'ദൃശ്യം ഷൂട്ടിനിടെയാണ് അദ്ദേഹം എന്നോട് ഈ ആഗ്രഹം തുറന്നുപറഞ്ഞത്'; ശാന്തി മായാദേവി
തുടർപരാജയങ്ങൾക്ക് ശേഷം മോഹൻലാലിന്റെ മികച്ചൊരു തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കിയ 'നേര്'. ക്രിസ്‌തുമസ് റിലീസായി ഇന്നലെ പ്രദർശനത്തിന് എത്തിയ ചിത്രം ഹൗസ്ഫുൾ ഷോസുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജീത്തു ജോസഫും അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ചേർന്നാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശാന്തി മായാദേവി. ദൃശ്യം രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്ന സമയത്ത് തന്നെ മലയാളത്തിൽ ഒരു കോർട്ട് റൂം ഡ്രാമ ചിത്രം ഒരുക്കണമെന്ന് ജീത്തു ജോസഫ് തന്നോട് പറഞ്ഞതായാണ് ശാന്തി മായാദേവി വെളിപ്പെടുത്തുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിലും അഭിഭാഷകയായി താരം വേഷമിട്ടിരുന്നു.

നേര് തങ്ങൾ രണ്ട് പേരും ചേർന്ന് എങ്ങനെയാണു എഴുതിയതെന്നും അവർ വ്യക്തമാക്കുന്നു. 'ദൃശ്യത്തിന്റെ സമയത്ത് ജീത്തു സാറാണ് ഒരു ത്രെഡ് പറയുന്നത്. എനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണം. കുറേ കാലമായുള്ള എന്റെ ആഗ്രഹമാണ് അതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാളത്തിൽ ഒരു കോർട്ട് റൂം ഡ്രാമ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം' ശാന്തി മായാദേവി പറയുന്നു.
' വളരെ ആധികാരികമായി എടുക്കുന്ന ചിത്രമായിരിക്കണോ എന്ന് ഞാൻ സാറിനോട് ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടിയും നൽകി, എന്നാൽ അത് വളരെ ബോറായിരിക്കും എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. അത്തരമൊരു ചിത്രം വളരെ ഡ്രൈ ആയിരിക്കുമെന്നും പറഞ്ഞു' അവർ തുടർന്ന് പറഞ്ഞു.
'ഒരു എന്റർടൈൻമെന്റ് പാക്കേജിൽ അതിനെ ഉണ്ടാക്കിയെടുക്കുക പ്രയാസമാണ്. എങ്കിലും ഒരു കോർട്ട് റൂം ഡ്രാമയിൽ പങ്ക് ചേരാൻ എനിക്ക് സന്തോഷമേയുള്ളൂ, കാരണം അതെന്റെ ഏരിയ ആണ്. ഞാൻ വലിയ എഴുത്തുകാരിയല്ല, എനിക്ക് എഴുതി പരിചയവുമില്ല എന്നായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ റിയലിസ്‌റ്റിക്കായി എടുക്കാമെന്നും, ഞാൻ കൂടെയുണ്ടല്ലോ എന്നുമായിരുന്നു ജീത്തു സാറിന്റെ മറുപടി' ശാന്തി മായാദേവി കൂട്ടിച്ചേർത്തു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'നേര്'. പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. ഇന്നലെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നേര്' എന്ന പ്രത്യേകതയുമുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications