'പല സീനുകൾ കഴിയുമ്പോഴും ലാലേട്ടൻ ചിരിച്ചുകൊണ്ട് ആ ചോദ്യം ചോദിക്കും..'; ശാന്തി മായാദേവി
മോഹൻലാൽ നായകനായി തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'നേര്'. ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രം ഡിസംബർ 21നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥയിൽ ജീത്തു ജോസഫിനൊപ്പം പങ്കാളിയാവുകയും, ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‌ത അഭിഭാഷക കൂടിയായ ശാന്തി മായാദേവി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.
മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമകളും അവർ പങ്കുവെച്ചിരുന്നു. ലാലേട്ടൻ തന്റെ ശരീര ഭാഷ കൊണ്ടും, അഭിനയം കൊണ്ടും അത്ഭുതപ്പെടുത്തിയെന്നും അവർ ചൂണ്ടിക്കാട്ടി. മോഹൻലാലിന്റെ അഭിനയം അത്രയും റിയലിസ്റ്റിക് ആയിരുന്നുവെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കുന്നു.

'ശരീര ഭാഷ കൊണ്ടും, സംഭാഷങ്ങൾ അവതരിപ്പിക്കുന്ന രീതി കൊണ്ടും മോഹൻലാൽ എന്ന നടൻ ചിത്രത്തിലുടനീളം എന്നെ അത്ഭുതപ്പെടുത്തി. ലാലേട്ടൻ അടക്കം ഒട്ടേറെ സീനിയർ താരങ്ങളുണ്ടായിരുന്നു. ഒരാളുടെ സീൻ കഴിഞ്ഞാൽ മറ്റയാളുടെ പെർഫോമൻസ് കാണാൻ ലാലേട്ടൻ അടക്കമുള്ള താരങ്ങൾ കാരവനിൽ പോകാതെ അവിടെ തന്നെ നിൽക്കും. പല സീനുകൾ കഴിയുമ്പോഴും ലാലേട്ടൻ ചിരിച്ചുകൊണ്ട് ചോദിക്കും, ഞാൻ വക്കീൽ ആയാൽ മതിയായിരുന്നു അല്ലേ ? എന്ന്, അത്രയും റിയലിസ്‌റ്റിക് ആയിട്ടാണ് അദ്ദേഹം പെർഫോം ചെയ്‌തത്.
നേരിന്റെ തിരക്കഥ എഴുതുന്നതിലേക്ക് എങ്ങനെയാണ് എത്തിയതെന്നും അവർ വ്യക്തമാക്കി. ദൃശ്യം 2 കഴിഞ്ഞതിന് ശേഷം താനും ജീത്തു ജോസഫും ഫാമിലി ഫ്രണ്ട്സ് ആയെന്നും, അങ്ങനെ ഉള്ളൊരു യാത്രക്കിടെയാണ് ഇതിനെ കുറിച്ചുള്ള ചിന്തകൾ വന്നതെന്നും ശാന്തി മായാദേവി പറഞ്ഞു.
'ഒരു കോർട്ട് റൂം ഡ്രാമ ചെയ്യണമെന്ന് ദൃശ്യത്തിന്റെ സെറ്റിൽ വെച്ച് എന്നോട് ജീത്തു സർ പറഞ്ഞിരുന്നു. ദൃശ്യത്തിന് ശേഷം ഞങ്ങൾ കുടുംബ സുഹൃത്തുക്കളായി. ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറുമുണ്ടായിരുന്നു. അങ്ങനെയൊരു യാത്രയ്ക്ക് ഇടയിലാണ് നേരിന്റെ ഒരു കഥാതന്തു എന്നോട് സർ പറഞ്ഞത്.' ശാന്തി മായാദേവി കൂട്ടിച്ചേർത്തു.
അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'നേര്'. അനശ്വര രാജൻ, പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നേര്' എന്ന പ്രത്യേകതയുമുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications