുന്നു. മേനക തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്‌തത് കൊണ്ട് തന്നെ ഇത്തരം ഗോസിപ്പുകൾ വരിക സാധാരണയാണെന്നും ശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തോട് മുത്ത്, സൗന്ദര്യ പിണക്കം, പൂച്ചയ്‌ക്കൊരു മൂക്കുത്തി തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇരുവരും ജോഡിയായി എത്തിയത്.












Click it and Unblock the Notifications