ഏഴ് വർഷമായി ചികിത്സിക്കുന്നു, ആർത്തവം വലിയ വെല്ലുവിളി; രോഗാവസ്ഥയെ കുറിച്ച് മനസ് തുറന്ന് ശ്രുതി ഹാസൻ
പല മുൻനിര സിനിമാ താരങ്ങളെയും പോലെ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയിട്ടുള്ള ആളാണ് തെന്നിന്ത്യയിലെ പ്രമുഖ നായിക ശ്രുതി ഹാസൻ. പല സ്ത്രീകളും നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായ പിസിഒഡി എന്ന അവസ്ഥയാണ് ശ്രുതി ഹാസനെയും വേട്ടയാടുന്നത്. ഇപ്പോഴിതാ താരം അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്.
അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഹാസൻ താൻ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച് മനസ് തുറന്നത്. നേരത്തെ ഇൻസ്‌റ്റഗ്രാമിലൂടെയും തന്റെ രോഗാവസ്ഥയെ കുറിച്ച് ശ്രുതി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിസിഒഡി വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും അത് നേരിടുന്നത് എങ്ങനെയെന്നും അവർ മനസ് തുറന്നത്.

'എന്റെ ഇരുപത്തിയാറാം വയസിലായിരുന്നു ഈ ഹോര്‍മോണല്‍ പ്രശ്‌നം ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ അവസ്ഥയെ അഭിമുഖീകരിച്ചു കൊണ്ടിരിയ്ക്കുകയാണ് ഞാൻ. നേരത്തെ തന്നെ എന്‍ഡ്രോമെട്രിയോസിസും ഡിസ്‌മെനോറിയയും ഉണ്ടായിരുന്നു. അതിനിടയിലാണ് ഇത് കൂടി വരുന്നത്' ശ്രുതി ഹാസൻ ബ്രൂട്ട് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഈ രോഗത്തിന്റെ ഭാഗമായി ഭാഗമായി അമിതമായ വയറ് വേദനയും, വയറ് വീര്‍ക്കുന്ന അവസ്ഥയും, രോമ വളര്‍ച്ചയും ഒക്കെ നേരിടേണ്ടി വന്നിരുന്നു. വണ്ണം കൂടിയത് കാരണം വര്‍ക്കൗട്ടും, ഡയറ്റും, ഭക്ഷണ ക്രമീകരണവും നടത്തുകയാണ് ചെയ്‌തത്.' മദ്യവും കഫീനും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയത് ഗുണമായെന്നും ശ്രുതി ഹാസൻ പറയുന്നു.
ഏഴ് വർഷത്തോളമായി ഈ രോഗത്തിന് മാത്രമായി ചികിത്സ തേടുകയാണെന്നും എന്നാൽ ഇതിനൊരു കൃത്യമായ പരിഹാര മാർഗമില്ലെന്നും അവർ പറഞ്ഞു. ഇതിന് പുറമെ തന്റെ ആർത്തവ കാലത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് ശ്രുതി ഹാസൻ സംസാരിക്കുകയുണ്ടായി.
ആദ്യമായി ആര്‍ത്തവം തുടങ്ങിയത് മുതല്‍ എപ്പോഴും അതൊരു വലിയ യുദ്ധമാണ്. വേദനയും, സ്‌കൂളില്‍ തലകറങ്ങി വീണ അനുഭവങ്ങളും ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. സ്‌റ്റേജ് പെര്‍ഫോമന്‍സും, ശാരീരികമായി കഠിനാധ്വാനം വേണ്ട ഷൂട്ടിങ് ദിവസങ്ങളിലും എല്ലാം ഇത്തരം സന്ദര്‍ഭങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ അഭിനയ രംഗത്ത് സജീവമാണ് ശ്രുതി ഹാസൻ. തമിഴിന് പുറമെ തെലുഗു ഉൾപ്പെടെയുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. പ്രഭാസ് നായകനായി പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ സലാറിൽ ഉൾപ്പെടെ ശ്രുതി ഹാസൻ പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.












Click it and Unblock the Notifications