'മോനിഷയ്ക്ക് നാഷണൽ അവാർഡോ, എന്തിന്?'; ആ പ്രമുഖ നടിയുടെ കമന്റ് വല്ലാതെ വേദനിപ്പിച്ചെന്ന് ശ്രീദേവി ഉണ്ണി
മോനിഷയ്ക്ക് ദേശീയ അവാർഡ് കിട്ടിയ സമയത്ത് മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ കമന്റ് വേദനിപ്പിച്ചുവെന്ന് അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി. മോനിഷ ഈ അവാർഡിന് അർഹയല്ലെന്ന് ഒരു സീനിയർ നടി പറഞ്ഞുവെന്നാണ് ഇപ്പോൾ ശ്രീദേവി ഉണ്ണി വെളിപ്പെടുത്തുന്നത്. മൈൽ സ്‌റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ.
നാഷണൽ അവാർഡ് കിട്ടിയപ്പോൾ ആരോ എന്തോ കമന്റ് ചെയ്‌തു. മോനിഷയ്ക്ക് നാഷണൽ അവാർഡോ, എന്ന് പറഞ്ഞു. ഞാൻ പേര് പറയുന്നില്ല. വളരെ സീനിയർ ആയിട്ടുള്ള അഭിനേത്രി ആയിരുന്നു. മലയാളം പത്രത്തിലാണ് ഈ അഭിപ്രായം വന്നത്. മോനിഷ ആരാണ്, മോനിഷയ്ക്ക് എന്താണ് ഇതിന് മാത്രം നാഷണൽഅവാർഡ് കിട്ടാൻ' ശ്രീദേവി ഉണ്ണി പറഞ്ഞു.

'അവർക്ക് കിട്ടിയിട്ടില്ല അത്. വളരെ മുൻപ് ഉള്ള അഭിനേത്രിയാണ്. ഇപ്പോഴും അവരുണ്ട്. അതെനിക്കും മകനൊക്കെ ഇപ്പോഴും മനസിൽ വലിയ വേദനയാണ്, അവരുടെ ആ കമന്റ്. അപ്പോൾ അത് കഴിഞ്ഞപ്പോൾ മോള് ചിരിക്കുകയാണ്. ഞാൻ ചോദിച്ചു എന്താണ് നീ ചിരിക്കുന്നതെന്ന്. അതൊക്കെ വിധിയാണ് അമ്മ. അത് നിങ്ങൾക്ക് ഉള്ളതാണെങ്കിൽ നിങ്ങൾക്ക് തന്നെ കിട്ടും, അത്രേയുള്ളൂ. നമുക്ക് അർഹിക്കുന്നത് നമുക്ക് കിട്ടും' ശ്രീദേവി ഉണ്ണി പറയുന്നു.
'എവിടുന്നാണ് ഇതൊക്കെ വരുന്നത് എന്ന് എനിക്കറിയില്ല. കൂടുതലും അവൾ ഇംഗ്ലീഷിൽ ആയിരുന്നു പറയാറുള്ളത്. ലൈഫ് ഈ വൺസ് എന്നൊക്കെ പെട്ടെന്ന് പറയും. എന്നോട് പോവുന്നതിന്റെ തലേന്ന് പറഞ്ഞിട്ടുള്ളതാണ് അത്, ലൈഫ് ഈസ് വൺസ് എന്ന്. യു ഈറ്റ്, യൂ ഡ്രിങ്ക്, യൂ എൻജോയ് യുവർ ലൈഫ്. ആരെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കരുത്' അവർ പറഞ്ഞു.
'അറിയാതെ പോലും ഉപദ്രവിച്ചുപോയാൽ അത് മറന്നേക്കൂ. അല്ലെങ്കിൽ കുറ്റബോധം കൊണ്ട് നമുക്ക് പിന്നെയും ജീവിക്കാൻ കഴിയില്ല. അപ്പൊ ഞാൻ ചോദിച്ചു, ശിവനാണോ ഈ പറഞ്ഞു തരുന്നതെന്ന്. ഇതാണോ ജീവിതത്തിന്റെ ഫിലോസഫി എന്നൊക്കെ പറഞ്ഞു ഞാൻ കളിയാക്കി. യൂ ഡോണ്ട് നോ ഹൂ ഐ ആം, ഐ ആം മോനിഷ എന്നായിരുന്നു അപ്പോഴത്തെ മറുപടി' ശ്രീദേവി ഉണ്ണി കൂട്ടിച്ചേർത്തു.
നക്ഷക്ഷതങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ മലയാളത്തിലെ ശ്രദ്ധേയമായ താരങ്ങളിൽ ഒരാളായിരുന്നു മോനിഷ. പതിനാറാം വയസിൽ ആയിരുന്നു ദേശീയ അവാർഡ് താരം സ്വന്തമാക്കിയത്. കേവലം ആറ് വർഷം നീണ്ടുനിന്ന കരിയറിൽ എംടി വാസുദേവൻ നായർ, ഹരിഹരൻ, പ്രിയദർശൻ, സിബി മലയിൽ, അജയൻ, കമൽ എന്നിങ്ങനെ വലിയ പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിച്ച നടിയായിരുന്നു മോനിഷ.
ഒടുവിൽ 1992ൽ ഡിസംബറിൽ നടന്ന ഒരു വാഹനാപകടത്തിൽ പരിക്കേറ്റാണ് മോനിഷ മരണമടഞ്ഞത്. ചേർത്തലയിൽ വച്ച് നടന്ന അപകടത്തിൽ മോനിഷ തൽക്ഷണം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി കാറിൽ നിന്ന് തെറിച്ചു വീണതോടെയാണ് രക്ഷപ്പെട്ടത്. മോനിഷയ്ക്ക് ഒപ്പം വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു.












Click it and Unblock the Notifications