'സിനിമയിൽ നിന്ന് ദുരനുഭവം ഉണ്ടായി, എന്റെ ദാനമാണ് ആ നടന്റെ ജീവിതം'; വെളിപ്പെടുത്തലുമായി നടി പ്രിയങ്ക
മലയാള സിനിമയിൽ തനിക്കും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക അനൂപ്. തന്റെ ജീവിതത്തിൽ ഏറ്റവും വിഷമം ഉണ്ടായ സന്ദർഭമാണ് അതെന്നും തനിക്ക് സിനിമ നഷ്‌ടപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ ആരാണ് തന്നോട് മോശമായി പെരുമാറിയ വ്യക്തിയെന്ന് പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല. അതിന് ഇനിയും സമയം ആയിട്ടില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രിയങ്ക അനൂപ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. എങ്കിലും ആവശ്യമെങ്കിൽ ആ പേര് പുറത്തുപറയുമെന്നും ഇപ്പോൾ സമയം ആയിട്ടില്ലെന്നും താരം പറഞ്ഞു. എന്നോട് മോശമായി പെരുമാറിയ നടൻ പാവമാണെന്ന് കരുതുന്നിലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തോട് ബഹുമാനമുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

'ഇപ്പോഴും അക്കാര്യം പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ നടന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. അത് കാണുമ്പോൾ എനിക്ക് പറയണമെന്ന് തോന്നാറുണ്ട്. ഞാൻ ഒരിക്കൽ അത് തുറന്ന് പറയും. ഒരുപാട് പുതുതലമുറ ഇതിലേക്ക് വരാനുണ്ട്. ഇത്തരം ആളുകൾ ഒക്കെ അതിൽ നിന്ന് പോവണം. സിനിമ മോശം ഫീൽഡല്ല, എന്നാൽ ഇത്തരക്കാർ ചേർന്ന് അതിനെ നശിപ്പിക്കുകയാണ്' നടി പറഞ്ഞു.
നിലവിൽ ആരോപണ വിധേയരായ നടൻമാരിൽ ആരെങ്കിലുമാണോ മോശമായി പെരുമാറിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തരാൻ താരം തയ്യാറായില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. തന്നെ ഉപദ്രവിക്കാൻ വന്നവരെ താൻ തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞ പ്രിയങ്ക അനൂപ് ആ നടന്റെ ഇപ്പോഴത്തെ ജീവിതം തന്റെ ദാനമായി കണക്കാക്കിയാൽ മതിയെന്നും വ്യക്തമാക്കി.
'പത്ത് കോടി മുന്നിൽ വച്ചാലും എന്നെ കിട്ടുമെന്ന് വിചാരിക്കരുത്. ഞാൻ ഒരിക്കലും വരില്ല. എത്ര കഷ്‌ടപെട്ടിട്ടായാലും ഞാൻ അങ്ങോട്ട് പോവില്ല. ഏത് അറ്റം വരെയും ബുദ്ധിമുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ തയ്യാറാണ്. പക്ഷേ ഒരാളുടെ കൂടെയും പോകില്ല' പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കി. അമ്മയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും അവർ തുറന്നുപറഞ്ഞു.
എല്ലായിടത്തും എന്ന പോലെ അമ്മയിലും പ്രശ്‌നങ്ങളുണ്ട്. പക്ഷേ അതൊക്കെ ഉള്ളിൽ തന്നെ പറഞ്ഞു തീർക്കുന്നതാവും നല്ലത്. മമ്മൂക്കയും ലാലേട്ടനും തന്നെയാണ് അമ്മയുടെ മൂത്തമക്കൾ. അവർ തന്നെയാണ് സംഘടനയുടെ തലപ്പത്ത് വേണ്ടത്. എന്നാൽ പുതുതലമുറയിലെ യുവതാരങ്ങൾ കൂടി മുൻനിരയിലേക്ക് വരണം. അവർക്ക് അഭിപ്രായങ്ങൾ കൂടുതൽ ആർജവത്തോടെ പറയാൻ കഴിയുമെന്നും പൃഥ്വിരാജിന്റെ ഉൾപ്പെടെ പേരെടുത്ത് പറഞ്ഞുകൊണ്ട് പ്രിയങ്ക വ്യക്തമാക്കി.
നടി കാവേരിയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം നന്ദകുമാർ എന്ന വ്യക്തിയാണ് പിന്നിൽ കളിച്ചതെന്നും പ്രിയങ്ക വ്യക്തമാക്കി. അയാൾക്കെതിരെ പരാതി കൊടുത്ത ശ്വേത മേനോനോട് നന്ദിയുണ്ടെന്നും പ്രിയങ്ക അറിയിച്ചു. കാവേരിയോടും അമ്മയോടും ഇപ്പോഴും സ്നേഹം മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ പ്രിയങ്ക അവരോട് ദേഷ്യമില്ലെന്നും ചൂണ്ടിക്കാട്ടി. നേരത്തെ കാവേരിയുടെ 'അമ്മ നൽകിയ കേസിൽ 2021ൽ പ്രിയങ്കയെ കോടതി കുറ്റവിമുക്ത ആക്കിയിരുന്നു.












Click it and Unblock the Notifications