'രാജുവേട്ടാ നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയ്ക്ക് പാഠം'; ആടുജീവിതത്തെ പുകഴ്ത്തി നവ്യ നായർ
മലയാള സിനിമയിലെ തന്നെ മാഗ്നം ഓപസ് അല്ലെങ്കിൽ ക്ലാസിക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി പേരാണ് അതിലെ അഭിനേതാക്കളെയും, അണിയറ പ്രവർത്തകരെയും പുകഴ്ത്തി കൊണ്ട് രംഗത്ത് വരുന്നത്. ഇപ്പോഴിതാ മുൻനിര നായികമാരിൽ ഒരാളായ നവ്യ നായരും ചിത്രത്തെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്.
തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് നവ്യ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്. പുസ്‌തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നുവെന്നും ബെന്യാമെൻ എന്ന എഴുത്തുകാരനെ ഇഷ്‌ടപെട്ടിരുന്നു എന്നും നവ്യ പറയുന്നു. പക്ഷേ ഇപ്പോൾ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നുവെന്നാണ് താരം പറഞ്ഞത്.

ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിനെയും അവർ പുകഴ്ത്തി. രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരൻ) , നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞ നവ്യ പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചുവെന്നും സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നുവെന്നും കുറിപ്പിലൂടെ പറയുന്നു.
ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയുകയാണെന്നും നവ്യ നായർ വ്യക്തമാക്കി. ചിത്രത്തിലെ അഭിനേതാക്കളായ ജിമ്മി ജീൻ ലൂയീസ്, ഗോകുൽ കെആർ എന്നിവരെയും നവ്യ പേരെടുത്ത് പ്രശംസിച്ചു.
എആർ റഹ്മാന്റെ സംഗീത സംവിധാനവും താരം എടുത്തുപറഞ്ഞു. ഏറ്റവും ഒടുവിലായാണ് സംവിധായകൻ ബ്ലെസിയോട് ചിത്രത്തിന്റെ പേരിൽ നന്ദി അറിയിച്ചത്. ഇത്തരമൊരു ചിത്രം മലയാളികൾക്ക് സമ്മനിച്ചതിൽ നന്ദിയുണ്ടെന്ന് പറഞ്ഞ നവ്യ സംവിധായകൻ ബ്ലെസിയോട് എന്നും ബഹുമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഭാഷാഭേദമന്യേ എല്ലായിടത്തും ഒരേ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിയുടേയും ഹക്കീമിന്റെ വേഷമണിഞ്ഞ ഗോകുലിന്റെയും ഇബ്രാഹിം ഖാദിരിയായി എത്തിയ ജിമ്മി ജീൻ ലൂയീസിന്റെയും പ്രകടനങ്ങൾക്ക് വലിയ കൈയടികളാണ് ലഭിക്കുന്നത്.
ബോക്‌സ് ഓഫീസ് കളക്ഷനിലും ചിത്രം വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്. എട്ട് ദിവസം കൊണ്ട് ഏതാണ്ട് 93 കോടിയിലധികം രൂപ ചിത്രം നേടിയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്‌റ്റുകൾ പറയുന്നത് അനുസരിച്ച് നാളെയോടെ ചിത്രം 100 കോടി ക്ലബിൽ എത്തിയേക്കും.












Click it and Unblock the Notifications