'അറിയാത്ത ആ കാര്യം ചെയ്യാൻ പാടില്ലായിരുന്നു, പൊട്ടി പാളീസായിപ്പോയി'; തുറന്ന് പറഞ്ഞ് സരിത ബാലകൃഷ്‌ണൻ
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സരിത ബാലകൃഷ്‌ണൻ. ഏകദേശം രണ്ട് പതിറ്റാണ്ടിൽ അധികമായി താരം സീരിയലുകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ജനപ്രീതി സ്വന്തമാക്കിയിരുന്നു. ഇപ്പോഴും സീരിയലുകളിൽ സജീവമാണ് സരിത. യൂട്യൂബ് കുക്കിംഗ് വ്‌ളോഗ് ഉൾപ്പെടെയുള്ളവയിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇടക്കാലത്ത് താൻ തുടങ്ങിയ ഹോട്ടൽ ബിസിനസ് വേണ്ടവിധത്തിൽ വിജയിക്കാതെ വരികയും പൊളിയുകയും ചെയ്‌തുവെന്നാണ് സരിത പറയുന്നത്. 'ഞാൻ നന്നായി കുക്ക് ചെയ്യു. എനിക്ക് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും അവരും നല്ലതാണെന്ന് പറയുന്നത് കേൾക്കാനും എപ്പോഴും വളരെയധികം ഇഷ്‌ടമാണ്' എങ്ങനെയാണ് ഹോട്ടൽ രംഗത്തേക്ക് എത്തിയതെന്ന് സരിത പറഞ്ഞു.

'കുക്കിംഗിനോടുള്ള ഈ പാഷൻ കാരണം ഞാൻ ഒരു ഹോട്ടൽ തുടങ്ങിയിരുന്നു. എട്ടൊൻപത് ജോലിക്കാരെ ഒക്കെ വച്ചായിരുന്നു തുടങ്ങിയത്. പക്ഷേ അത് പൊട്ടിപ്പാളീസ് ആയിപ്പോയി. അത് നോക്കി നടത്താനൊന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് അതിനെപ്പറ്റി പഠിക്കാതെ ഇതൊന്നും ചെയ്യാൻ പാടില്ല എന്ന് മനസിലായി.' സരിത തന്റെ ജീവിതാനുഭവം പങ്കുവച്ചു.
കൂടാതെ സീരിയലിലേക്കുള്ള തന്റെ കടന്നുവരവും അതിന് നിമിത്തമായ തെസ്‌നി ഖാനെ കുറിച്ചും അവർ മനസ് തുറന്നു. നാടോടിനൃത്തം പഠിക്കാനായി തെസ്‌നി ഖാൻ ചേച്ചിയുടെ അടുത്ത് പോയിരുന്നു. അവിടുന്ന് ചേച്ചിയാണ് പിന്നീട് എന്നെ അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. ചേച്ചി തന്നെയാണ് എന്നെ ആദ്യമായി റെക്കമെന്റ് ചെയ്യുന്നതും' സരിത പറയുന്നു.
ജന്മനാടായ കൊച്ചി വിട്ടുപോവാൻ മടിയാണെന്നും താരം പറഞ്ഞു. 'അഭിനയ രംഗത്തേക്ക് കടന്നുവന്നിട്ട് 24 വർഷമായി. ജനിച്ചതും വളർന്നതും ഒക്കെ കൊച്ചിയിലാണ്. അവിടം വിട്ട് എനിക്ക് എവിടേക്കും പോകാൻ കഴിയില്ല. മൂന്ന് വർഷം തിരുവനന്തപുരത്ത് സെറ്റിലാവാൻ നോക്കിയിരുന്നു. എന്റെ ഷൂട്ടും മറ്റ് കാര്യങ്ങളും എല്ലാം അധികവും തിരുവനന്തപുരത്താണ്. അതുകൊണ്ടാണ് അവിടെ സെറ്റിൽ ആവാൻ വേണ്ടി ശ്രമിച്ചത്. പക്ഷേ എന്നെക്കൊണ്ട് അതിന് പറ്റുന്നുണ്ടായിരുന്നില്ല.' സരിത വ്യക്തമാക്കി.
'24 വർഷത്തെ അഭിനയ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്. ഈ ഫീൽഡിൽ ഇതുവരെ പിടിച്ചുനിൽക്കുക എന്ന് പറയുന്നത് തന്നെ അത്ര എളുപ്പമുള്ള കാര്യമല്ല. എനിക്ക് കരിയറിൽ എട്ടുവർഷത്തെ ഒരു ഇടവേള വന്നിരുന്നു. ആ ഇടവേളയ്ക്ക് ശേഷമായുള്ള സെക്കൻഡ് എൻട്രി എന്ന് പറയുന്നത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ദൈവം സഹായിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല' സരിത ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications